കട്ടപ്പന: ഉപ്പുതറ പഞ്ചായത്തിലെ ആലടി കുരിശുമല കുടിവെള്ള പദ്ധതിക്ക് 16.518 കോടി രൂപ അനുവദിച്ചു. കിഫ്ബിയിലൂടെ ഒരു വർഷം മുമ്പ് അനുവദിച്ച 48.5 കോടി രൂപയ്ക്ക് പുറമേയാണിത്. കൂടാതെ പെരിയാറിനു കുറുകെ ചെക്ക്ഡാം നിർമിക്കാൻ മൂന്ന് കോടി രൂപയുടെ പദ്ധതിക്ക് ഉടൻ അനുമതി ലഭിക്കും. തോണിത്തടിയിലും ശുദ്ധീകരണ പ്ലാന്റിനു സമീപവും രണ്ട് ട്രാൻസ്‌ഫോമറുകൾ, മലമുകളിൽ സബ് സ്റ്റേഷൻ, വൈദ്യുതി ലൈൻ തുടങ്ങിയവയുടെ നിർമാണത്തിന് 10.73 കോടിയും കൽത്തൊട്ടി, നരിയംപാറ എന്നിവിടങ്ങളിൽ പമ്പ് ഹൗസുകൾ, പൈപ്പ് ലൈൻ തുടങ്ങിയവയ്ക്ക് 5.788 കോടിയുമാണ് പുതുതായി വകയിരുത്തിയിട്ടുള്ളത്. പദ്ധതി പൂർത്തിയാകുന്നതോടെ കട്ടപ്പന നഗരസഭയിലെയും അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്തുകളിലേയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. ജലസേചന വകുപ്പ് കട്ടപ്പന ഡിവിഷൻ പ്രോജക്ടിനാണ് പദ്ധതിയുടെ നിർമാണ ചുമതല.