വളരെ പണ്ട് മഹാരാഷ്ട്രയിലെ ഒരു ചെറിയ ഗ്രാമത്തിൽ ജീവിച്ചിരുന്ന ഒരാളുടെ കഥയാണിത്.
കൃഷിയും മറ്റു കാര്യങ്ങളുമായി തന്റെ ഭവനത്തിൽ തന്നെ കഴിച്ചുകൂട്ടുവാൻ ഇഷ്ടപ്പെട്ട ഒരു വ്യക്തി ആയിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ആ ഗ്രാമം വിട്ട് അയാൾ പുറത്തുപോയിട്ടേ ഇല്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരു സഞ്ചാരി അവിടെ എത്തുകയുണ്ടായി.
അദ്ദേഹം നമ്മുടെ ഗ്രാമവാസിയോട് ചോദിച്ചു:
'' താങ്കൾ മുംബയ് നഗരം കണ്ടിട്ടുണ്ടോ?""
'' മുംബയോ, അതെന്താണ്?""
'' മുംബയ് അല്ലേ ഇന്ത്യയിലെ ഏറ്രവും വലിയ നഗരം. അത് തീർച്ചയായും കണ്ടിരിക്കണം."" എന്ന് സഞ്ചാരി പറഞ്ഞു.
'' എങ്ങനെ ആണ് അവിടേക്ക് പോകുന്നത്?""
ഗ്രാമവാസി ചോദിച്ചു.
'' നിങ്ങളുടെ റോഡിൽ നിന്ന് ബസ് ഉണ്ടാകും. അഞ്ച് - ആറ് മണിക്കൂറുകൾ കൊണ്ട് മുംബയിൽ എത്താം.""
ഇത്രയും പറഞ്ഞ് ആ സഞ്ചാരി യാത്രയായി.
അതോടെ നമ്മുടെ ഗ്രാമവാസിക്ക് മുംബയ് കാണാൻ കലശലായ ആഗ്രഹം ഉടലെടുത്തു. പിറ്റേ ദിവസം തന്നെ മുംബയ്ക്ക് പോകാൻ അയാൾ തീരുമാനിച്ചു. അതിരാവിലെ എഴുന്നേറ്റ് കുളിച്ചു വസ്ത്രമുടുത്ത് കുറച്ചു മുൻപിൽ ഉള്ള റോഡിൽ പോയി അയാൾ ബസിനായി കാത്തുനിന്നു. വളരെ സമയം കഴിഞ്ഞിട്ടും ഒരു ബസ് പോലും വന്നില്ല. ഒരുദിവസം മുഴുവൻ കാത്തുനിന്ന് അയാൾ തിരികെ വീട്ടിലേക്ക് പോരുന്നു. എങ്കിലും അടുത്തദിവസം വീണ്ടും പോകാൻ അയാൾ തീരുമാനിച്ചു.
പിറ്റേ ദിവസവും അയാൾ ബസ് കാത്തു നിന്നപ്പോൾ ഒരു വഴിപോക്കൻ അയാളോട് കാര്യം തിരക്കി.
'' ഞാൻ മുംബയ്ക്ക് പോകാൻ ബസ് കാത്തുനിൽക്കുകയാണ്.""
അതുകേട്ട് വഴിപോക്കൻ പറഞ്ഞു.
'' എന്റെ ചങ്ങാതി, ഈ റോഡിൽ ബസ് വരില്ല. നിങ്ങൾ നടന്നു കുറേ ദൂരം പോയി അവിടെ നിന്ന് ഒരു റിക്ഷ പിടിച്ച് അടുത്തുള്ള ബസ് സ്റ്റാന്റിൽ പോയി മുംബയ്ക്കുള്ള ബസ് കയറണം.""
നമ്മുടെ ഗ്രാമവാസി അങ്ങനെ തന്നെ ചെയ്യുകയും അവസാനം മുംബയിൽ എത്തിച്ചേർന്നതുമായിട്ടാണ് കഥ അവസാനിക്കുന്നത്.
എന്താണ് ഈ കഥയിൽ നിന്ന് മനസിലാക്കാനുള്ളത്.
