ബൈസൺവാലി: പി.എൻ. രാഘവൻ ഫൗണ്ടേഷൻ പുരസ്കാരം മന്ത്രി എം.എം. മണി ഏറ്റുവാങ്ങി. പി.എൻ. രാഘവൻ ഫൗണ്ടേഷൻ രക്ഷാധികാരിയായ സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ 10,001 രൂപയും ഫലകവും മന്ത്രിക്ക് നൽകി. സാമൂഹ്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് പി.എൻ. രാഘവനെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. മന്ത്രി വേദിയിൽ വച്ച് തന്നെ പാർട്ടി ഫണ്ടിലേക്കായി അവാർഡ് തുകയുടെ ചെക്ക് ജില്ലാ സെക്രട്ടറിയ്ക്ക് കൈമാറി. തുടർന്ന് ബൈസൺവാലി വനദീപം വായനശാലയുടെ പ്രസിഡന്റ് ആയിരിക്കെ കഴിഞ്ഞ മാർച്ച് 29 ന് അന്തരിച്ച പി.എൻ. രാഘവന്റെ ഫോട്ടോ ലൈബ്രറി ഹാളിൽ മന്ത്രി എം.എം. മണി അനാച്ഛാദനം ചെയ്തു. യോഗത്തിൽ പി.എൻ. രാഘവൻ ഫൗണ്ടേഷൻ ഏർപ്പെടുത്തുന്ന വിദ്യാഭ്യാസ സ്‌കോളർഷിപ്പും മന്ത്രി പ്രഖ്യാപിച്ചു. ബൈസൺവാലി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന രണ്ട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വീതം ഉപരിപഠനത്തിനായി 50,​000 രൂപ വച്ച് സ്‌കോളർഷിപ്പുകൾ നൽകും. ചടങ്ങിൽ എസ്. രാജേന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി ടീച്ചർ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ലൈബ്രറി കൗൺസിൽ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. സി.എസ് റജി കുമാർ പി.എൻ. രാഘവൻ അനുസ്മരണ പ്രഭാഷണം നടത്തി. കലാ സാംസ്‌കാരിക രംഗത്തെ മികച്ച പ്രവർത്തനത്തിനും അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് ഫൗണ്ടേഷൻ അംഗം പി.ആർ. സന്തോഷ് മന്ത്രിക്ക് കൈമാറി. പി.എൻ. രാഘവൻ രചിച്ച ജന്മവൃത്തം എന്ന കവിതാ സമാഹാരം യോഗത്തിൽ പി.എൻ. രാഘവന്റെ ഭാര്യ നന്ദിനി രാഘവന് നൽകി പ്രകാശനം ചെയ്തു.