novel

അവർ ഒരു റസ്റ്റോറന്റിൽ കയറി. കവിതയുടെ നിർബന്ധമായിരുന്നു അത്. അവിടത്തെ പൂരിയുടേയും മസാലക്കറിയുടെയും സ്വാദിനെക്കുറിച്ച് അവൾ വാചാലയായി.

''പൂരി കഴിച്ചാൽ ഇന്നുമുഴുവൻ വിശക്കില്ല.""

സുമിക്ക് അന്നേരം ഭക്ഷണം കഴിക്കാൻ താത്പര്യമുണ്ടായിരുന്നില്ല.

''വിശന്നില്ലെങ്കിൽ വേണ്ട. ഉണ്ടാക്കിയതെല്ലാം വയ്‌ക്കാൻ ഫ്രിഡ്‌ജുണ്ടല്ലോ.""

ഇന്ന് അത്താഴവും ഹോട്ടലിൽ നിന്നാണ്. സുമി ഓർത്തു. ഏതായാലും ഉച്ചത്തേക്ക് കറികളൊന്നും ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ട് പാഴാവും എന്ന് വിഷമിക്കേണ്ട. ഭക്ഷണം കഴിച്ചിറങ്ങുമ്പോഴാണ് സുമിയുടെ ഫോണിൽ വിശ്വനാഥിന്റെ കോൾ വന്നത്. അപ്രതീക്ഷിതമായിരുന്നു അത്. ഓഫീസിലെത്തിക്കഴിഞ്ഞാൽ അയാൾ ഭാര്യയെക്കുറിച്ച് ചിന്തിക്കുക പോലുമില്ലെന്നറിയാം. മാറ്റത്തിന്റെ ഭാഗമാവാം ഈ വിളി. അവൾ ഫോണെടുത്തു.

''ഞാനുടനേ എത്തും. നീ തയ്യാറായിക്കോളൂ.""

അയാൾ നിർദ്ദേശിച്ചു.

''എന്താ?""

''ലഞ്ച് പുറത്തുനിന്നാവാം""

''വൈകിട്ടെന്നല്ലേ പറഞ്ഞത്.""

''അതേ, പെട്ടെന്ന് വേറൊരു മീറ്റിംഗ് വന്നു.""

അയാൾ ധൃതിപ്പെട്ടു.

''ഞാനിപ്പോൾ പുറത്താണ്. ഹോട്ടലിൽ.""

സുമി അറിയിച്ചു.

''ഹോട്ടലിലോ?""

അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഈ നേരത്ത് ഒരിക്കലും പുറത്തിറങ്ങാത്തവൾ. ഹോട്ടലിൽ? അവൾ തനിച്ച് ഭക്ഷണം കഴിക്കാൻ പോവുകയൊന്നുമില്ല. ആരാണവളെ കൂട്ടിക്കൊണ്ടുപോയത്!

സുമി വിശദീകരിച്ചു. വിശ്വനാഥിന് നിരാശയായി. വൈകിട്ടത്തേക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ ബുദ്ധിമുട്ടായപ്പോഴാണ് അവളെ അതിശയിപ്പിക്കാനായി ലഞ്ചിന് ക്ഷണിച്ചത്. താൻ പിന്മാറിയില്ലെന്ന് ബോദ്ധ്യപ്പെടുത്താൻ. തിരക്കുണ്ടായിട്ടും പരിഹാരം കണ്ടുവെന്ന് അറിയിക്കാൻ. വെറുതെയായി.

''ശരി, ശരി""

അയാൾ ഫോൺ കട്ട് ചെയ്‌തു. അയാളിൽ സൃഷ്‌ക്കപ്പെട്ട നിരാശയും നീരസവും അവൾക്ക് ഊഹിക്കാമായിരുന്നു.

''വിശ്വേട്ടനാണ് വിളിച്ചത്. ലഞ്ചിന് പുറത്തുപോവാൻ""

സുമി കാര്യം പറഞ്ഞപ്പോൾ കവിതയ്‌ക്ക് വിഷമമായി. താൻ മൂലം അവരുടെ ഒരു മധ്യാഹ്ന സന്തോഷം നഷ്‌ടപ്പെട്ടു.

