കോട്ടയം : ഉത്തരവാദിത്ത ടൂറിസംമിഷന്റെ പെപ്പർ ടൂറിസം പദ്ധതിയുടെ തണലിൽ തലയാഴം പഞ്ചായത്തിലെ തോട്ടകത്തെ പരമ്പരാഗത മൺപാത്ര നിർമാണ മേഖല തിരിച്ചുവരവിന്റെ പാതയിൽ. തദ്ദേശീയരായ ആളുകൾക്ക് ടൂറിസം വികസന പ്രക്രിയയിൽ പങ്കാളിത്തം നൽകുന്ന പെപ്പർ ടൂറിസം(പീപ്പിൾസ് പാർട്ടിസിപ്പേഷൻ ഫോർ പാർട്ടിസിപ്പേറ്ററി പ്ലാനിംഗ് ആൻഡ് എംപവർമെന്റ് ത്രൂ റെസ്‌പോൺസിബിൾ ടൂറിസം) സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയത് തലയാഴത്താണ്. ഇതിന്റെ ഭാഗമായി വൈക്കം താലൂക്കിൽ പരമ്പരാഗത തൊഴിൽ ചെയ്യുന്നവരെ പ്രത്യേക ഗ്രാമസഭകളിലൂടെ കണ്ടെത്തി മൂല്യവർധിത ഉത്പന്ന നിർമ്മാണത്തിന് പരിശീലനം നൽകുകയും ഇവരെ ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനമൊരുക്കുകയും ചെയ്തു. വരുമാനം ഇല്ലാതിരുന്നതിനാലാണ് തൊഴിലിൽനിന്ന് വിട്ട് നിന്നിരുന്നതെന്നും ടൂറിസം പദ്ധതിയുടെ ഭാഗമായ സാഹചര്യത്തിൽ ഉത്പന്നങ്ങൾക്ക് മികച്ച വിലയും വിപണിയും കണ്ടെത്താൻ കഴിയുന്നുണ്ടെന്നും കുലത്തൊഴിലിലേക്ക് മടങ്ങിയെത്തിയ രാജേഷ് ഇണ്ടംതുരുത്തി പറയുന്നു. കറിച്ചട്ടി, പൂച്ചട്ടി, മൺ ഗ്ലാസുകൾ, കൂജകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ഇവിടെ തയ്യാറാക്കുന്നുണ്ട്.
'' ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി കേരള റെസ്‌പോൺസബിൾ ടൂറിസം നെറ്റ് വർക്ക് എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം ഉപയോഗിക്കും. വിപണനത്തിനായി കുമരകം പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോട്ടലുകളുമായി കരാറുണ്ടാക്കും''
കെ.രൂപേഷ് കുമാർ,
കോ-ഓർഡിനേറ്റർ, ഉത്തരവാദിത്ത ടൂറിസം മിഷൻ