poliyo

കോട്ടയം : കൊവിഡ് കരുതലിൽ ഇന്ന് ജില്ലയിൽ അഞ്ചു വയസിൽ താഴെയുള്ള 1,11,071 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകും. 1307 വിതരണ കേന്ദ്രങ്ങളിലായി 2614 സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. ജില്ലാതല ഉദ്ഘാടനം രാവിലെ 9 ന് ജനറൽ ആശുപത്രിയിൽ ജില്ലാ കളക്ടർ എം.അഞ്ജന നിർവഹിക്കും.

ഓരോ കേന്ദ്രത്തിലും വാക്‌സിൻ നൽകുന്ന രണ്ട് സന്നദ്ധ പ്രവർത്തകരും എൻ 95 മാസ്‌ക്, ഫേസ് ഷീൽഡ് എന്നിവ ധരിക്കും. ബൂത്തിന് പുറത്ത് വച്ചിട്ടുള്ള സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയെ ശേഷമേ സന്ദർശകർ വാക്‌സിൻ ബൂത്തിൽ പ്രവേശിക്കാവൂ. വീട്ടിൽനിന്ന് കുട്ടിക്കൊപ്പം ഒരാൾ മാത്രം എത്തിയാൽ മതിയാകും. എത്തുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കണം.

പനി, ചുമ, ജലദോഷം, വയറിളക്കം, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ ബൂത്തിൽ എത്തരുത്. കുട്ടികളുമായി എത്തുന്നവർ കാത്തിരിക്കേണ്ടി വന്നാൽ സാമൂഹിക അകലം പാലിക്കണം. ഇന്ന് വാക്‌സിൻ സ്വീകരിക്കാൻ കഴിയാത്ത വർക്ക് തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി നൽകും. ഇത്തരത്തിൽ വീടുകളിലെത്തുന്ന സന്നദ്ധ പ്രവർത്തകരും കൊവിഡ് പ്രതിരോധ മുൻകരുതലുകൾ സ്വീകരിക്കും. വാക്‌സിൻ വിതരണത്തിന് നിയോഗിക്കപ്പെട്ടിട്ടുള്ളവർക്ക് മൂന്നു വീതം മാസ്‌കുകളും ഫേസ് ഷീൽഡുകളും 100 മില്ലി ലിറ്ററിന്റെ രണ്ട് സാനിറ്റൈസറുകളും നൽകിയിട്ടുണ്ട്.

 രാവിലെ 8 മുതൽ 5വരെ

ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവിടങ്ങളിലാണ് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ബൂത്തുകൾ പ്രവർത്തിക്കുക. ഇതിന് പുറമെ 45 ട്രാൻസിറ്റ് ബൂത്തുകളും 40 മൊബൈൽ ബൂത്തുകളുമുണ്ടാകും. റെയിൽവെ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ബോട്ടുജെട്ടികൾ എന്നിവിടങ്ങളിലാണ് ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കുക. അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ഉത്സവ സ്ഥലങ്ങൾ, കല്യാണ മണ്ഡപങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിൽ എത്തി മരുന്നു വിതരണം ചെയ്യുന്നതിനാണ് മൊബൈൽ ബൂത്തുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.