''സോറി.""

''ഏയ് സാരമില്ല. വിശ്വേട്ടൻ വിളിക്കുമെന്ന് നമ്മളറിഞ്ഞില്ലല്ലോ അല്ലെങ്കിലും ഇങ്ങനെയൊന്നും പതിവില്ലാത്തതാണ്.""

''എങ്കിലും...""

''എത്രയോവട്ടം ഞാൻ നിരാശപ്പെട്ടിരിക്കുന്നു. പ്രതീക്ഷ കുമിളപോലെ പൊട്ടിപ്പോയിരിക്കുന്നു. നിരാശയെന്താണെന്ന് വല്ലപ്പോഴും ആണുങ്ങളും അറിയട്ടെ. ""

സുമിയുടെ ദൃഢമായ ആ വാക്കുകൾക്ക് മുന്നിൽ കവിത സന്തോഷിച്ചു. സുമിയുടെ ഉള്ളിലും അടക്കിപ്പിടിച്ച രഹസ്യങ്ങളുണ്ടെന്ന തിരിച്ചറിവായിരുന്നു അത്. എല്ലാ ദാമ്പത്യത്തിലുമുണ്ട് വിള്ളലുകൾ. ഏതു ഭാര്യയുടേയും ഉള്ളിൽ മുറിവും നൊമ്പരവുമുണ്ട്. തനിക്കും സുമിക്കും...ഏതു പെണ്ണിനും. വാക്കുകൾ ഉറച്ചതാണെങ്കിലും സുമി എന്തോ സമ്മർദ്ദം അനുഭവിക്കുന്നതായി കവിതയ്‌ക്ക് തോന്നി. ഇതിന്റെ പേരിൽ ഒരു കുടുംബകലഹമുണ്ടാവുമോ? എങ്കിൽ താൻ മാത്രമാണ് ഉത്തരവാദി. ഒരു പക്ഷേ ഈ റസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചില്ലായിരുന്നെങ്കിൽ ഊണിനായി വിശ്വനാഥനുമൊത്ത് അവൾക്ക് പോകാമായിരുന്നു. അയാളിവിടെയെത്തി കൂട്ടിക്കൊണ്ടുപോയാൽ മതിയായിരുന്നു. എല്ലാം തെറ്റി. ഇനിയിവളെ ആശ്വസിപ്പിക്കുകയെന്നത് തന്റെ ചുമതലയാണ്.

''അപ്സെറ്റ് ആവാതെ...""

''ഏയ്...ഞാൻ മറന്നു ""

സുമി പുഞ്ചിരിക്കാൻ ശ്രമിച്ചു. പക്ഷേ, വിളറിപ്പോയി.

''വാ""

ഓട്ടോ വിളിക്കാനായി കവിത റോഡിലേക്കിറങ്ങി. സുമിയോട് തണലിൽ നിൽക്കാൻ നിർദ്ദേശിച്ചു. അകലെനിന്ന് വരുന്ന ഓട്ടോ ഒഴിഞ്ഞതാണോ എന്ന് ശ്രദ്ധിക്കുമ്പോഴാണ് എതിർവശത്തുനിന്ന് ഒരു കാർ വന്നുനിന്നത്. അത് സ്വന്തം കാറാണെന്ന് കവിത തിരിച്ചറിഞ്ഞു. അവൾ റോഡിൽ നിൽക്കുന്നത് കണ്ടിട്ടാണ് ശബരി കാർ നിറുത്തിയത്. വിൻഡോ ഗ്ലാസ് താഴ്‌ത്തി അയാൾ ചോദിച്ചു.

''നീയിവിടെ...""

ഷോപ്പിംഗും ഫുഡും എന്നവൾ ആംഗ്യത്തിലൂടെ മറുപടി പറഞ്ഞു. റോഡിന്റെ ഇടതുവശം ചേർന്നാണ് കാർ. അയാൾ കേൾക്കണമെങ്കിൽ വിളിച്ചു പറയേണ്ടിവരും. റോഡ് മുറിച്ച് അങ്ങോട്ട് ചെല്ലാൻ അയാൾ കൈ കാണിച്ചു.

