പാലാ : പാലാ സീറ്റിന്റെ കാര്യത്തിൽ ചിലർ സ്വീകരിക്കുന്ന 'അറക്കുന്നതിന് മുൻപ് പെടയ്ക്കുന്ന ' സമീപനം അനാവശ്യവിവാദങ്ങൾക്ക് വഴിതെളിക്കുന്നതായി മന്ത്രി എം.എം.മണി പറഞ്ഞു. കെ.എം മാണി സ്മൃതി സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുലിവരുന്നേ പുലി എന്നാണ് ചില ആൾക്കാരുടെ രോദനം. സീറ്റിനെ ചൊല്ലി അനാവശ്യവിവാദങ്ങൾ ആരും ഉണ്ടാക്കരുത്. സീറ്റിനെചൊല്ലിയുള്ള ചർച്ച ഇടത് മുന്നണിയിൽ നടന്നിട്ടില്ല. ഒന്നോ രണ്ടോ പാർട്ടികൾ മാത്രമല്ല മുന്നണിയിൽ ഉള്ളത്. എല്ലാവരുമായി ചർച്ചനടത്തി ഏത് പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കാൻ കഴിയുന്ന നേതൃത്വമാണുള്ളത്. യഥാസമയം മുന്നണി യോജിച്ച തീരുമാനം എടുക്കുമെന്ന് ജോസ് കെ.മാണി തന്നെ പറഞ്ഞകാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. ജോസ് കെ.മാണി ഇടതുമുന്നണിയിൽ വന്നത് സംബന്ധിച്ച് ആരും വിവാദമുണ്ടാക്കാൻ ശ്രമിക്കേണ്ടതില്ല. ഇടത് മുന്നണിയിൽ നിൽക്കുമ്പോൾ എന്തെങ്കിലും അഭിപ്രായവ്യത്യാസം സ്വയമുണ്ടാക്കിയിട്ട് ഉമ്മൻചാണ്ടിയും കൂട്ടരും ക്ഷണിക്കുമ്പോൾ ഞാനോ മറ്റാരെങ്കിലുമോ അങ്ങോട്ട് പോകുന്നത് ധാർമ്മികമായും രാഷ്ട്രീയപരമായും ശരിയല്ല.
അവിടെ ഞങ്ങൾ ഇടതുമുന്നണിയിലെ കക്ഷിയാണന്നും മറ്റൊന്നും വേണ്ടെന്ന് തുറന്നു പറയുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളത്തിൽ മുഖ്യപ്രഭാഷണത്തിനായി ക്ഷണിച്ചിരുന്നെങ്കിലും സ്ഥലം എം.എൽ.എ മാണി സി.കാപ്പൻ പങ്കെടുത്തില്ല. പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ബിഷപ് മാർ ജേക്കബ് മുരിക്കൻ അനുഗ്രഹ പ്രഭാഷണം നടത്തി.
എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, ഡോ.എൻ.ജയരാജ്, എം.ജി സർവകലാശാലാ വൈസ് ചാൻസിലർ ഡോ.സാബു തോമസ്, എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ എം.ബി ശ്രീകുമാർ, എൻ.എസ്.എസ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് സി.പി. ചന്ദ്രൻ നായർ, ഇമാം മുഹമ്മദ്
നാദിർ മൗലവി, ജോസ് കെ.മാണി, പയസ് കുര്യൻ, ഫിലിപ്പ് കുഴികുളം തുടങ്ങിയവർ പ്രസംഗിച്ചു.