കോട്ടയം: ജനക്ഷേമകരമായ നിരവധി പദ്ധതികൾ നടപ്പാക്കിയ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സർക്കാരിന് തുടർഭരണം പ്രതീക്ഷിച്ചെങ്കിലും 2011ൽ യു.ഡി.എഫാണ് അധികാരത്തിലെത്തിയത്.
2011ൽ നടന്ന തിരഞ്ഞെടുപ്പിൽ 72 സീറ്റുകൾ നേടിയ യു.ഡി.എഫ് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചു. ഇടതു മുന്നണിക്ക് 68 സീറ്റുകളേ ലഭിച്ചുള്ളൂ. 83 വനിതകൾ മത്സരിച്ചതിൽ 7പേർ ജയിച്ചു. കോൺഗ്രസിൽ നിന്നു ജയിച്ചത് പട്ടിക വർഗ സംവരണ സീറ്റിൽ മത്സരിച്ച പി.കെ.ജയലക്ഷ്മി മാത്രം. ജയലക്ഷ്മി മന്ത്രിയുമായി.
യു.ഡി.എഫിന് 45.83% വോട്ടുകളും ഇടതുമുന്നണിക്ക് 44.94% വോട്ടുകളും ലഭിച്ചു. സി.പി.എം
-45, സി.പി.ഐ - 13, കോൺഗ്രസ് - 38, മുസ്ലീം ലീഗ് - 20, കേരള കോൺഗ്രസ് - 9 എന്നിങ്ങനെ ആയിരുന്നു പ്രമുഖ പാർട്ടികൾക്ക് കിട്ടിയ സീറ്റുകൾ .
ആർ.എസ്.പി ഇടതുപക്ഷം വിട്ടു യു.ഡി.എഫ് ഘടകകക്ഷിയായതോടെ അവരുടെ അംഗബലം വർദ്ധിച്ചു. മൂന്ന് ഉപതിരഞ്ഞെടുപ്പുകൾ ഉമ്മൻചാണ്ടി മന്ത്രിസഭയുടെ കാലത്ത് നടന്നു. മൂന്നിലും യു.ഡി.എഫ് മുന്നണിക്കായിരുന്നു വിജയം. ടി.എം. ജേക്കബ് അന്തരിച്ചതിനാൽ പിറവം മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച മകൻ അനൂപ് ജേക്കബ് ജയിച്ചു. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പേരിൽ സി.പി.എം വിട്ടു കോൺഗ്രസ്സിൽ എത്തിയ ശെൽവരാജ് എം.എൽ.എ സ്ഥാനം രാജി വച്ചതോടെ നെയ്യാറ്റിൻകര മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ശെൽവരാജ് തന്നെ ജയിച്ചു. അരുവിക്കരയിൽ സ്പീക്കർ ജി. കാർത്തികേയന്റെ മരണത്തെ തുടർന്നു ഉപതെരഞ്ഞെടുപ്പു നടന്നപ്പോഴും വിജയിച്ചത് മകൻ ശബരീനാഥ് ആയിരുന്നു.
സോളാർ വൈദ്യൂതി പദ്ധതിയുടെ പേരിൽ സരിതാ നായരുമായി ബന്ധപ്പെട്ട അഴിമതിയും മന്ത്രിമാരായ കെ.എം.മാണിയും കെ. ബാബുവുമായി ബന്ധപ്പെട്ട ബാർകോഴ വിവാദവുമടക്കം നിരവധി ആരോപണങ്ങൾ ഉമ്മൻ ചാണ്ടി സർക്കാരിന് നേരിടേണ്ടി വന്നു. കോടികളുടെ സോളാർ അഴിമതിയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാരായ വി.എസ്.ശിവകുമാർ, എ.പി.അനിൽകുമാർ, അടൂർ പ്രകാശ്, കേന്ദ്ര മന്ത്രി കെ.സി വേണുഗോപാൽ എന്നിവരുടെ പേരുകൾ വലിച്ചിഴക്കപ്പെട്ടു.
ബാർ കോഴ വിവാദവുമായി ബന്ധപ്പെട്ട് അന്നത്തെ ധനമന്ത്രി കെ.എം.മാണിയെ ബഡ്ജറ്റ് അവതരിപ്പിക്കാൻ അനുവദിക്കാതെ നിയമസഭാ കവാടത്തിൽ തടയാനുള്ള പ്രതിപക്ഷ നീക്കം ഭരണ പ്രതിപക്ഷ കയ്യാങ്കളിയിലെത്തി. സ്പീക്കറുടെ കസേര മറിച്ചിട്ടും കമ്പ്യൂട്ടറും മൈക്രോഫോണും മറ്റും തകർത്തുമുള്ള അതിക്രമങ്ങൾക്ക് നിയമസഭ സാക്ഷിയായി. പ്രതിപക്ഷ പ്രക്ഷോഭം ശക്തമായതോടെ കെ.ബാബുവും കെ.എം. മാണിയും മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു.