marke

കോട്ടയത്ത് ഏറെ തിരക്കുള്ള ചന്തയ്ക്കകത്തുകൂടി സർവീസ് നടത്തുന്ന ബസിനടിയിൽപെട്ട് ഒരാൾ മരിച്ചതോടെ തുഗ്ലക്ക് പരിഷ്കാരം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമായി. പല പ്രശ്നങ്ങളിലും മനസലിയാത്ത ബന്ധപ്പെട്ടവർ ഈ പ്രശ്നത്തിലും പ്രതികരിച്ചു കണ്ടില്ല . ഇവരുടെയൊക്കെ ഹൃദയം കരിങ്കല്ല് കൊണ്ട് ഉണ്ടാക്കിയതാണോ എന്ന സംശയിക്കുന്നതിനാൽ ഒരു മാറ്റം പ്രതീക്ഷിക്കുന്നില്ല !.

എം.എൽ റോഡ് കോട്ടയം നഗരത്തിലെ ഏറെ തിരക്കുള്ള റോഡാണ്. കാൽ നടക്കാർക്ക് സഞ്ചരിക്കാൻ പ്രത്യേക സംവിധാനമില്ല . ഇടയ്ക്ക് ഓട്ടോ സ്റ്റാൻഡുമുണ്ട്. ഇരുവശവുമുള്ള കടകൾക്കു പുറമേ വഴിയരികിലാണ് പച്ചക്കറികളും മറ്റും കടക്കാർ ഇറക്കി വയ്ക്കുന്നത്. ബാക്കി സ്ഥലം വഴിയോരക്കച്ചവടക്കാരും കൈയേറും. കഷ്ടിച്ച് ഒരു വാഹനം കടന്നു പോകാൻ വീതിയുള്ള ഇടുങ്ങിയ റോഡിൽ വൺവേയുമില്ല . ഇരുവശത്തു നിന്നും തലങ്ങും വിലങ്ങും വാഹനങ്ങളും കാൽനടക്കാരുമെല്ലാമായി ഉത്സവ പറമ്പു പോലുള്ള റോഡിലൂടെ നാട്ടുകാരെ ഇടിക്കാതെ ബസ് ഓടിക്കുന്നവർക്ക് ജീവൻ രക്ഷാ പതക്കം നൽകേണ്ടതാണ്. റോഡിന് ഇരുവശവും കൈയേറിയുള്ള കച്ചവടം സ്ഥിരമായി ഒഴിപ്പിക്കാനോ അനധികൃത കടകൾ നീക്കം ചെയ്യാനോ ആരുമില്ല. ഇടയ്ക്ക് വഴിപാട് ഒഴിപ്പിക്കൽ നടത്തുമെങ്കിലും യൂണിയൻ പിൻബലത്താൽ പിറ്റേന്നു തന്നെ കച്ചവടം തുടങ്ങും. ചില കൗൺസിലർമാരുടെ വക സ്വന്തവും ബിനാമിയുമായ വഴിയോര കടകളുണ്ട് . പിന്നെങ്ങനെ ഒഴിയും. ആര് ഒഴിപ്പിക്കും. ?.

കേരളത്തിൽ ചന്തയ്ക്കകത്തു കൂടി ബസ് സർവീസ് നടക്കുന്ന ഏക സ്ഥലം കോട്ടയമാണ്. ചന്തക്കവലയിൽ നിന്ന് സെൻട്രൽ ജംഗ്ഷൻ വഴി ടി.ബി.റോഡിൽ കോഴിചന്ത ഭാഗം വരെ 150 മീറ്റർ ദൂരമില്ല . ചന്തയ്ക്കകത്തുകൂടി വിടാതെ കെ.കെ.റോഡിലൂടെ ബസുകൾ നേരേ വിട്ടാൽ ഒരു ഗതാഗത കുരുക്കും നഗരത്തിൽ ഉണ്ടാകില്ല . എന്നിട്ടും എം.എൽ റോഡിലൂടെ തന്നെ സ്വകാര്യ ബസുകൾ പോകണമെന്ന പരിഷ്കാരം നടപ്പാക്കിയ വിവരദോഷികളായ ഏമാന്മാർക്ക് ഇതിൽ എന്തു താത്പര്യമാണുള്ളതെന്നാണ് നാട്ടുകാരുടെ ചോദ്യം. നേരത്തേ ഒരു സ്വർണക്കടയുടെ മുന്നിലെ ബസ് സ്റ്റോപ്പിന് വേണ്ടിയായിരുന്നു ബസുകൾ ചന്തയ്ക്കകത്തു കൂടി വിട്ടതെന്ന് ആരോപണം ഉയർന്നിരുന്നു . സ്വർണക്കട ഇപ്പോൾ മാറി . ഇനിയെങ്കിലും വളഞ്ഞു മൂക്കിൽ പിടിക്കുന്ന പോലെ ബസുകൾ കടത്തി വിടാതിരിക്കാൻ വല്യ ഏമാന്മാർ അംഗങ്ങളായ ട്രാഫിക് അഡ്വൈസറി ബോർഡ് അടിയന്തരമായി വിളിച്ച് നടപടിയെടുക്കണം.

കുപ്പിക്കഴുത്തു പോലുള്ള റോഡിൽ ഗതാഗത കുരുക്കുണ്ടാക്കാത്ത പരിഷ്കാരമാണ് വേണ്ടത് . വിവരമില്ലെങ്കിൽ വിവരമുള്ളവരെ കൊണ്ടു വന്നു ഗതാഗത പരിഷ്കാരം നടപ്പാക്കണം. അല്ലാതെ ചന്തയ്ക്കകത്ത് നാട്ടുകാരുടെ നെഞ്ചത്തു കൂടി ബസ് ഓടിപ്പിക്കുകയല്ല വേണ്ടത്.

.