കോട്ടയം : തുടർച്ചയായ ഇന്ധന വില വർദ്ധനവിൽ ഒരു പോലെ വലയുന്നത് സാധാരണക്കാർ മാത്രമല്ല പമ്പുടമകൾ കൂടിയാണ്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സാധരണക്കാർ സ്വകാര്യ വാഹനങ്ങൾ കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയപ്പോഴുള്ള റെക്കാഡ് വില വർദ്ധനവ് സാമ്പത്തിക നില തകിടം മറിക്കുകയാണ്.
20,000 ലിറ്റർ ടാങ്കാണ് പെട്രോളോ, ഡീസലോ ഇന്ധനം പമ്പുകളിൽ വാങ്ങുന്നത്. ഇത്തരത്തിൽ 3 ലോഡുകൾ സ്റ്റോക്ക് ചെയ്യും. ഇതിനായി മുൻകൂർ നൽകുന്ന തുക 13 ലക്ഷമായിരുന്നത് 3 മാസത്തിനിടെ 16 ലക്ഷമായി വർദ്ധിച്ചു. ഫലത്തിൽ മുൻകൂർ നൽകേണ്ട തുകയിൽ 9 ലക്ഷത്തിന്റെ വർദ്ധന. ബാഷ്പീകരണത്തിലൂടെ നഷ്ടമാകുന്ന ഇന്ധനത്തിന്റെ അളവു കൂടിയെന്നും ഇതു കമ്മിഷൻ തുകയിൽ പ്രതിഫലിക്കുമെന്നും പമ്പുടമകൾ പറയുന്നു. വിലവർദ്ധിക്കുന്നതിന്റെ ഗുണം ലഭിക്കുന്നില്ലെന്നും അധികച്ചെലവുമാത്രമാണുണ്ടാകുന്നത് എന്നുമാണ് ഡീലർമാർ പറയുന്നത്. തൊഴിലാളികളുടെ ശമ്പളവും മറ്റ് ചെലവുകളും കൂട്ടുമ്പോൾ വിലവർദ്ധനവ് ബാദ്ധ്യതയുണ്ടാക്കുന്നെന്നും ഇവർ പറയുന്നു.
വിലവർദ്ധനയിൽ നട്ടെല്ലൊടിഞ്ഞ്
കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് പൊതുഗതാഗത മാർഗങ്ങളുപേക്ഷിച്ച് ഒട്ടേറെപ്പേർ സ്വകാര്യ വാഹനങ്ങളിലേക്കു മാറിയിരുന്നു. ട്രെയിനിലും ബസിലും യാത്ര ചെയ്തിരുന്നവർക്ക് അതിലെ ചാർജ് തന്നെ താങ്ങാനാകാത്ത അവസ്ഥയുള്ളപ്പോഴാണ് ഇന്ധനവില വീണ്ടും കുതിക്കുന്നത്. പച്ചക്കറി, പഴങ്ങൾ ഇവയിൽ വലിയ പങ്കും അന്യസംസ്ഥാനങ്ങളിൽ നിന്നാണെത്തുന്നത്. ചരക്കു വാഹനങ്ങളുടെ വാടകയിലെ വർദ്ധന ഇവയുടെ വിലക്കയറ്റത്തിനു കാരണമായി. വീട്ടുചെലവിനെയും ഇത് ബാധിക്കും. പല പച്ചക്കറിയിനങ്ങൾക്കും ഇരട്ടിയോളം വില വർദ്ധിച്ചു. 2018ലാണ് ഇതിന് മുൻപ് വില വർദ്ധനവുണ്ടായത്.
കാർ പൂളിംഗിനും രക്ഷയില്ല
കൊവിഡ് നിയന്ത്രണങ്ങൾ നിലനിന്ന സമയത്ത് നഗരങ്ങളിൽ ജോലി ചെയ്യുന്നവർ പലരും ഒന്നിച്ച് സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്തിരുന്നു. മുണ്ടക്കയം കാഞ്ഞിരപ്പള്ളി പൊൻകുന്നം മേഖലകളിൽ നിന്ന് കോട്ടയത്തേയ്ക്ക് കാറിലെത്തുന്ന ഒട്ടേറെ സർക്കാർ ജീവനക്കാരുണ്ട്. കാറിൽ 4 പേർ ഒന്നിച്ചാലും വിഹിതമായി നൽകുന്ന തുക ക്രമാതീതമായി വർദ്ധിക്കുന്നതിൽ ഇവർക്ക് ആശങ്കകളുണ്ട്.