എലിക്കുളം:സംസ്ഥാന സർക്കാരിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിപ്രകാരം എലിക്കുളം പഞ്ചായത്തിൽ രണ്ട് വഴിയോരവിശ്രമകേന്ദ്രങ്ങൾ ഒരുങ്ങുന്നു. പഞ്ചായത്തിലെ പ്രധാനപാതയായ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിലൂടെ കടന്നുപോകുന്ന വാഹനയാത്രക്കാർക്ക് ഒന്ന് വിശ്രമിക്കണമെന്ന് തോന്നിയാൽ ശുദ്ധവായു ശ്വസിച്ച്, ശുദ്ധജലം കുടിച്ച് അല്പം ചൂട് കാപ്പിയും ചെറുകടിയും കഴിച്ച് യാത്ര തുടരാം. സംസ്ഥാന സർക്കാരിന്റെ 12 ഇന പദ്ധതികളിൽ ഒന്നായ ടേക്ക് എ ബ്രേക്ക് പദ്ധതിയാണ് എലിക്കുളം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്നത്.
സംസ്ഥാനപാതയുടെ ഭാഗമായ പാലാ-പൊൻകുന്നം പാതയിൽ നാലാം മൈലിലും, ഏഴാം മൈലിലുമായി 45 ലക്ഷം രൂപ മുതൽമുടക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇളങ്ങുളം നാലാം മൈലിൽ 20 ലക്ഷവും, ഏഴാം മൈലിൽ 25 ലക്ഷം രൂപയും മുതൽമുടക്കിയുമാണ് പദ്ധതി പൂർത്തിയാക്കുന്നത്. ഇരു പ്രദേശങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്നതിനായി 1,60,000 രൂപയും വകയിത്തിയിട്ടുണ്ട്.
വഴിയോര വിശ്രമകേന്ദ്രത്തിൽ കുടിവെള്ളം, ടോയ് ലെറ്റ് സമുച്ചയം, കോഫി ഷോപ്പ്, വിശ്രമസ്ഥലം എന്നിവയുണ്ടാകും. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർക്ക് വിരിവയ്ക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കുന്നുണ്ട്. കോഫീ ഷോപ്പിന്റെ ചുമതല കുടുംബശ്രീകൾക്കാവും. പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മാണി.സി.കാപ്പൻ എം.എൽ.എ നിർവഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, ഷേർളി അന്ത്യാങ്കുളം, സൂര്യമോൾ, അംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, ജിമ്മിച്ചൻ ഈറ്റത്തോട്ട്, സിനി ജോയ്, ആഷാമോൾ, ദീപശ്രീജേഷ, സരീഷ് കുമാർ എം.ആർ, സിനിമോൾ കാക്കശ്ശേരിൽ, കെ.എം.ചാക്കോ, അഖിൽ അപ്പുക്കുട്ടൻ, നിർമ്മല ചന്ദ്രൻ ,യമുന പ്രസാദ് പഞ്ചായത്ത് സെക്രട്ടറി ജോസഫ് പി.റ്റി.എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ചിത്രവിവരണംഎലിക്കുളം പഞ്ചായത്ത് നാലാംമൈലിൽ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മാണി സി.കാപ്പൻ എം.എൽ.എ നിർവഹിക്കുന്നു.