''സുമിയുണ്ട്.""

അവൾ സുമിയെ ചൂണ്ടിക്കാട്ടി. ഡ്രൈവിംഗ് സീറ്റിലിരുന്ന അയാളെ സുമി കണ്ടു. സുമി കാഴ്‌ചയിൽപ്പെട്ടതോടെ അയാളുടെ കണ്ണുകളിൽ പ്രകാശം.

''രണ്ടാളും വരൂ...""

അയാൾ വീണ്ടും കൈ വീശി. സുമിയുടെ കൈയിൽ പിടിച്ചുകൊണ്ടാണ് കവിത പാതമുറിച്ചു കടന്നത്. അയാളുടെ കാറിൽ സഞ്ചരിക്കാൻ സുമിക്കിഷ്‌ടമുണ്ടായിരുന്നില്ല. പക്ഷേ ആ സത്യം കവിതയെ ബോധിപ്പിക്കാൻ കഴിയുകയുമില്ല. ക്ഷണം സ്വീകരിക്കാതിരിക്കുന്നത് മര്യാദകേടാണ്. അപമാനിക്കലാണ്. കാറിൽ അയാളും താനും മാത്രമല്ലല്ലോ. ഒപ്പമുള്ളത് അയാളുടെ ഭാര്യയാണ്. ഭയപ്പെടേണ്ട കാര്യമില്ല. പിൻസീറ്റിലാണ് രണ്ടുപേരുമിരുന്നത്. ശബരി കാർ സ്റ്റാർട്ട് ചെയ്‌തു.

''രണ്ടുപേരുടെയും ഇന്നത്തെ പണി കഴിഞ്ഞില്ലേ?""

കവിത മൂളി.

''ഞങ്ങൾ ഫ്ലാറ്റിലേക്ക് പോവാൻ നിൽക്കുകയായിരുന്നു.""

''അപ്പോഴാണ് ഈ ദൈവദൂതൻ എത്തിയത് അല്ലേ!""

അയാൾ പൊട്ടിച്ചിരിച്ചു.അതൊരു ഫലിതമാണെന്ന് സുമിക്ക് തോന്നിയില്ല.

''ഓ, ഒരോട്ടോ കിട്ടാൻ പാടൊന്നുമില്ല""

കവിത ഭർത്താവിനെ തള്ളിപ്പറഞ്ഞു.

''വീട്ടിൽ കൊണ്ടുവിടുന്നത് വലിയ കാര്യമല്ലെന്ന് എനിക്കറിയാം.""

അയാൾ പറഞ്ഞു.

''പക്ഷേ ഞാൻ നിങ്ങളെ ഒരത്ഭുതത്തിലേക്കാണ് കൊണ്ടുപോവുന്നത്. ""

''എവിടെ?""

കവിത അന്വേഷിച്ചു. ആ ചോദ്യത്തിനു മേൽ സുമിയുടെ സ്വരം പിടഞ്ഞു.

''വേണ്ട""

ജാലക്കാരന്റെ പിടിയിൽ പെട്ടതായി അവൾ ഭയന്നു. അവൾ വല്ലാതെ വിയർത്തു. പക്ഷേ, ശബരി കേട്ടതായി നടിച്ചില്ല. കവിത വീണ്ടും ചോദിച്ചതുമില്ല. കാർ മുന്നോട്ടുനീങ്ങി.

കവിത ഒപ്പമുണ്ടായിട്ടും അയാളുടെ കാറിൽ സുമി അസ്വസ്ഥയായിരുന്നു. ഏതു കാഴ്‌ചപ്പൊലിമയിലേക്കാണ് അയാൾ കൂട്ടിക്കൊണ്ടുപോവുന്നതെന്നറിയില്ല അയാൾ പകർന്നുതരുന്ന ദൃശ്യാനുഭൂതി തന്നെ ആവേശം കൊള്ളിക്കുന്നില്ല.

''എനിക്ക് വീട്ടിൽ പോണം ""

അവൾ കവിതയോട് പറഞ്ഞു.

