ganjan
ചിത്രം: എക്സൈസ് സംഘം പിടിച്ചെടുത്ത കഞ്ചാവ്

അടിമാലി: എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ അടിമാലി പൊളിഞ്ഞപാലത്ത് നിന്ന് 1.9 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പൊളിഞ്ഞപാലം ഭാഗത്ത് രഹസ്യമായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എടുത്തു കൊണ്ട് വരുന്നതിനിടയിൽ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് പ്രതി കഞ്ചാവുപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കോതമംഗലം കോട്ടപ്പടി സ്വദേശിയായ പ്രതി ബൈജുവിന്റെ തിരിച്ചറിയൽ രേഖകളും മറ്റും കണ്ടെത്തിയതായും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും അടിമാലി എക്‌സൈസ് ഇൻസ്‌പെക്ടർ പി.കെ. രഘു പറഞ്ഞു. ബൈജു വിവിധ ഇടങ്ങളിൽ വാടകയ്ക്ക് മാറി മാറി താമസിച്ച് വന്നിരുന്നതായാണ് എക്‌സൈസ് സംഘം നൽകുന്ന വിവരം. നിലവിൽ ഇയാൾ പൊളിഞ്ഞപാലം കോളനിയിലെ താമസക്കാരനാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. തമിഴ്നാട്ടിൽ നിന്ന് കഞ്ചാവെത്തിച്ച് വിൽപ്പന നടത്തുകയാണ് പ്രതിയുടെ രീതിയെന്നാണ് സൂചന. അടിമാലി എക്‌സൈസ് ഇൻസ്‌പെക്ടർ പി.കെ. രഘു, പ്രിവന്റീവ് ആഫീസർ രാജാറാം വി.ആർ, അനിൽ കെ.എൻ, ജോബിഷ് ജോർജ്, ശ്രീകുമാർ കെ.പി, ശ്രീജിത്ത് എം.എസ്, രാഹുൽ രാജ് എന്നിവരുൾപ്പെട്ട സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.