pump-house
പള്ളിക്കവല പമ്പ്ഹൗസ് പൂട്ടിയ നിലയില്‍.

കട്ടപ്പന: പള്ളിക്കവലയിലെ ജല അതോറിട്ടിയുടെ പമ്പ് ഹൗസിന് പൂട്ടുവീണിട്ട് നാല് മാസം പിന്നിടുന്നു. ഇവിടത്തെ മോട്ടോർ ടൗൺ കുടിവെള്ള പദ്ധതിയുടെ ഗുരുമന്ദിരം റോഡിലുള്ള പമ്പ്ഹൗസിലേക്ക് മാറ്റിയതോടെ പമ്പിംഗ് നിലച്ചിരിക്കുകയാണ്. നിലവിൽ ഗുണഭോക്താക്കളായ മുന്നൂറിലധികം കുടുംബങ്ങൾക്ക് ആഴ്ചകളായി കുടിവെള്ളമില്ല. ജലഅതോറിട്ടിക്ക് കട്ടപ്പന ടൗൺ, പള്ളിക്കവല കുടിവെള്ള പദ്ധതികളാണുള്ളത്. ഗുരുമന്ദിരം റോഡിനു സമീപവും പള്ളിക്കവലയിലും പമ്പ് ഹൗസുകളുമുണ്ട്. 1973ലാണ് പള്ളിക്കവല കുടിവെള്ള പദ്ധതി ആരംഭിച്ചത്. ഗുരുമന്ദിരം റോഡിനുസമീപത്തെ പമ്പ്ഹൗസിലെ മോട്ടോർ തകരാറിലായതോടെ പള്ളിക്കവലയിലെ മോട്ടോർ അഴിച്ചെടുത്ത് ഇവിടെ സ്ഥാപിക്കുകയായിരുന്നു. എന്നാൽ മോട്ടോറിന്റെ തകരാർ പരിഹരിച്ച് സ്ഥാപിക്കാൻ അധികൃതർ തയ്യാറായില്ല. ഇതോടെ പള്ളിക്കവലയിൽ നിന്നുള്ള പമ്പിംഗ് നിലയ്ക്കുകയും നാല് മാസമായി പമ്പ്ഹൗസ് അടഞ്ഞുകിടക്കുകയുമാണ്. കുടിവെള്ള വിതരണം നിലച്ചതോടെ ഗുണഭോക്താക്കൾക്ക് ദുരിതമാണ്. പലർക്കും വില കൊടുത്ത് കുടിവെള്ളം വാങ്ങേണ്ട സ്ഥിതിയായി. ടൗൺ പദ്ധതിയുടെ പമ്പ്ഹൗസിലെ മോട്ടോർ പലപ്പോഴും തകരാറിലാണ്. യഥാസമയം തകരാർ പരിഹരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഒരുവർഷം മുമ്പ് കുഴൽക്കിണർ വറ്റിയപ്പോൾ നഗരസഭ ഫണ്ട് ഉപയോഗിച്ച് പുതിയത് നിർമിച്ചാണ് കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചത്. ഗുണഭോക്താക്കൾ പരാതി നൽകിയിട്ടും മോട്ടോർ തിരികെ സ്ഥാപിച്ച് പള്ളിക്കവലയിലെ പമ്പിംഗ് പുനരാരംഭിക്കാൻ നടപടിയില്ല.


'ഉപരോധിക്കും'

ജല അതോറിട്ടി ഉദ്യോഗസ്ഥർ കെടുകാര്യസ്ഥത അവസാനിപ്പിച്ച് കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ ആഫീസ് ഉപരോധിക്കുമെന്ന് നഗരസഭ കൗൺസിലർ സോണിയ ജെയ്ബി പറഞ്ഞു. കുടിവെള്ള പ്രശ്‌ന പരിഹാരത്തിന് നഗരസഭ എല്ലാവിധ സഹായങ്ങളും നൽകുന്നുണ്ട്. എന്നാൽ ഉദ്യോഗസ്ഥർ അനാസ്ഥ അവസാനിപ്പിക്കണമെന്നും കൗൺസിലർ ആവശ്യപ്പെട്ടു.