നമ്മുടെ ലക്ഷ്യത്തിൽ എത്തിചേരാൻ നാം സ്വയം ആക്ഷൻ എടുത്തേ മതിയാകൂ. മറ്റൊരാളും നമുക്ക് വേണ്ടി പ്രയത്നിക്കില്ല, മറിച്ചു നാം തന്നെ ശ്രമിക്കണം. നമ്മുടെ മാതാപിതാക്കളും ഗുരുക്കന്മാരും ഒക്കെ നമുക്ക് മാർഗനിർദ്ദേശങ്ങളും സഹായങ്ങളും ചെയ്തുതരുമെങ്കിലും ആത്യന്തികമായി നാം തന്നെ പ്രവർത്തിച്ചേ മതിയാകൂ.
നിങ്ങൾക്ക് ഒരു ഡോക്ടർ ആകണമെങ്കിൽ ഒരു ഫുട്ബോൾ പ്ലെയർ ആകണമെങ്കിൽ ഒരു ഗിറ്റാറിസ്റ്റ് ആകണമെങ്കിൽ ഒരു സോഷ്യൽ വർക്കർ ആകണമെങ്കിൽ എന്തിനും ഏതിനും നിങ്ങൾ തന്നെ പ്രവർത്തിച്ചേ മതിയാകൂ. നമ്മെ, നമ്മുടെ ലക്ഷ്യത്തിൽ എത്തിക്കാൻ മറ്റാർക്കും കഴിയില്ല. ദൈവത്തിനുപോലും. പക്ഷേ കഴിയുന്നത് നമുക്ക് മാത്രം. പ്രവർത്തിക്കുക എന്നതാണ് ഒരേ ഒരു വഴി. ആബാലവൃദ്ധം ജനതയ്ക്കും സ്വന്തം ലക്ഷ്യത്തിൽ എത്തിച്ചേരാനുള്ള വഴി.
ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ വേണ്ടുന്ന രണ്ടു കാര്യങ്ങൾ കൂടി പറയട്ടെ.
സെൽഫ് കോൺഫിഡൻസ് അഥവാ ആത്മവിശ്വാസം എന്നത് നമ്മളിൽ പലരുടേയും ഒരു പ്രശ്നമാണ്. എന്താണ് ആത്മവിശ്വാസം എന്നാൽ, എന്തെങ്കിലും പ്രവർത്തി ചെയ്യാനുള്ള കഴിവെന്ന് പറയേണ്ടിവരും. നീന്തൽ അറിയാവുന്ന ഞങ്ങൾ പത്തുപേർ പമ്പാ നദിയിൽ നീന്താൻ പോയി. ജൂലായ് മാസത്തിൽ പമ്പ ഇങ്ങനെ നിറഞ്ഞു കവിഞ്ഞു ഒഴുകുകയാണ്. അതിൽ മൂന്നുപേർക്ക് മാത്രമാണ് നദിക്ക് കുറുകെ നീന്താൻ ധൈര്യം ഉണ്ടായത്. നമുക്ക് എല്ലാവർക്കും നീന്താനറിയാം എങ്കിലും ആർത്തലച്ച് ഒഴുകുന്ന പമ്പക്ക് കുറുകെ നീന്താൻ മറ്റുള്ള ഏഴുപേർക്ക് ധൈര്യം ഇല്ലാതായിപ്പോയി.
നമുക്കെല്ലാം മലയാളം സംസാരിക്കാൻ അറിയാം, എങ്കിലും ഒരു പൊതു സഭയിൽ നാല് വാക്ക് പറയാൻ നമുക്ക് മടി. ഇതിനെല്ലാം കാരണം അവനവനു അവനവനിൽ ഉള്ള വിശ്വാസക്കുറവാണ്. ഇംഗ്ളീഷിൽ ഇതിന് self esteem എന്ന് പറയും. നമുക്ക് നമ്മിൽ വിശ്വാസം ഉണ്ടാകണം. നമ്മൾക്ക് ദൈവത്തിൽ വിശ്വാസം ഉണ്ട്, നമ്മുടെ അച്ഛനിലും അമ്മയിലും വിശ്വാസം ഉണ്ട്. നമുക്ക് മറ്റെല്ലാ കാര്യങ്ങളിലും വിശ്വാസം ഉണ്ട്. പക്ഷേ നമുക്ക് നമ്മിൽ വിശ്വാസം ഉണ്ടോ?
