അടിമാലി: ഇരുപതേക്കർ നെല്ലിക്കാട്ടിൽ വഴിയരികിൽ നിന്ന നാല് പേർക്ക് കാറിടിച്ച് പരിക്കേറ്റു. കാറിടിപ്പിച്ചത് മനപൂർവ്വമാണെന്ന് സംശയം. നെല്ലിക്കാട് സ്വദേശികളായ കുന്നുംപുറത്ത് അജി (42), നിത്യ (30), ആർ. കണ്ണൻ (40), മൂലക്കട സ്വദേശി വാഴയിൽ സുധാകരൻ (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലിയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. നെല്ലിക്കാട് സ്വദേശി പാറമണി എന്നു വിളിക്കുന്ന മണിയുടെ വാഹനമാണ് ഇടിച്ചത്. അപകടത്തിനു ശേഷം നാട്ടുകാരിൽ ചിലർ ചേർന്ന് വാഹനത്തിന് കേടുപാടുകൾ വരുത്തി. കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷങ്ങളുടെ ബാക്കിപത്രമാണ് ഇന്നലെയുണ്ടായ അപകടമെന്ന് നാട്ടുകാർ പറഞ്ഞു. രാജാക്കാട് പൊലീസ് സ്ഥലത്തെത്തി കാർ കസ്റ്റഡിയിലെടുത്തു.