പാലാ : കേരളത്തിന്റെ സമഗ്ര വികസനത്തിന് കേരള കോൺഗ്രസ് (എം) 2030ൽ ലക്ഷ്യമിടുന്ന വികസന പദ്ധതികളിലേക്കും പ്രകടന പത്രികയിലേക്കും നിർദ്ദേശങ്ങൾ ക്ഷണിച്ച് നിഷാ ജോസ് കെ. മാണി. രംഗത്ത്. കെ.എം.മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസർച്ചിന്റെ ചെയർപേഴ്‌സൺ എന്ന നിലയിലാണ് ജനകീയ വികസന പദ്ധതികൾക്ക് നിർദ്ദേശങ്ങൾ ക്ഷണിച്ചിരിക്കുന്നത്. ഇതിനായി സ്‌കൂൾ വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരവും, പൊതുജനങ്ങൾക്കായി ഉപന്യാസ രചനാ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. അന്തർദേശീയ പ്രബന്ധ അവതരണ മത്സരവുമുണ്ട്. ''അദ്ധ്വാനവർഗ്ഗത്തിന്റെ ജീവിതത്തിൽ കൊവിഡ് ഉണ്ടാക്കിയ സ്വാധീനം'' എന്നതാണ് വിഷയം. ഫെബ്രുവരി 27 ന് ഓൺലൈനായാണ് മത്സരം. പ്രബന്ധാവതരണ മത്സരത്തിന് അദ്ധ്യാപകർ, ഗവേഷണ വിദ്യാർത്ഥികൾ, ഡിഗ്രി, പി.ജി വിദ്യാർത്ഥികൾ എന്നിവർക്ക് പങ്കെടുക്കാം. മലയാളത്തിലും ഇംഗ്ലീഷിലും അവതരിപ്പിക്കാം. രജിസ്‌ട്രേഷൻ സൗജന്യമാണ്. മികച്ച അവതരണത്തിന് 10000 രൂപയും എവർറോളിംഗ് ട്രോഫിയും രണ്ടാംസ്ഥാനത്തിന് 7500 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും സമ്മാനമായി നൽകും. വിദേശത്തുള്ളവർക്ക് വീഡിയോ കോൺഫറൻസിലൂടെ അവതരണം നടത്താം. കേരളത്തിന്റെ വികസനത്തിന് ഒരു മാസ്റ്റർ പ്ലാൻ മിഷൻ 2030 എന്ന വിഷയത്തിലാണ് ഉപന്യാസ രചനാ മത്സരം. മികച്ച ഉപന്യാസത്തിന് യഥാക്രമം 3000, 2000 കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. 'കേരളസംസ്ഥാനത്തിന് കെ.എം. മാണിയുടെ സംഭാവനകൾ' എന്ന വിഷയത്തിലാണ് പ്രസംഗമത്സരം. എട്ടു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് പങ്കെടുക്കാം. അഞ്ചുമിനിറ്റിൽ താഴെവരുന്ന പ്രസംഗവീഡിയോ തയ്യാറാക്കി മത്സരാർത്ഥിയുടെ പേരും വിലാസവും ഫോൺനമ്പരും സ്‌കൂളിന്റെ പേരും ഉൾപ്പെടെ ഫെബ്രുവരി 14 ന് മുമ്പായി kmmanicbr @gmail.com എന്ന വിലാസത്തിൽ അയച്ചുകൊടുക്കണം. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ മത്സരിക്കാം. ഫോൺ 9895698364.