കോട്ടയം:സ്വകാര്യ മേഖല തട്ടിയെടുക്കുമെന്നു കരുതിയ വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച്.എൻ.എൽ) കേരളത്തിന് സ്വന്തമായി. സർക്കാർ സ്ഥാപനമായ കിൻഫ്രയ്‌ക്ക് ഫാക്‌ടറി നൽകാൻ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ തീരുമാനിച്ചു. ഇതോടെ വെള്ളൂരിൽ പത്രക്കടലാസ് നിർമ്മാണം പുനരാരംഭിക്കുന്നതിനൊപ്പം ആദ്യത്തെ റബർ പാർക്കും യാഥാർത്യമാവും.
@146 കോടി കെട്ടിവയ്‌ക്കണം
ബാങ്ക് ബാദ്ധ്യതകളും ശമ്പളക്കുടിശികയും തീർത്ത് എച്ച്. എൻ. എൽ ഏറ്റെടുക്കാൻ കിൻഫ്ര 146 കോടി ലോ ട്രൈബൂണലിൽ കെട്ടി വയ്‌ക്കണം. അതോടെ കമ്പനി കേരളത്തിന്റേതാകും. 360 കോടി രൂപയാണ് ലോ ട്രൈബൂണൽ ആദ്യം ആവശ്യപ്പെട്ടത് . കുറഞ്ഞതുക ക്വോട്ട് ചെയ്ത സൺ പേപ്പറിന്റെ ടെൻഡർ തള്ളിയതോടെ കിൻഫ്രയ്‌ക്ക് അവസരം ലഭിച്ചു. സർക്കാർ പൊതു മേഖലാ സ്ഥാപനത്തിനുള്ള പ്രത്യേക ഭരണ സമിതി രൂപീകരിച്ചായിരിക്കും കമ്പനി പ്രവർത്തനം. 250 കോടി രൂപ ഇതിനായി ബഡ്ജറ്റിൽ മാറ്റി വച്ചിട്ടുണ്ട്.
ന്യൂസ് പ്രിന്റ് ഫാക്‌ടറി
@1982ൽ വെള്ളൂരിൽ മൂവാറ്റുപുഴയാറിന്റെ തീരത്ത് സർക്കാർ നൽകിയ ഭൂമിയിൽ തുടക്കം.
@ദിവസം 300 ടൺ പത്രക്കടലാസ് ഉത്പാദിപ്പിച്ചു.
@453 ജീവനക്കാരും 700 കരാർ തൊഴിലാളികളും 300 അപ്രന്റീസുകളും. @കെടുകാര്യസ്ഥതയും കടബാദ്ധ്യതയും കാരണം 2019 ജനുവരി ഒന്നിന് കമ്പനി പൂട്ടി.
@റബർ കമ്പനിക്ക് 1900 കോടി
1900 കോടി മുതൽ മുടക്കിൽ സിയാൽ മാതൃകയിൽ റബർ കമ്പനി ആരംഭിക്കും. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 4.5 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട്. ഡയറക്ടർ ബോർഡ് രൂപീകരിച്ചു.
പതിനഞ്ച് ലക്ഷത്തോളം റബർ കർഷകരാണ് കേരളത്തിലുള്ളത്. വൻകിട ടയർ കമ്പനികൾ റബർ വിപണി നിയന്ത്രിക്കുന്നതിനാൽ മികച്ച വില കിട്ടാതെ പലരും റബർ കൃഷി ഉപേക്ഷിക്കുമ്പോഴാണ് റബർ പാർക്ക് പുതിയ പ്രതീക്ഷയാകുന്നത്.
''എച്ച്. എൻ. എൽ ഉടമസ്ഥാവകാശം കിൻഫ്രക്ക് ലഭിച്ചതോടെ ഭാവിയിൽ വൻ വികസനം നടക്കും. സിയാൽ മോഡൽ കമ്പനി റബർ മേഖലയിലും ഉണർവ്വുണ്ടാക്കും.''
വി.എൻ.വാസവൻ
സി.പി. എം കോട്ടയം ജില്ലാ സെക്രട്ടറി