1987ലെ തിരഞ്ഞെടുപ്പിൽ ഇ.കെ. നായനാരുടെ നേതൃത്വത്തിൽ ഇടതു മുന്നണി വീണ്ടും അധികാരത്തിലെത്തി . ബദൽരേഖാ വിവാദത്തോടെ സി.പി.എമ്മിൽ നിന്നു പുറത്തായ എം.വി രാഘവൻ സി.എം.പി രൂപീകരിച്ച് കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മുന്നണിയിലെത്തി .

തിരഞ്ഞെടുപ്പിൽ 77 സീറ്റാണ് ഇടതു മുന്നണിക്ക് ലഭിച്ചത്. സി.പി.എം – 38, സി.പി.എം സ്വതന്ത്രർ– 4, സി.പി.ഐ– 16, കോൺഗ്രസ് എസ്– 6, ജനതാ പാർട്ടി– 7, ആർ.എസ്.പി– 5, ലോക്ദൾ – 1. എന്നിങ്ങനെയായിരുന്നു ഇടതു കക്ഷികളുടെ സീറ്റ് നില. ഐക്യജനാധിപത്യമുന്നണിക്ക്‌ 61 സീറ്റ് ലഭിച്ചു. കോൺഗ്രസ് (ഐ)– 33, മുസ്ളിംലീഗ്– 15, കേരള കോൺഗ്രസ് (ജെ)– 5, കേരള കോൺഗ്രസ് (എം) – 4, എൻ.ഡി.പി – 1, സ്വതന്ത്രർ– 2 എന്നതായിരുന്നു യു.ഡി.എഫ് കക്ഷി നില. 115 സീറ്റിൽ മത്സരിച്ച ബി.ജെ.പിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല,

കേരളത്തിൽ സമ്പൂർണ സാക്ഷരതായജ്ഞം ഉൾപ്പെടെ നിരവധി പദ്ധതികൾ നടപ്പാക്കാൻ നായനാർ സർക്കാരിനു സാധിച്ചു. മന്ത്രിസഭയ്ക്ക് ഒരു വർഷം കൂടി കാലവധി ബാക്കി നിൽക്കെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് കൂടി നടത്താൻ നായനാർ സർക്കാർ നിയമസഭ പിരിച്ചുവിട്ടു. 1991ൽ ലോക്‌‌സഭാ തിരഞ്ഞെടുപ്പും നിയസഭാ തിരഞ്ഞെടുപ്പും ഒന്നിച്ചു നടന്നു. പ്രചാരണത്തിനിടെ ശ്രീപെരുമ്പതൂരിലുണ്ടായ സ്ഫോടനത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ട സഹതതാപ തരംഗത്തിൽ കോൺഗ്രസിനാണ് ഭരണം ലഭിച്ചത്. മന്ത്രിസഭയ്ക്ക് ഒരു കൊല്ലം ബാക്കി ഉണ്ടായിട്ടു പിരിച്ചു വിട്ടത് ഇടതുപക്ഷത്തിനു തിരിച്ചടിയായി .

യു.ഡി.എഫിൽ കോൺഗ്രസ്‌ - 56 , മുസ്ലീം ലീഗ് - 19, കേരള കോൺഗ്രസ്‌ (എം)- 10, സി. എം പി - 1, കേരള കോൺഗ്രസ്‌ (ബി)- 2 എന്നിങ്ങനെ സീറ്റ് ലഭിച്ചപ്പോൾ ഇടതുപക്ഷത്ത് സി.പി.എം - 29, സി.പി.ഐ - 12, ജനതാദൾ- 2, ആർ.എസ്.പി - 2 എന്നതായിരുന്നു കക്ഷി നില. കെ.കരുണാകരന്റെ നേതൃത്വത്തിൽ യു.ഡി.എഫ് മന്ത്രിസഭ വീണ്ടും അധികാരത്തിൽ വന്നെങ്കിലും ചാരക്കേസിനെ തുടർന്നുള്ള വിവാദങ്ങളിൽ ആടിയുലഞ്ഞ് കരുണാകരൻ സർക്കാർ കാലാവധി പൂർത്തിയാക്കും മുമ്പേ രാജിവച്ചതോടെ എ.കെ. ആന്റണി മന്ത്രിസഭ അധികാരത്തിൽ എത്തി. രാജ്യസഭാ അംഗത്വം രാജിവച്ച് തിരൂരങ്ങാടി മണ്ഡലത്തിൽ മത്സരിച്ചു ജയിച്ചാണ് ആന്റണി മുഖ്യമന്ത്രിയായത്. .