കട്ടപ്പന: കോൺഗ്രസിന്റെ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിൽ ഉപ്പുതറിയിലും നേതാക്കൾ ഏറ്റുമുട്ടി. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഇന്നലെ വൈകിട്ട് ഉപ്പുതറയിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയുടെ സമാപന യോഗത്തിലാണ് പ്രാദേശിക നേതാക്കൾ തമ്മിൽ അടിപിടിയുണ്ടായത്. കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. യോഗത്തിൽ പങ്കെടുത്തവർ ഇരുവരെയും പിടിച്ചുമാറ്റിയെങ്കിലും വീണ്ടും രണ്ടു തവണ കൂടി ഏറ്റുമുട്ടി. വിവരമറിഞ്ഞ് ഉപ്പുതറ പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ പറഞ്ഞുവിട്ടത്. എന്നാൽ പാർട്ടിയുമായി ബന്ധപ്പെട്ടല്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലാണ് കൈയാങ്കളി ഉണ്ടായതെന്നും മണ്ഡലം കമ്മിറ്റി നേതാക്കൾ പറഞ്ഞു.