വൈക്കം : വാഹന പരിശോധനയുടെ പേരിൽ വല്ലകത്ത് നടുറോഡിൽ യുവതിയെയും ഭർത്താവിനെയും തടഞ്ഞു നിറുത്തി യുവതിയുടെ വീഡിയോയും ഫോട്ടോയും എടുക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വൈക്കം പൊലീസ് കേസ് എടുത്തു. കോട്ടയം എൻഫോഴ്‌സ്‌മെന്റ് ആ.ർടി.ഒ ഓഫീസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ സജിത്ത്, അനീഷ് എന്നിവർക്കെതിരെയാണ് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. ഭർത്താവിനോടൊപ്പം ഡോക്ടറെ കാണുന്നതിനായി സ്‌കൂട്ടറിന്റെ പിൻസീറ്റിൽ ഇരുന്നു യാത്ര ചെയ്ത യുവതി വാഹനത്തിൽ നിന്നുമിറങ്ങി റോഡിന്റെ വശത്തു മാറി നിൽക്കുമ്പോൾ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ യുവതിയുടെ വീഡിയോ ചിത്രീകരിക്കുകയും ഫോട്ടോ എടുക്കുകയുമായിരുന്നു. ഇതിനെതിരെ പ്രതികരിച്ച യുവതിയുടെ ഭർത്താവിനെതിരെ കൃത്യ നിർവഹണം തടസപ്പെടുത്തി എന്നാരോപിച്ച് കേസ് എടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുംവിധം പെരുമാറിയതിന് ജാമ്യമില്ലാവകുപ്പ് പ്രകാരവും, ഭീഷണിപ്പെടുത്തിയതിനും, അനുവാദമില്ലാതെ യുവതിയുടെ വീഡിയോ ചിത്രീകരിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്.