മേലുകാവ് : കാഞ്ഞിരം കവലയിൽ നിയന്ത്രണംവിട്ട ടോറസ് ലോറി ഇടിച്ചുകയറി കൊച്ചോലിമാക്കൽ മേഴ്‌സി ജെയിംസിന്റെ വീടിന് ഉണ്ടായ നാശനഷ്ടം പരിഹരിക്കാൻ തീരുമാനമായി. ഭവനത്തിലും തുടർന്ന് മാണി സി കാപ്പൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മേലുകാവുമറ്റം പൊലീസ് സ്റ്റേഷനിലും നടന്ന ചർച്ചയിലാണ് തീരുമാനം. ഇത് സംബന്ധിച്ച ഉടമ്പടി നാളെ രാവിലെ 10 ന് മേലുകാവ് പൊലീസ് സ്റ്റേഷനിൽ നടക്കും. ചർച്ച നടക്കുന്ന സമയം നാട്ടുകാർ തടഞ്ഞിട്ട ടോറസ് ലോറികൾ ഉടമകൾ കൊണ്ടുപോകാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. മാണി സി കാപ്പൻ ടോറസിന്റെ താക്കോൽ ഊരി വാങ്ങി ഈ ശ്രമം തടഞ്ഞു. വീടിന് ഉണ്ടായ നാശനഷ്ടം മേലുകാവ് അസി.എക്‌സിക്യൂട്ടിവ് എൻജിനീയർ, ഇൻഷ്വറൻസ് കമ്പനി ഉദ്യോഗസ്ഥർ എന്നിവർ വിലയിരുത്തും.
ഇൻഷ്വറൻസ് തുകയ്ക്ക് പുറമെ നഷ്ടമുണ്ടായതിന്റെ പൂർണ ഉത്തരവാദിത്തം പാറമട ഉടമ വഹിക്കും.
ഒപ്പം പൂർണമായി തകർന്ന രണ്ട് ബൈക്കുകളുടെയും ഭാഗികമായി തകർന്ന കാറിന്റെയും ഇൻഷ്വറൻസ് തുകയ്ക്ക് പുറമെയുള്ള തുകയും വഹിക്കണം. വീട് പുനർ നിർമ്മിക്കുന്നത് വരെ ചെലവാകുന്ന 3 മാസത്തേയ്ക്ക് വാടക ഇനത്തിൽ 20000 രൂപയും നഷ്ടപരിഹാരമായി നല്കും. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജെ ബെഞ്ചമിൻ തടത്തി പ്ലാക്കൽ, മേലുകാവ് സി.ഐ ഷിബു പാപ്പച്ചൻ, മേലുകാവ് രണ്ടാം വാർഡ് മെമ്പർ പ്രസന്ന സോമൻ, എം.എ സി.എസ് പ്രസിഡന്റ് ജോസഫ് ജേക്കബ് എന്നിവർ മദ്ധ്യസ്ഥ ചർച്ചയ്ക്ക് നേതൃത്വം നല്കി.