പാലാ: ഉള്ളനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പുതിയ കെട്ടിട നിർമ്മാണം കടലാസിൽ മാത്രം. ഭരണാനുമതിയും ഫണ്ടും ലഭിക്കാത്തതാണ് പദ്ധതി അനിശ്ചിതമായി നീളാൻ കാരണം.അരനൂറ്റാണ്ടിനപ്പുറം പഴക്കമുള്ള കെട്ടിടം പൊളിച്ച് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി വികസന സമിതിയംഗം വി.കെ ശശീന്ദ്രൻ മുഖ്യമന്ത്രിക്കും മാണി സി. കാപ്പൻ എം.എൽ.എയ്ക്കും നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്ന് നാലായിരത്തോളം ചതുരശ്ര അടി വിസ്തൃതിയുള്ള ബഹുനില മന്ദിരം നിർമ്മിക്കുന്നതിനുള്ള പ്ലാനും എസ്റ്റിമേറ്റും ളാലം ബ്ലോക്ക് പഞ്ചായത്ത് അധികാരികൾ ആരോഗ്യവകുപ്പിന് മാസങ്ങൾക്ക് മുമ്പ് സമർപ്പിച്ചിരുന്നു. 1970ൽ ഇത് പ്രാഥമിക ആരോഗ്യകേന്ദ്രമായിരുന്നു.പിന്നീടാണ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തിയത്.പുതിയ മന്ദിരത്തിന് പ്രത്യേകം സൗകര്യങ്ങളാണ് ളാലം ബ്ലോക്ക് അധികൃതർ ലക്ഷ്യമിടുന്നത്. ഇതിനായി 10 കോടി രൂപയുടെ നിർമ്മാണച്ചെലവാണ് പ്രതീക്ഷിച്ചിരിക്കുന്നത്. മൈനർ ഓപ്പറേഷൻ തിയേറ്റർ, ഗൈനക്കോളജി, ഒ.പികൾ, ഇ.സി.ജി, എക്‌സറേ, ഫാർമസി, ലേബർ റൂം തുടങ്ങിയവയാണ് മൂന്നു നില മന്ദിരത്തിൽ ഉദ്ദേശിച്ചിരുന്നത്.
വേണ്ടത് ലക്ഷങ്ങൾ
എല്ലാവർഷവും കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് തന്നെ ലക്ഷങ്ങൾ വേണ്ടിവരുന്നതായി ശശീന്ദ്രൻ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ
പദ്ധതിക്ക് ഭരണാനുമതിയും ഫണ്ടും നൽകാൻ സർക്കാർ ഇതേവരെ തയാറായിട്ടില്ലെന്ന് വി.കെ ശശീന്ദ്രൻ പറയുന്നു.