അത് അപേക്ഷയായിരുന്നില്ല. വ്യക്തമായ ദൃഢമായ സ്വരത്തിൽ തീരുമാനം അറിയിക്കുന്ന മട്ടിലായിരുന്നു.

''ധൃതിയുണ്ടോ?"" കവിത ആരാഞ്ഞു.

അവൾ മൂളി.

''എന്താ ധൃതി? ""

മുൻസീറ്റിൽ നിന്ന ശബരിയുടെ ചോദ്യം.

ആ ചോദ്യം അവൾക്ക് രസിച്ചില്ലെന്നു മാത്രമല്ല ചൊടിപ്പിക്കുകയും ചെയ്‌തു.

''എനിക്ക് പല കാര്യങ്ങളുമുണ്ട്.""

ആ സ്വരമാറ്റം കവിതയ്‌ക്ക് ബോദ്ധ്യമായി. അവൾക്ക് താത്പര്യമില്ലാത്ത ഇടത്തേക്ക് കൂട്ടിക്കൊണ്ടുപോവുന്നത് മര്യാദയല്ല.

''ശബരി നമുക്ക് ഫ്ലാറ്റിലേക്ക് പോവാം""

അയാളത് കേട്ടതായി നടിച്ചില്ല.

കാർ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. വേഗത കൂടുകയും ചെയ്‌തു. അധികം വാഹനസഞ്ചാരമില്ലാത്ത വഴിയായിരുന്നു അത്. തൊട്ടപ്പുറം മെട്രോ റെയിൽപ്പാത ദീർഘിപ്പിക്കുന്നതിന്റെ പണി നടക്കുന്നു. കല്ലും മണ്ണും ഇരുമ്പും നിറഞ്ഞ അന്തരീക്ഷം.

''ശബരീ""

കവിത വീണ്ടും വിളിച്ചു. വഴിതിരിയാൻ നിർദ്ദേശിക്കുന്ന മട്ടിൽ. അപ്പോഴും അയാൾ ശ്രദ്ധിച്ചില്ല. മാത്രമല്ല പരിഹാസം നിറഞ്ഞ പുഞ്ചിരി പൊഴിക്കുന്നതായി കണ്ടു. സുമി പ്രകോപിതയായി.

''വണ്ടി നിറുത്തൂ""

വല്ലാത്ത ആജ്ഞാശക്തി. ധിക്കരിക്കാനാവാത്ത കാഠിന്യം. ശബരി ഞെട്ടിപ്പോയി. അയാൾ കാർ നിറുത്തി.

കവിത പകച്ചുപോയി. തിടുക്കത്തിൽ സുമി ‌ഡോർ തുറന്നു.

''ഇറങ്ങല്ലേ""

കവിത അപേക്ഷിച്ചു.

''നമുക്ക് ഫ്ലാറ്റിലേക്ക് പോവാം.""

സഹായം ആവശ്യമില്ലാത്ത മട്ടിൽ അവൾ പുറത്തിറങ്ങി. കിട്ടുന്ന ഓട്ടോയിൽക്കയറി വീടെത്തുകയെന്നതായിരുന്നു ലക്ഷ്യം. കവിത പുറത്തിറങ്ങി അനുനയിപ്പിക്കാൻ ശ്രമിച്ചു. ഫലമുണ്ടായില്ല. അബദ്ധം പിണഞ്ഞ ശബരി വല്ലാതെ ചൂളി. ഒരു ഓട്ടോ വരുന്നത് കണ്ടു. സുമി കൈകാണിച്ചു അത് ആളൊഴിഞ്ഞതായിരുന്നു. അവൾ ഉള്ളിൽക്കയറി. രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ കവിതയ്‌ക്ക് നേരെ കൈ വീശി. ഒരു ജേതാവിനെപ്പോലെ. സ്‌തബ്‌ധയായ കവിത. തളർന്ന് വിയർത്ത് കാറിൽക്കയറി. ശബരിക്കും അവൾക്കുമിടയിൽ ഒരു വലിയ മതിൽ. മഹാസമുദ്രം. അവൾക്ക് അയാളെ കുറ്റപ്പെടുത്താൻ കഴിഞ്ഞില്ല. തന്റെ പക്ഷത്തും തെറ്റുണ്ട്. സുമി നീരസം പ്രകടിപ്പിച്ചപ്പോൾ തന്നെ അയാളെ ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിക്കേണ്ട ബാദ്ധ്യതയുണ്ടായിരുന്നു. പൊട്ടിത്തെറിയിലെത്തുന്നതിനു മുൻപ് പ്രശ്‌നം പരിഹരിക്കേണ്ടതായിരുന്നു.

