പൊൻകുന്നം : നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നെങ്കിൽ അത് കാഞ്ഞിരപ്പള്ളിയിൽ നിന്നായിരിക്കുമെന്ന് ഡോ.എൻ.ജയരാജ് എം.എൽ.എ പറഞ്ഞു. ജയരാജ് ചങ്ങനാശേരിയിൽ മത്സരിക്കുമെന്ന് വാർത്ത പ്രചരിക്കുന്നത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് തെറ്റായ വാർത്തയാണ് സ്വന്തം വീട്ടിൽ കഞ്ഞിവയ്ക്കുമ്പോൾ അടുത്ത വീട്ടിൽ പോയി ഭക്ഷണം ചോദിക്കേണ്ട കാര്യമുണ്ടോ. പി.സി.ജോർജ് യു.ഡി.എഫിലെത്തി കാഞ്ഞിരപ്പള്ളിയിൽ സ്ഥാനാർത്ഥിയാകുമെന്ന വാർത്തയും തന്നെ അലട്ടുന്നില്ല. അറിയപ്പെടുന്ന എതിരാളി വന്നാൽ മണ്ഡലത്തെ കുറിച്ച് കൂടുതൽ ചർച്ചയുണ്ടാകും. അതുവഴി മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്കെത്തും. തിരഞ്ഞെടുപ്പുകാലത്ത് ഇത്തരം വാർത്തകൾ ഇനിയും വരുമെന്നും കാഞ്ഞിരപ്പള്ളിയിൽ എതിരാളി ആരായാലും എൽ.ഡി.എഫ് വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നുംമെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിൽ സി.പി.ഐ മത്സരിച്ചു വരുന്ന സീറ്റാണ് കാഞ്ഞിരപ്പള്ളിയെങ്കിലും ഇക്കുറി സീറ്റിന് വേണ്ടി അവർ വാശി പിടിക്കില്ല. കാഞ്ഞിരപ്പള്ളിക്കു പകരം മറ്റൊരു സീറ്റ് നൽകാനാണ് സാദ്ധ്യത.