അടിമാലി: കൊവിഡ് രോഗികളുടെ എണ്ണം അടിമാലി മേഖലയിൽ കൂടി വരുന്ന സാഹചര്യത്തിൽ നടപടി കടുപ്പിക്കാനൊരുങ്ങി പൊലീസും ആരോഗ്യവകുപ്പും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അടിമാലി മേഖലയിൽ കൊവിഡ് രോഗികളുടെ എണ്ണമേറി വരികയാണ്. ശനിയാഴ്ച മാത്രം 37 പേർക്കാണ് അടിമാലി പഞ്ചായത്ത് പരിധിയിൽ കൊവിഡ്- 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നാനൂറിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്താണ് പൊലീസും ആരോഗ്യവകുപ്പും നടപടി കടുപ്പിക്കാൻ തീരുമാനിച്ചത്. ആദ്യഘട്ടമായി പൊലീസ് വിവിധ ഇടങ്ങളിൽ അനൗൺസ്‌മെന്റ് വാഹനം നിരത്തിലിറക്കി. ടൗൺപരിസരത്തെ വ്യാപാരസ്ഥാപനങ്ങളിലും മറ്റും പൊലീസ് പരിശോധന നടത്തി മുന്നറിയിപ്പ് നൽകി. സന്ദർശക രജിസ്റ്ററും കൈകൾ അണുവിമുക്തമാക്കാനുള്ള സജ്ജീകരണവും ഉറപ്പുവരുത്തണമെന്ന് വ്യാപാരികൾക്ക് നിർദ്ദേശം നൽകി. സാമൂഹ്യ അകലം പാലിക്കാത്തവർക്കെതിരെയും മാസ്‌ക് ധരിക്കാത്തവർക്കെതിരെയും നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. നിലവിൽ പഞ്ചായത്ത് പരിധിയിൽ വരുന്ന 15,16 വാർഡുകളിലെ ചില ഇടങ്ങൾ കണ്ടെയിൻമെന്റ് സോണായി തിരിച്ച് നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. ആൾകൂട്ടങ്ങൾ അധികമായുള്ള പൊതുപരിപാടികൾ നടക്കുന്നിടത്തും വകുപ്പുകൾ നിരീക്ഷണം കർശനമാക്കും. ആളുകൾ വേണ്ടവിധം നിർദ്ദേശങ്ങളോട് സഹകരിക്കണമെന്ന് ആരോഗ്യവകുപ്പുദ്യോഗസ്ഥരും അഭ്യർത്ഥിച്ചു.