''വേണ്ടിയിരുന്നില്ല""

അവൾ പിറുപിറുത്തു.

''അഹങ്കാരിയാണവൾ ""

ശബരി രോഷം പ്രകടിപ്പിച്ചു.

''ബാലത്സംഗം ചെയ്യാൻ കൊണ്ടുപോവുന്ന മട്ടിലല്ലേ അവൾ ചാടിയിറങ്ങിയത്.""

കവിത തർക്കിച്ചില്ല പരാജയവും കുറ്റബോധവും നിസഹായതയും അവളെ കുറച്ചൊന്നുമല്ല തളർത്തിയത്. പിന്നെ രണ്ടാളും സംസാരിച്ചില്ല. ഓട്ടോയിലിരുന്ന് സുമി വിയർപ്പ് തുടച്ചു. താൻ ചെയ്‌തത് ശരിയാണോ എന്ന് ചിന്തിച്ചുനോക്കി. ആണെന്നും അല്ലെന്നും ഉത്തരം കിട്ടി. കുഴപ്പിക്കുന്ന ഉത്തരം. ഇത്തരമൊരു രംഗം സൃഷ്‌ടിക്കേണ്ടിയിരുന്നില്ല എന്ന് സ്വയം തിരുത്തുമ്പോൾ ഉള്ളിലേക്ക് കയറിവരുന്നത് അയാളുടെ ചെയ്‌തിയിലുള്ള ആക്ഷേപമാണ് അയാളുമൊത്തുള്ള സഞ്ചാരത്തിന് തനിക്ക് താല്‌പര്യമില്ലെന്നറിഞ്ഞപ്പോൾ അയാൾ മുന്നോട്ടു പോവാൻ പാടില്ലായിരുന്നു. സ്വാതന്ത്ര്യം പ്രകടിപ്പിക്കാൻ തക്ക അടുപ്പമൊന്നും അയാളുമായിട്ടുണ്ടായിട്ടില്ല.

കവിതയ്‌ക്ക് വിഷമമായിട്ടുണ്ടാവും. കൂട്ടുകാരിക്കും ഭർത്താവിനുമിടയിൽ അവൾ പിടഞ്ഞിട്ടുണ്ടാവും. വീട്ടിലെത്തിയശേഷം അവളുടെ മുന്നിലെത്തി ആശ്വസിപ്പിക്കാം. പക്ഷേ,മാപ്പു പറയുകയില്ല.

അവൾ ഫ്ലാറ്റിലെത്തി. ഓട്ടോക്കാരന് കൂലികൊടുത്തുഗേറ്റിലേക്ക് കയറുമ്പോൾ തെല്ലകലെ നിന്ന് ശബരിയുടെ കാർ വരുന്നത് കണ്ടു. അവരെ അഭിമുഖീകരിക്കാതിരിക്കാനായി അവൾ ധൃതിയിൽ നടന്നു. കാവൽക്കാരന്റെ കാഴ്‌ചയിൽ നിന്ന് മറഞ്ഞപ്പോൾ ശരിക്കും ഓടി. ലിഫ്ടിലേക്ക്. വണ്ടി പാർക്ക് ചെയ്‌ത് ശബരിയും കവിതയും എത്തുന്നതിനു മുൻപ് ലിഫ്ടിൽക്കയറാൻ അവൾ തിടുക്കപ്പെട്ടു. അല്ലെങ്കിൽ ഒരുമിച്ച് കയറേണ്ടിവരും. ലിഫ്റ്റ് മുകളിലേക്ക് പോയിട്ടേയുള്ളൂ. ഇവിടെ കാത്തുനിൽക്കുന്നത് അപകടമാണെന്ന് അവൾക്ക് തോന്നി. അവൾ മറുഭാത്തുള്ള ലിഫ്റ്റിലേക്ക് ഓടി. ഭാഗ്യം ലിഫ്‌റ്റ് ഗ്രൗണ്ട് ഫ്ലോറിൽ തന്നെയുണ്ടായിരുന്നു. അവൾ ഉള്ളിൽക്കയറി വിരലമർത്തി. ലിഫ്റ്റ് ഉയർന്നപ്പോഴാണ് ശ്വാസം നേരെ വീണത്.

