കോട്ടയം : 1996 ലെ തിരഞ്ഞെടുപ്പിൽ വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും കേരള രാഷ്ട്രീയത്തെ ഞെട്ടിച്ച അട്ടിമറി തോൽവിയായിരുന്നു മാരാരിക്കുളത്ത് വി.എസിനുണ്ടായത്. സുശീല ഗോപാലൻ അടക്കം സീനിയർ നേതാക്കളെ മറികടന്ന് മുഖ്യമന്ത്രി സ്ഥാനം വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന ഇ.കെ.നായനാരെ തേടിയെത്തി. എം.എൽഎ അല്ലാതിരുന്നതിനാൽ നായനാർക്ക് ആറു മാസത്തിനുള്ളിൽ തലശേരി മണ്ഡലത്തിൽ മത്സരിച്ചു ജയിക്കേണ്ടി വന്നു. വിഭാഗീയതയുടെ പേരിൽ കെ.ആർ. ഗൗരിയമ്മയെ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് അവർ ജെ.എസ്.എസ എന്ന പുതിയ പാർട്ടി രൂപികരിച്ച് യു.ഡി.എഫ് മുന്നണിയുടെ ഭാഗമായി.
2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 99 സീറ്റോടെ അധികാരത്തിലെത്തി. ഇടതുപക്ഷത്തിന് ലഭിച്ചത് 40 സീറ്റുകളാണ്. ഏ.കെ.ആന്റണിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നെങ്കിലും കോൺഗ്രസിലെ ഗ്രൂപ്പ് പോര് മൂർദ്ധന്യത്തിലായി. കെ.കരുണാകരന്റെ സമ്മർദ്ദം മൂലം കെ.പി.സി പ്രസിഡന്റായിരുന്ന കെ.മുരളീധരനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. എന്നാൽ വടക്കാക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച മുരളീധരൻ പരാജയപ്പെട്ടതോടെ മന്ത്രിസ്ഥാനം രാജിവച്ചു. 2004ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കനത്ത പരാജയം സംഭവിച്ചതിന് തുടർന്നു ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജി വച്ചു. തുടർന്ന് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി.