ചങ്ങനാശേരി : ദൂരപരിധി ലംഘിച്ച് ആരാധനാലയത്തിന് സമീപം മൊബൈൽ ടവർ നിർമ്മിക്കുന്നതിന് എതിരെ നാട്ടുകാരും, എസ്.എൻ.ഡി.പി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്ത്. പാത്താമുട്ടം ശാഖാ ഗുരുദേവ ക്ഷേത്രത്തിന് സമീപമാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ടവർ നിർമ്മിക്കുന്നത്. ഇത് സംബന്ധിച്ച് ക്ഷേത്രത്തിന്റെ അനുമതി വാങ്ങിയിരുന്നില്ല. ആദ്യം കടമുറി നിർമ്മിക്കുന്നതിനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പിന്നീടാണ് സ്വകാര്യ കമ്പനിക്ക് മൊബൈൽ ടവർ നിർമ്മിക്കുന്നതിന് സ്ഥലം വിട്ടു നൽകിയതാണെന്ന് അറിഞ്ഞത്. കൊടിമരത്തിന് സമീപമാണ് ടവർ സ്ഥാപിക്കുന്നത്. ഇത് സംബന്ധിച്ച് ശാഖാ യോഗത്തിന്റെയും ജനകീയ സമിതിയുടെയും നേതൃത്വത്തിൽ ജില്ലാ കളക്ടർക്കും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകി. ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, വൈസ് പ്രസിഡന്റ് അനീഷ് തോമസ് എന്നിവർ സ്ഥലത്ത് എത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകി. ടവർ നിർമ്മാണം താത്കാലികമായി നിറുത്തി വച്ചിരിക്കുകയാണ്.