ev

കോട്ടയം: ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറങ്ങിയതോടെ ജില്ലയിൽ ചാർജിംഗ് സ്റ്റേഷനുകൾക്കും സ്ഥലം കണ്ടെത്തി. കോട്ടയം നഗരത്തിൽ മൂന്നിടങ്ങളിൽ ചാർജിംഗ് സ്റ്റേഷൻ തുടങ്ങാനുള്ള അനെർട്ട് പദ്ധതി പുരോഗമിക്കുകയാണ് . കെ.എസ്.ഇ.ബിയുടെ സ്ഥലത്താണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നത്.

കോട്ടയം സർക്കിളിൽ ഒരു മേജർ സ്റ്റേഷനും രണ്ട് മൈനർ സ്റ്റേഷനുകളുമാണ് തുടക്കത്തിൽ ആരംഭിക്കുന്നത്. മാർച്ചിൽ പ്രവർത്തനം തുടങ്ങും. ഭാരവാഹനങ്ങൾക്ത് ചാർജ് ചെയ്യാനുള്ള സംവിധാനം ആദ്യഘട്ടത്തിലിലില്ല. കാറുകൾ, ഓട്ടോറിക്ഷകൾ തുടങ്ങിയവയ്ക്ക് ചാർജ് ചെയ്യാം.

സ്ഥലങ്ങൾ

ഈസ്റ്റ് സെക്‌ഷന്റെ കീഴിൽ കോട്ടയം ശാസ്ത്രി റോഡരികിലാണ് മേജർ ചാർജിംഗ് സ്റ്റേഷൻ, പള്ളം, ഗാന്ധി നഗർ എന്നിവിടങ്ങളിൽ മൈനർ സ്റ്റേഷനും സ്ഥാപിക്കും. 3 മുതൽ 5 സെന്റ് സ്ഥലം വരെയാണ് ഉപയോഗിക്കുന്നത്. ഉപകരണങ്ങളടക്കം അനെർട്ടാണ് സ്ഥാപിക്കുക. അറ്റകുറ്റപ്പണികളും അനെർട്ട് ചെയ്യും. ഭാവിയിൽ ഔദ്യോഗിക വാഹനങ്ങളടക്കം വൈദ്യുത വാഹനങ്ങളാകുമ്പോൾ ഏറെ ഉപകാരപ്പെടുമെന്നാണ് അധികൃതർ പറയുന്നത്. ഫീസ് ഉൾപ്പടെയുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും.

 ചാർജിംഗ് സ്റ്റേഷനുകളിലെ മെച്ചം

വീടുകളിൽനിന്നും മറ്റും വാഹനം പൂർണമായി ചാർജ് ചെയ്യാൻ 8 മണിക്കൂർ വരെ എടുക്കുമെങ്കിൽ അനെർട്ടിന്റെ സ്റ്റേഷനുകളിൽനിന്ന് ഒന്നര മണിക്കൂർ മതി. വിവിധയിടങ്ങളിൽ ഇത്തരം സ്റ്റേഷനുകൾ വന്നാൽ ചാർജ് തീരുമോയെന്ന പേടി കൂടാതെ യാത്ര ചെയ്യാം. വില കൂടുതലാണെങ്കിലും ഇലക്ട്രിക് വാഹനങ്ങൾക്ക് സ്വീകാര്യതയേറെയുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതരും പറയുന്നു. പെട്രോൾ, ഡീസൽ വിലവർദ്ധനയാണ് ആളുകളെ ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക് ആകർഷിക്കുന്ന പ്രധാന ഘടകം.