ഫ്ലാറ്റിൽ കയറിയ പാടെ അവൾ കിടക്കയിൽ വീണു. ഭാഗ്യംകെട്ട ഒരു ദിവസം. വിശ്വനാഥിനെ നിരാശപ്പെടുത്തി, കവിതയെ മുഷിപ്പിച്ചു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ. ഉൾത്തടത്തിലെ ആശങ്കകളാണ് കാരണം. സത്യത്തിൽ കാരണമില്ലാത്ത കാരണം. ഒരു കൊടുങ്കാറ്റിന് ശേഷമുള്ള ശാന്തത. തെല്ലുകഴിഞ്ഞപ്പോൾ ‌ഡോർബെൽ ശബ്‌ദിച്ചു. കവിതയായിരിക്കുമെന്ന് തീർച്ചപ്പെടുത്തി കാരണം ചികയാനാണെങ്കിലും മാപ്പുപറയാനാണെങ്കിലും ആശ്വസിപ്പിക്കാനാണെങ്കിലും തത്ക്കാലം കാണാൻ വയ്യ. ആറിത്തണുക്കട്ടെ. സമനില വീണ്ടെടുക്കട്ടെ. വീണ്ടും ബെൽ കേട്ടില്ല.

അത്യാവശ്യക്കാരാരുമല്ലെന്നുറപ്പായി. കവിത തന്നെയാവണം. ശല്യപ്പെടുത്തേണ്ടതില്ലെന്ന തീരുമാനത്തിൽ അവൾ പോയിട്ടുണ്ട്. ക്ഷീണം കാരണം അവൾ ഉറങ്ങിപ്പോയി. കലുഷിതമായ മനസ് ഉറക്കത്തിലേക്ക് തള്ളിവിടുകയായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞാണ് കണ്ണ് തുറന്നത്. വാച്ചിലേക്ക് നോക്കിയപ്പോൾ ഉറക്കത്തിന്റെ ദൈർഘ്യം ബോദ്ധ്യപ്പെട്ടു. അവളെഴുന്നേറ്റു. വേഷം മാറി. ചായ തിളപ്പിക്കാൻ അടുക്കളയിലേക്ക് നടന്നു. കടുപ്പത്തിൽ ചായകുടിച്ചാൽ പ്രസരിപ്പ് വീണ്ടുകിട്ടുമെന്ന പ്രതീക്ഷ. ഫ്രിഡ്‌ജ് തുറന്ന് പാലെടുത്തു. രാവിലെ വച്ച പാൽകവർ ഫ്രിഡ്‌ജിൽ കാണുന്നില്ല. പാത്രങ്ങളെല്ലാം നീക്കിനോക്കി. സ്ഥാനം മാറിവച്ചതാണോ എന്നറിയാൻ. രണ്ട് കവറാണ് വാങ്ങിയത്. എന്നും അങ്ങനെയാണ്. ഒരു കവർ രാവിലെ ഉപയോഗിച്ചു. മറ്റൊന്ന് വൈകിട്ടത്തേക്ക് വച്ചിരുന്നു. അതാണ് പതിവ്. ഇന്നും അത് തെറ്റിയിട്ടില്ല. ഫ്രിഡ്‌ജ് അടച്ച് അടുക്കള സ്ലാബിൽ നോക്കുമ്പോൾ സ്റ്റൗവിനടുത്ത് അടച്ചുവച്ച കപ്പ് പാത്രങ്ങളും കപ്പുകളും കഴുകിയടുക്കിയിട്ടാണ് പോയത്. ഇങ്ങനെയൊരു കപ്പിൽ ഒന്നും അടച്ചുവച്ചില്ല. പിന്നെ?അവൾ കപ്പിന്റെ അടപ്പ് നീക്കി. കപ്പിൽ ചൂട് ചായ. വിസ്‌മയത്തിന്റെ മുൾമുന. ഈ വീട്ടിൽ എന്താണ് സംഭവിച്ചിരിക്കുന്നത്? താൻ ഉറങ്ങിക്കിടക്കുമ്പോൾ ആരാണ് വന്നത്? ചായയുണ്ടാക്കിയത്?അവൾ ധൃതിയിൽ പുറത്തേക്കുള്ള വാതിൽ പരിശോധിച്ചു. ഭദ്രമായി അടച്ചിട്ടുണ്ട് ഒരാൾക്ക് കയറിവരാൻ കഴിഞ്ഞതെങ്ങനെ? ഉള്ളിൽ തീയ് തിളച്ചു. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പു തന്നെ ഈ വീട്ടിൽ ഒരാൾ കയറിക്കൂടിയിരിക്കുന്നു. ഇപ്പോൾ എവിടെയോ ഒളിച്ചിരിക്കുന്നു. പാത്രങ്ങൾ അനങ്ങിയതും ചായയുണ്ടാക്കിയതും താനറിഞ്ഞില്ല. ആരാണ്? ആ ചോദ്യം അവൾക്കുള്ളിൽ തിര തള്ളി. ഞെട്ടലിൽ തരിച്ചുനിൽക്കുമ്പോൾ പിന്നിൽ നിന്നും ഒരു വിളി.

