port

കോട്ടയം: കോട്ടയം പോർട്ടിൽ നിന്ന് വിദേശപോർട്ടുകളിലേക്കുള്ള ചരക്കുനീക്കത്തിനായി കാത്തിരിക്കുകയാണ് വ്യവസായികളും സുഗന്ധവ്യജ്ഞന വ്യാപാരികളും. ഏതാനും മാസങ്ങൾക്കുള്ളിൽ ഇതിനുള്ള അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണിവർ. ജലമാർഗമുള്ള ആഭ്യന്തര ചരക്കുനീക്കം ഫെബ്രുവരി 16ന് ആരംഭിക്കും. കോട്ടയം പോർട്ട് വികസനത്തിന് മുൻതൂക്കം നൽകുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനുപിറകെയാണ് ആഭ്യന്തര ചരക്കുനീക്കത്തിന് പച്ചക്കൊടി ലഭിച്ചത്. പോർട്ട് അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിവരികയാണ്.

കോട്ടയം പോർട്ടിലെ വിവിധ ഇടപാടുകളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ പോർട്ടിന്റെ വികസനത്തിന് വിലങ്ങുതടിയായിരുന്നു. പോർട്ടിൽ ഫോർക്ക് ലിഫ്ട് വാടകയ്ക്ക് എടുത്തതിലും ബാർജ് വാടകയ്ക്ക് കൊടുത്തതിലും ട്രക്ക് വിൽപ്പനയിലും ക്രമക്കേട് നടന്നതായിട്ടാണ് ആരോപണമുണ്ടായത്. ഇതുസംബന്ധിച്ച് വിജിലൻസ് ഡിവൈ.എസ്.പി അന്വേഷണം നടത്തി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ റിപ്പോർട്ട് പൂർണമായി തള്ളിക്കൊണ്ട് കോടതി ഉത്തരവായി. കുറ്റക്കാരെ രക്ഷപ്പെടുത്താനായി അന്വേഷണ ഉദ്യോഗസ്ഥൻ തെറ്റായ വിവരങ്ങളാണ് സമർപ്പിച്ചിരിക്കുന്നതെന്ന പരാതിക്കാരന്റെ വാദം കോട്ടയം വിജിലൻസ് കോടതി ജഡ്ജ് കെ.ജി. സനൽകുമാർ അംഗീകരിക്കുകയായിരുന്നു. കോട്ടയം പോർട്ട് ആൻഡ് കണ്ടെയ്‌നർ ടെർമിനൽ സ്വകാര്യ കമ്പനി ആണെന്നും അതുകൊണ്ട് പ്രതികൾ അഴിമതി വിരുദ്ധനിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമുള്ള ഡിവൈ.എസ്.പി യുടെ കണ്ടെത്തലിനെ കോടതി നിശിതമായി വിമർശിച്ചിരുന്നു. സർക്കാരിന്റെ ഒാഹരി പങ്കാളിത്തം ഉള്ളതിനാൽ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്ന് കോടതി നിരീക്ഷിച്ചു. പോർട്ടിൽ സംസ്ഥാന സംരംഭമായ കിൻഫ്രയ്ക്ക് 49 ശതമാനം ഓഹരിയുണ്ടെന്നും വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബോർഡ് ചെയർമാനാണെന്നും കോടതി വിലയിരുത്തി. കൂടാതെ കേന്ദ്ര വാണിജ്യമന്ത്രാലയത്തിൽ നിന്ന് 1.88 കോടിരൂപ സഹായം ലഭിച്ചുവെന്നും കിൻഫ്രയിൽ നിന്ന് ദീർഘകാല വായ്പയായി 5.52 കോടി രൂപയും വാങ്ങിയതായും കോടതി കണ്ടെത്തി. ഇതോടെയാണ് വിജിലൻസ് ഡിവൈ.എസ്.പിയുടെ വാദം കോടതി അപ്പാടെ തള്ളിയത്. പ്രതിമാസം 20,000രൂപ നിരക്കിൽ കിട്ടുന്ന ഫോർക്ക് ലിഫ്ട് 60,000 രൂപയ്ക്ക് ബിനാമി കമ്പനിയിൽ നിന്ന് വാടകയ്ക്കെടുത്തുവെന്നായിരുന്നു പ്രധാന ആരോപണം. കൂടാതെ 40 മീറ്റർ നീളമുള്ള ട്രെയിലർ ട്രക്ക് ക്വട്ടേഷൻ വിളിക്കാതെ കുറഞ്ഞ നിരക്കായ 15,35,000 രൂപയ്ക്ക് വിൽപ്പന നടത്തിയതായും കെ.എം.എം.എല്ലിന് മുമ്പ് 8 ലക്ഷം രൂപ മാസവാടകക്ക് നൽകിയിരുന്ന ബാർജ് സ്വകാര്യകമ്പനിക്ക് 4 ലക്ഷത്തിന് നൽകിയെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു.