kidney

കോട്ടയം: വൃക്കരോഗികൾക്ക് പുതിയ പ്രതീക്ഷ നൽകി കാരുണ്യ മോഡൽ ചികിത്സാ സഹായ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. കൊവിഡിന്റെ പശ്‌ചാത്തലത്തിൽ തങ്ങൾ നേരിടുന്ന ദുരിതം ചൂണ്ടിക്കാട്ടി പ്രതീക്ഷ ഓർഗൻ റെസീപ്യൻസ് ഫാമിലി അസോസിയേഷൻ (ഫോർഫാ) കഴിഞ്ഞ ദിവസം ജില്ലാ കളക്‌ടർക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്ത് കാരുണ്യ മാതൃകയിൽ പദ്ധതി തയ്യാറാക്കുന്നത്. ഇവരുടെ ദുരിതം സംബന്ധിച്ചു ഇന്നലെ കേരള കൗമുദി റിപ്പോർട്ട് ചെയ്‌തിരുന്നു.

അവയവ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്കും വൃക്കരോഗികൾ അടക്കമുള്ളവർക്കും മരുന്നും ഡയാലിസിസ് കിറ്റും സൗജന്യമായി നൽകുന്ന പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്. കാരുണ്യ മാതൃകയിൽ ജില്ലയിൽ ട്രസ്റ്റ് രൂപീകരിക്കും. ഇതിലേയ്ക്ക് സർക്കാരിന്റെ ഫണ്ട് കണ്ടെത്തും. സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായവും സ്വീകരിക്കും.

കാരുണ്യം അർഹിക്കുന്നു

വൃക്ക രോഗികളും അവയവം മാറ്റി വച്ചവരും അക്ഷരാർത്ഥത്തിൽ സർക്കാരിന്റെ കാരുണ്യം അർഹിക്കുന്നുണ്ട്. ഇവരിൽ പലരുടെയും ജീവിതം ദുരിതത്തിലാണ്. സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹായം എത്തിക്കണം.

- അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്