''ചേച്ചീ...""

മറ്റൊരു ഞെട്ടലിൽ തിരിഞ്ഞുനോക്കി. കൗമാരക്കാരിയായ പെൺകുട്ടി. ഇപ്പോൾ എവിടെയും കാണാനില്ലാത്ത ഹാഫ് സാരിയാണ് വേഷം. കാണാൻ ചന്തമുള്ളവൾ. വെളുത്തുമെലിഞ്ഞ പെണ്ണ്.

''ആരാ? ""

സുമി വിറയലോടെ ചോദിച്ചു.

''ഞാൻ ശ്യാമള. ഇവിടെ ജോലിക്ക് നിൽക്കാൻ വന്നതാ.""

''ജോലിക്കോ?""

''അതെ.""

''ഞാനാരേയും ജോലിക്ക് വിളിച്ചിട്ടില്ല.""

''എന്നാൽ ഇവിടത്തെ സാറാവും ""

തന്നോട് അഭിപ്രായം ചോദിക്കാതെ അറിയിക്കാതെ വിശ്വനാഥ് ഒരു സഹായിയെ നിയമിക്കുകയില്ലെന്നവൾക്കറിയാം. ഒരു പക്ഷേ മാറ്റത്തിന്റെ കാറ്റിൽ അത്ഭുതത്തിന്റെ മറ്റൊരു തൂവലാണോ ഇത്? സത്യാവസ്ഥ അറിയണം. വിശ്വനാഥനെ വിളിക്കാനായി അവൾ ഫോണെടുത്തു. പെട്ടെന്ന് മറ്റൊരു ചോദ്യത്തിനുത്തരം കിട്ടേണ്ടതിനെക്കുറിച്ചാലോചിച്ചു. ആരാണിവളെ കൊണ്ടുവന്നത്? അടച്ചിട്ടിരുന്ന വാതിൽ തുറന്ന് എങ്ങനെയാണ് അകത്തുകയറിയത്? അവൾ നേരിട്ടുതന്നെ ചോദിച്ചു.

''ഞാനപ്പുറത്തെ ഫ്ളാറ്റിലാ ചെന്നു തട്ടിയത്.""

ശ്യാമള അറിയിച്ചു. അവൾ ചൂണ്ടിക്കാട്ടിയത് ശബരിയുടെ ഫ്ളാറ്റായിരുന്നു.

''അവിടത്തെ സാറാ ഈ ഫ്ലാറ്റ് കാണിച്ചുതന്നത്. സാറുതന്നെയാ വാതിൽ തുറന്നുതന്നത്.""

