പാലാ : കെ.എം. മാണിയുടെ പരിലാളനയിൽ തലയുയർത്തി നിൽക്കുന്ന പാലാ നഗരം ഇന്നൊരിക്കൽക്കൂടി തന്റെ പ്രിയനേതാവിന് സ്മരണാഞ്ജലി അർപ്പിക്കും. മാണിയുടെ 88ാം ജന്മദിനമായ ഇന്ന് വൈകിട്ട് 4 മുതൽ മാണിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയുണ്ട്. കെ.എം. മാണി ഫൗണ്ടേഷൻ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച ഹൃദയത്തിൽ മാണിസാർ എന്ന പരിപാടിയുടെ സമാപനമാണ് ഇന്ന് വൈകിട്ട് പാലാ ജനറൽ ആശുപത്രിക്ക് സമീപമുള്ള മുനിസിപ്പൽ പാർക്കിലെ ഓപ്പൺ സ്റ്റേജിൽ നടക്കുന്നത്. പ്രാർത്ഥനാ ഗാനാലാപനവും കെ.എം. മാണിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ഡോക്യുമെന്ററിയുടെ പ്രകാശനവുമുണ്ട്. വൈകിട്ട് 5 ന് നടക്കുന്ന കെ.എം.മാണി സ്മൃതിസംഗമ സമാപന യോഗത്തിൽ മന്ത്രി എം.എം. മണി, ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ, മാണി സി. കാപ്പൻ എം.എൽ.എ, ജോസ് കെ. മാണി, ഡോ. സാബു തോമസ്, സി.പി. ചന്ദ്രൻ നായർ, എം.പി ശ്രീകുമാർ, മുഹമ്മദ് നസീർ മൗലവി തുടങ്ങിയവർ കെ.എം. മാണിയെ അനുസ്മരിക്കും.