കോട്ടയം: കോട്ടയത്തെ ഓൾ ഇന്ത്യ ഡിസ്റ്റന്റ് എഡ്യുക്കേഷൻ (എയ്ഡ് ഇൻസ്റ്റിറ്റ്യൂഷൻ) വഴി മധുര കാമരാജ് സർവകലാശാലയുടെ ഉന്നത ബിരുദം നേടിയവർ സർട്ടിഫിക്കറ്റ് പരിശോധിക്കുന്നത് നന്നായിരിക്കും. അതു വ്യാജനാകാമെന്നാണ് പൊലീസ് പറയുന്നത്. പഠിതാക്കളിൽ നിന്ന് പണം തട്ടിയ കേസിൽ ഈ സ്ഥാപനത്തിന്റെ 'മാനേജിംഗ് ഡയറക്ടർ'മാർ അറസ്റ്റിലായതോടെയാണ് പൊലീസിന്റെ ഈ മുന്നറിയിപ്പ്. മലപ്പുറം കോട്ടൂർ മങ്ങാട്ടുപുലം പുവല്ലൂർ ഷഷീഫ് (32), വെസ്റ്റ് കോട്ടൂർ പിച്ചൻ കുന്നശേരി വീട്ടിൽ അബ്ദുൾ ആഷിഫ് (32) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്.
കോട്ടയം സ്റ്റാർ ജംഗ്ഷനിൽ ഓൾ ഇന്ത്യ ഡിസ്റ്റന്റ് എഡ്യുക്കേഷൻ എന്ന സ്ഥാപനം നടത്തുകയായിരുന്നു പ്രതികൾ. തമിഴ്‌നാട്ടിലെ മധുര കാമരാജ് സർവകലാശാല അടക്കം വിവിധ സർവകലാശാലകളുടെ ഡിഗ്രി കോഴ്‌സുകൾ ഹ്രസ്വകാലയളവിൽ പാസാക്കി സർട്ടിഫിക്കറ്റുകൾ നൽകുമെന്നു പറഞ്ഞാണ് ഇവർ വിദ്യാർത്ഥികളെ ആകർഷിച്ചിരുന്നത്. പരസ്യം കണ്ട് എത്തിയ കൊല്ലം സ്വദേശിയിൽ നിന്ന് 33000 രൂപ ഫീസായി വാങ്ങിയ ശേഷം മധുര കാമരാജ് സർവകലാശാലയിൽ രജിസ്റ്റർ ചെയ്ത മറ്റൊരു വിദ്യാർത്ഥിയുടെ ഹാൾ ടിക്കറ്റ് നമ്പർ നൽകി തട്ടിപ്പ് നടത്തുകയായിരുന്നു. ഇരയായ വിദ്യാർത്ഥി അന്വേഷിച്ചപ്പോൾ സർവകലാശാലയിൽ പേര് രജിസ്റ്റർ ചെയ്തിട്ടില്ലെന്നു വ്യക്തമായി. തുടർന്ന് വെസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതോടെ മുങ്ങിയ പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും പൊലീസിൽ ഹാജരായി ജാമ്യമെടുക്കാനാണ് കോടതി നിർദേശിച്ചത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്‌റ്റേഷനിലെത്തി കീഴടങ്ങിയ പ്രതികളെ വെസ്റ്റ് എസ്.ഐ ടി.ആർ ശ്രീജിത്ത്, എസ്.ഐ കുര്യൻ മാത്യു, സീനിയർ സിവിൽ പൊലീസ് ഓഫീസർ സാബു സണ്ണി എന്നിവർ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
സംസ്ഥാനത്തെമ്പാടും ശാഖകളുള്ള ഈ സ്ഥാപനത്തിന്റെ വ്യാജ സർട്ടിഫിക്കറ്റുകൾ പലർക്കും ലഭിച്ചിട്ടുണ്ടെന്നു സംശയിക്കുന്നതായി വെസ്റ്റ് പൊലീസ് പറഞ്ഞു. ഈ സ്ഥാപനത്തിൽ പഠിച്ചവർ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്കു വിധേയമാക്കണമെന്നാണ് നിർദേശം.