നിങ്ങൾക്ക് നിങ്ങളിൽ ഉള്ള ആ വിശ്വാസം ആണ് ജീവിത വിജയത്തിന് ഏറ്റവും അത്യാവശ്യം. ഇനി രണ്ടാമത്തെ കാര്യം, നന്ദി മനോഭാവം! എന്താണ് നന്ദി മനോഭാവം? ആർക്കൊക്കെ ഉണ്ടായിരിക്കണം നന്ദി മനോഭാവം എന്ന് നമുക്ക് പരിശോധിക്കാം. നന്ദിമനോഭാവം എന്നത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവശ്യമാണ്. ജാർഖണ്ഡിലെ മൈക്ക മൈൻ ഫീൽഡുകളിൽ പണിയെടുക്കുന്ന അനവധി കുട്ടികളെ ഓർക്കുമ്പോഴാണ് നമ്മുടെ കുട്ടികൾക്ക് ജീവിതത്തോട് നന്ദി മനോഭാവം ഉണ്ടാകണം എന്ന് തോന്നുന്നത്. ആരോടൊക്കെ നന്ദി ഉണ്ടായിരിക്കണം എന്ന് ചോദിച്ചാൽ മാതാപിതാ ഗുരു ദൈവം എന്ന് പറയാം.
അമ്മയോടും അച്ഛനോടും അവനവൻ വിശ്വസിക്കുന്ന ദൈവത്തോടും പിന്നെ ഗുരുവിനോടും. നമ്മൾക്ക് ആദ്യാക്ഷരം പറഞ്ഞുതന്ന ആശാനും പത്തിൽ കണക്കു പഠിപ്പിച്ച മാഷും ഗുരുക്കന്മാർ തന്നെ. എന്നാൽ അവരോടൊപ്പം നമുക്ക് എന്നെങ്കിലും എന്തെങ്കിലും പറഞ്ഞുതന്ന എല്ലാവരും നമുക്ക് ഗുരുക്കന്മാരാണ്. അപ്പോൾ നമ്മെ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ച കൂട്ടുകാരനും അന്യദേശത്തുപോയപ്പോൾ വഴി പറഞ്ഞുതന്ന അപരിചിതനും നമുക്ക് ഗുരുക്കന്മാരാണ്. അങ്ങനെ വരുമ്പോൾ നമ്മൾ അനേകം ആൾക്കാരോട് നന്ദി ഉള്ളവരായിരിക്കണം.
അതുപോലെ തന്നെ നമുക്ക് നമ്മോട് തന്നെ നന്ദി ഉണ്ടായിരിക്കണം. നമ്മിൽ പലരും സ്വജീവിതത്തെ എപ്പോഴെങ്കിലും ഒക്കെ ശപിച്ചിട്ടുണ്ട്. അപ്പോൾ നാം ജാർഖണ്ഡിലെ മൺകൂനകളിൽ ജീവിതം തേടുന്ന കുട്ടികളെ ഓർക്കുക. വിദ്യാഭ്യാസം ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്ന വർത്തമാനങ്ങളെ ഓർക്കുക.
മുന്തിയ ബൈക്കിനും കൂടിയ മൊബൈൽ ഫോണിനും നാം ശാഠ്യം പിടിക്കുമ്പോൾ ഒരു പിടി ചോറിനു മണിക്കൂറുകൾ കാത്തിരിക്കേണ്ടിവരുന്ന ബാല്യത്തെ ഓർക്കുക നാം. ഓരോ വ്യക്തിക്കും ഉണ്ടായിരിക്കേണ്ട ഏറ്രവും വലിയ ഗുണമാണ് നന്ദി മനോഭാവം അഥവാ attitude of gratitude.
ഈ രണ്ടു കാര്യങ്ങൾ മനസിൽ വച്ചുകൊണ്ടു ശരിയായ പ്രവർത്തനത്തിലൂടെ നമുക്ക് ജീവിതവിജയലക്ഷ്യങ്ങൾ നേടി എടുക്കുവാൻ തീർച്ചയായും സാധിക്കുക തന്നെ ചെയ്യും.
(കൗൺസിലിംഗ് സൈക്കോളജിസ്റ്റ് & കോർപ്പറേറ്റ് ട്രെയിനറാണ് ലേഖകൻ ഫോൺ: 9495835988)