വൈക്കം : നൂറ്റാണ്ടിന്റെ കഥപറയുന്ന കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി. താലൂക്ക് ആശുപത്രി ആധുനികവത്ക്കരിക്കുന്നു.
97.73 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായാണ് പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത്. രാജഭരണകാലത്തിന്റെ കഥപറയുന്ന കെട്ടിടങ്ങളെല്ലാം തന്നെ ജീർണ്ണതയിലായിരുന്നു. കെട്ടിടങ്ങളുടെ അപര്യാപ്തത എന്നും ആധുനിക സൗകര്യങ്ങളെ താലൂക്ക് ആശുപത്രിക്ക് അന്യമാക്കിയിരുന്നു. ഇതിനെല്ലാം പരിഹാരമായാണ് സി.കെ ആശ എം.എൽ.എയുടെ ശ്രമഫലമായി പുതിയ കെട്ടിട സമുച്ചയം വരുന്നത്. രണ്ടേകാൽ ലക്ഷം ചതുരശ്രമീറ്ററാണ് പുതുതായി പണി കഴിപ്പിക്കുന്ന കെട്ടിടത്തിന്റെ വിസ്തീർണ്ണം. ആറ് നിലകളുണ്ട്. രണ്ട് ഓപ്പറേഷൻ തീയറ്ററുകൾ, ആധുനിക ലാബുകൾ, മെഡിക്കൽ സ്റ്റോർ, പരിശോധനാ മുറികൾ, എല്ലാ വിഭാഗങ്ങൾക്കുമുള്ള വാർഡുകൾ തുടങ്ങി എല്ലാ സജ്ജീകരണങ്ങളും ഇവിടെയുണ്ടാവും. കെട്ടിട നിർമ്മാണത്തിനുള്ള ടെണ്ടർ നടപടികൾ പൂർത്തിയായിക്കഴിഞ്ഞു.
ആശുപത്രിയുടെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും അമ്മയും കുഞ്ഞും ആശുപത്രിയുടേയും നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു.
കായൽകാഴ്ചകൾ കണ്ടു നടക്കാം
ആശുപത്രിയിലെത്തുന്നവർക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും വേമ്പനാട്ടുകായലിന്റെ സൗന്ദര്യം നുകരാനും അസ്തമയക്കാഴ്ച കാണാനും കായൽ കാറ്റേറ്റ് ഇരിക്കാനും കഴിയുന്ന വാക്ക് വേയുടെ നിർമ്മാണത്തിനും നടപടിയായി. മുനിസിപ്പൽ പാർക്ക് മുതൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് വരെ പത്തടി വീതിയിലാണ് ആശുപത്രി വളപ്പിൽ കായൽ തീരത്ത് നടപ്പാത നിർമ്മിക്കുന്നത്. ആളുകൾക്ക് ഇരിക്കാൻ കസേരകളും വാക്ക് വേയിലുണ്ടാവും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് വാക്ക് വേ നിർമ്മാണം. പുതിയ കെട്ടിടം വരുന്നതിനൊപ്പം ആശുപത്രിവളപ്പിൽ പൂന്തോട്ടങ്ങളും നടപ്പാതകളും വിശ്രമ സൗകര്യങ്ങളും സജ്ജീകരിക്കും.
താലുക്ക് ആശുപത്രിയുടെ സമൂലമായ നവീകരണമാണ് ലക്ഷ്യമിടുന്നത്. താലൂക്ക് ആശുപത്രിയെ ആധുനിക സംവിധാനങ്ങളുള്ള ആശുപത്രിയാക്കി മാറ്റാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ''
സി.കെ.ആശ എം.എൽ.എ