കോട്ടയം : ജില്ലയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ഇതിനായി പരിശോധന നടത്താൻ തദ്ദേശസ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. ഭക്ഷ്യോത്പന്ന വില്പനശാലകളിൽ ഗുണനിലവാര പരിശോധന കർശനമാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നൽകി. വേനൽക്കാലത്ത് കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് മുൻകൂട്ടി നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ കളക്ടർ നിർദേശിച്ചു. വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. വാട്ടർ അതോറിറ്റിയും റവന്യൂ വകുപ്പും തദ്ദേശസ്ഥാപനങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഭൂഗർഭ ജലവകുപ്പിന്റെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർദേശിച്ചു.