അടിമാലി: നിലച്ചുപോയ ജനകീയ ഹോട്ടൽ അടിമാലി പഞ്ചായത്തിൽ വീണ്ടും പ്രവർത്തനമാരംഭിച്ചു. കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് ഭക്ഷണമെത്തിക്കാൻ ലക്ഷ്യമിട്ടായിരുന്നു കുടുംബശ്രീയുടെ സഹകരണത്തോടെ ഓരോ പഞ്ചായത്ത് കേന്ദ്രങ്ങളിലും സർക്കാർ ജനകീയ ഹോട്ടലിന് തുടക്കം കുറിച്ചത്. അടിമാലി ഗ്രാമപഞ്ചായത്തിലും ഹോട്ടലിന്റെ പ്രവർത്തനം ആരംഭിച്ചെങ്കിലും പിന്നീട് നിലച്ചു. ഹോട്ടൽ പുനരാരംഭിക്കണമെന്ന് നിരന്തരം ആവശ്യമുയർന്നതിനെ തുടർന്നാണ് പഞ്ചായത്ത് ടൗൺ ഹാളിനോട് ചേർന്ന് വീണ്ടും ഹോട്ടൽ പ്രവർത്തനമാരംഭിച്ചത്. പഞ്ചായത്തിലെ 11-ാം വാർഡിൽ പ്രവർത്തിക്കുന്ന പുലരി കുടുംബശ്രീ യൂണിറ്റിനാണ് ഹോട്ടലിന്റെ നടത്തിപ്പ് ചുമതല. ഉച്ചയൂണിന് 20 രൂപയും പാഴ്സലായി ചോറ് ലഭിക്കുന്നതിന് 25 രൂപയും നൽകിയാൽ മതിയാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു ഹോട്ടൽ ഉദ്ഘാടനം ചെയ്തു.