covid

# ഇന്ത്യയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഒരുവർഷം തികയുന്ന വേളയിലും ആശങ്കകൾ ഒഴിയാതെ കേരളം

കോട്ടയം: കൊവിഡ് രോഗികളുടെ എണ്ണം ആശങ്കാജനകമായി വർദ്ധിക്കുമ്പോൾ, സംസ്ഥാനം അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്ന് സംസ്ഥാന ആസൂത്രണ ബോർഡംഗവും കൊവിഡ് വിദഗ്ദ്ധസമിതി ചെയർമാനുമായ ഡോ.ബി. ഇക്ബാൽ. ഫെബ്രുവരിയാണ് നിർണായക മാസം. മാതൃകാപരമായ മുൻകരുതലുകൾ സ്വീകരിച്ച് രാജ്യാന്തര പ്രശസ്തി നേടിയ നാം, ഇപ്പോൾ കടുത്ത ആശങ്കയിലാണെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.

രാജ്യത്തെ കേസുകളിൽ 40 ശതമാനത്തിലേറെയും കേരളത്തിലാണെന്നത് ആശങ്കാജനകമാണ്. ആൾക്കൂട്ടങ്ങളാണ് അതിവ്യാപന സാദ്ധ്യത വർദ്ധിപ്പിക്കുന്നത്. പല പാശ്ചാത്യ രാജ്യങ്ങളും വീണ്ടും ലോക്ക്ഡൗണിലേക്ക് പോകുന്നു. കേരളത്തിൽ കൊവിഡ് മരണ നിരക്ക് ദേശീയ ശരാശരിയെക്കാൾ താഴ്ന്നതിന് കാരണം ആരോഗ്യമേഖലയിലെ സവിശേഷമായ ഇടപെടലുകളാണ്. രാജ്യത്ത് ശരാശരി മരണനിരക്ക് 2.1 ശതമാനമാണെങ്കിൽ, കേരളത്തിൽ അത് 0.42 ശതമാനമാണ്.

ആൾക്കൂട്ടം വേണ്ട

ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക എന്നതാണ് പ്രധാനം. കൊവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിച്ചാൽ അതിവ്യാപനം ഒഴിവാക്കാം. യോഗസ്ഥലത്തേക്ക് വരുമ്പോഴും പോവുമ്പോഴും ആഹാരപാനീയങ്ങൾ കഴിക്കുമ്പോഴും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. മരണനിരക്ക് കുറഞ്ഞതും വാക്‌സിൻ വിതരണം ആരംഭിച്ചതും രോഗികളിൽലക്ഷണം പ്രകടമാകാത്തതും ജനങ്ങളിൽ ഉദാസീനത സൃഷ്ടിച്ചിട്ടുണ്ട്.

സർക്കാർ

ചെയ്യേണ്ടത്

 സംഘംചേരലിന് സർക്കാരിന്റെ മുൻകൂർ അനുമതി
 സംഘം ചേരലിൽ കൊവിഡ് മാനദണ്ഡം ഉറപ്പാക്കാൻ ജനമൈത്രി പൊലീസിനെ വിനിയോഗിക്കുക.
 തദ്ദേശ ജനപ്രതിനിധികൾക്ക് 'കില' കൊവിഡ് നിയന്ത്രണ പരിശീലനം നൽകുക. വാർഡ് തല റാപ്പിഡ് റെസ്‌പോൺസ് ടീം പുതിയ ജനപ്രതിനിധികളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കുക.

പൊതുസമൂഹം

ഓർക്കുക

 വാക്‌സിൻ എല്ലാവരിലേക്കുമെത്താൻ ഒരു വർഷമെങ്കിലും വേണം
 കൊവിഡ് മുക്തർക്കും പോസ്റ്റ് കൊവിഡ് സിൻഡ്രോം രോഗാതുരതയ്ക്ക് സാദ്ധ്യത.
 കഴിവതും സംഘം ചേരാതിരിക്കുക.