കോട്ടയം : അപസ്മാര രോഗി സ്വകാര്യ ബസിനടിയിലേയ്‌ക്ക് കുഴഞ്ഞു വീണു മരിച്ച കോട്ടയം മാർക്കറ്റ് അപകടമേഖലയായിട്ടും അധികൃതർ നിസംഗത പുലർത്തുന്നു. റോഡുകൾ കൈയേറിയ കച്ചവടക്കാരും, അനധികൃത പാർക്കിഗും, ബസുകളുടെ വരവും , കാൽനടയാത്രക്കാരും കൂടിയാകുമ്പോൾ എങ്ങനെ അപകടം നടക്കാതിരിക്കും. മാർക്കറ്റിനുള്ളിലൂടെയാണ് ചങ്ങനാശേരി ഭാഗത്തേയ്ക്കുള്ള സ്വകാര്യ ബസുകൾ കടന്നു പോകുന്നത്. ഒരു ദിവസം നൂറിലേറെ ബസുകളാണ് ഇതുവഴി കടന്നു പോകുന്നത്. ജില്ലയിലെ തന്നെ ഏറ്റവും തിരക്കേറിയ കോട്ടയം മാർക്കറ്റിന്റെ മദ്ധ്യഭാഗത്തു കൂടി സ്വകാര്യ ബസുകൾ കടന്നു പോകുന്നത് അപകട സാദ്ധ്യത ഇരട്ടിയാക്കുന്നതായി നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. എന്നാൽ ഗതാഗത പരിഷ്‌കാരം പത്തു വർഷത്തിലേറെയായി മാറ്റമില്ലാതെ തുടരുകയാണ്.
ജീവനെടുക്കുന്ന പരീക്ഷണം
സെൻട്രൽ ജംഗ്ഷനിലും ടി.ബി റോഡിലും തിരുനക്കരയിലും മതിയായ വീതിയില്ലാതിരുന്ന സാഹചര്യത്തിലാണ് സ്വകാര്യ ബസുകൾ മാർക്കറ്റിനുള്ളിലൂടെ കയറ്റി വിട്ടുള്ള പരീക്ഷണം ആരംഭിച്ചത്. തിരുവഞ്ചൂർ രാധാകൃഷ‌്ണൻ എം.എൽ.എ ഇടപെട്ട് റോഡ് വീതി കൂട്ടിയിട്ടും പരിഷ്‌കാരം തിരുത്താൻ അധികൃതർ തയ്യാറായില്ല.
കൈയേറ്റം, കുരുക്ക്
ചന്തക്കടവ് മുതൽ കോഴിച്ചന്ത വരെയുള്ള ഭാഗത്ത് അനധികൃത കൈയേറ്റം വ്യാപകമാണ്. ഇതിന് മറികടന്നു വേണം സ്വകാര്യ ബസുകൾ കോഴിച്ചന്ത റോഡിലേയ്‌ക്ക് പ്രവേശിക്കാൻ. ഇത് കൂടാതെയാണ് എം.എൽ റോഡിലും, കോഴിച്ചന്ത റോഡിലുമുള്ള അനധികൃത പാർക്കിംഗും.