കോട്ടയം: ഈരയിൽക്കടവിൽ ദിവസങ്ങൾക്കുള്ളിൽ വെള്ളവും വെളിച്ചവുമെത്തും. പൈപ്പ് ലൈനും വൈദ്യുതി ലൈനും സ്ഥാപിക്കുന്ന ജോലികൾ അന്തിമ ഘട്ടത്തിലാണ്. ഈരയിൽക്കടവ് മുതൽ മണിപ്പുഴ ജംഗ്ഷൻ വരെയുള്ള മൂന്നു കിലോമീറ്ററിൽ എട്ടര ലക്ഷത്തോളം രൂപ മുടക്കിയാണ് വൈദ്യുതി ലൈൻ സ്ഥാപിച്ചിരിക്കുന്നത്. 52 വൈദ്യുതി പോസ്റ്റുകൾ നേരത്തെ ഇവിടെ സ്ഥാപിച്ചിരുന്നു. ഈ പോസ്റ്റുകൾ നടപ്പാത നിർമ്മാണത്തിന്റെ ഭാഗമായി റോഡിന്റെ അരികിലേയ്‌ക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. പോസ്റ്റുകളെ പരസ്‌പരം ബന്ധിപ്പിച്ചു വൈദ്യുതി ലൈൻ വലിയ്ക്കുന്ന ജോലിയും പൂർത്തിയായി. അവസാനഘട്ട ജോലികൾ ഈ ആഴ്‌ച തന്നെ പൂർത്തിയാക്കും.
നേരത്തെ ഓണത്തിനു മുൻപ് പോസ്റ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ, പോസ്റ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ചു തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എയും സി.പി.എം പ്രവർത്തകരും കൗൺസിലർമാരും തമ്മിലുണ്ടായ തർക്കമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നീളാൻ ഇടയാക്കിയത്. തർക്കം പരിഹരിക്കുന്നതിനായി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗവും വിളിച്ചിരുന്നു. ഇതിനു ശേഷമാണ് നിർമ്മാണ ജോലികൾ വേഗത്തിലായത്.
വെള്ളത്തിനുള്ള വഴി തെളിഞ്ഞു
കോട്ടയം നഗരത്തിൽ നിന്നും നാട്ടകം പ്രദേശത്തേയ്ക്ക് വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈനുകളാണ് ഈരയിൽക്കടവിൽ ഇപ്പോൾ സ്ഥാപിക്കുന്നത്. പൈപ്പുകൾ പരസ്‌പരം ഘടിപ്പിക്കുന്ന ജോലികൾ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. പൈപ്പ് ഇനി കുഴിച്ചിടുന്ന ജോലികളാണ് ഇനി പൂർത്തിയാകാനുള്ളത്. രണ്ടാഴ്‌ചയ്ക്കുള്ളിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാകും. കിഫ്ബിയിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
മാലിന്യം തള്ളൽ അതിരൂക്ഷം
ഈരയിൽക്കടവിൽ മാലിന്യം തള്ളുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. കഴിഞ്ഞ ദിവസവും കക്കൂസ് മാലിന്യം ഉൾപ്പെടെ റോഡരികിൽ തള്ളിയിരുന്നു. മുപ്പായിപ്പാടം പ്രദേശത്തേയ്‌ക്കുള്ള റോഡിൽ പോലും രാത്രിയിൽ ഇത്തരത്തിൽ മാലിന്യം തള്ളുന്നുണ്ട്.