''താക്കോൽ വച്ചോ? ""

''അല്ല ചേച്ചീ... ഈ വാതിൽ ലോക്ക് ചെയ്‌തിട്ടില്ലായിരുന്നല്ലോ.""

വിശ്വസിക്കാനും തള്ളിക്കളയാനും പറ്റാത്ത അവസ്ഥ. അവൾ വിശ്വനാഥിനെ വിളിച്ചു.

''ജോലിക്കാരിയോ, നീയറിയാതെ ഞാൻ വിളിക്കുമോ? ""

കൂടുതൽ വിശദീകരിക്കാതെ അയാൾ ഫോൺ കട്ട് ചെയ്തു. സുമി പരവശയായി. അത് നോക്കിനിൽക്കാതെ ശ്യാമള അടുക്കളയിൽ ചെന്നു.

''ഞാൻ പഴംപൊരിയുണ്ടാക്കി. ""

ചൂടുമാറാത്ത പഴംപൊരി അവൾ ഡൈനിംഗ് ടേബിളിലെത്തിച്ചു. സുമിക്ക് തലചുറ്റുന്നതായി തോന്നി. ഇത് ശബരിയുടെ മായാജാലം തന്നെയാണ് അയാളാണ് വാതിൽക്കൽ എത്തിച്ചതെന്ന് പെൺകുട്ടി പറഞ്ഞു. അതിനർത്ഥം ഇതിനു പിന്നിൽ അയാൾ. സൂത്രധാരൻ.

''കുട്ടീ, എനിക്കിവിടെ ആരെയും വേണ്ട. ഞാനാരെയും ഏർപ്പാട് ചെയ്‌തിട്ടില്ല. നീ പൊയ്ക്കോ...""

ശ്യാമളയുടെ മുഖം വിളറി.

'' ചേച്ചീ, ഇനിയെന്നെ പറഞ്ഞുവിടല്ലേ. എന്റെ വീട്ടിൽ വന്ന് വിളിച്ചത് ആരാണെന്നറിയില്ല. അമ്മയോടാ അയാള് സംസാരിച്ചത്. ബസ് കാശും കൊടുത്തിരുന്നു.""

''ഇല്ല, എനിക്കറിയില്ല ""

സുമി ഉറച്ചുനിന്നു.

''ഇവിടെ വേറെ വേലക്കാരിയുണ്ടോ? ""

''ഇല്ല, പറഞ്ഞില്ലേ എനിക്കാരും വേണ്ടാന്ന്... ""

സുമി തലയിൽ കൈവച്ചു. വിഷണ്ണയായി നിൽക്കുന്ന ശ്യാമളയെ അവൾ പരിഗണിച്ചില്ല. ഒരു മന്ത്രവിദ്യയിൽ താൻ ചതിക്കപ്പെട്ടിരിക്കുകയാണെന്ന അവഹേളനം അരിശപ്പെടുത്തി. കാറിൽ നിന്നിറങ്ങിപ്പോയതിന്റെ പകവീട്ടൽ. ശബരിയുടെ ചെപ്പടിവിദ്യ കാണാൻ തയ്യാറാവാത്തതിന്റെ വൈരാഗ്യം.

പക്ഷേ, ജീവനുള്ള ഒരു വ്യക്തിയെ അതും ഒരു പെൺകുട്ടിയെ മുന്നിൽ നിറുത്തിയിട്ടുള്ള ഈ തന്ത്രം അനുവദിക്കാൻ വയ്യ. ശ്യാമള എന്ന ഇവൾ സങ്കല്‌പമോ യാഥാർത്ഥ്യമോ? ചൂടു ചായ, പഴം പൊരി. ഇവയൊക്കെ സങ്കല്‌പമാണെന്ന നിഗമനത്തിലെത്തിച്ചേരാൻ സാധിക്കുന്നില്ല.

''ചേച്ചീ ഇന്നൊരു ദിവസം ""

അവൾ അപേക്ഷിച്ചു.

''വേണ്ട. ഇവിടെ നിനക്ക് താമസിക്കാനുള്ള സൗകര്യമില്ല.""

''അടുക്കളയുടെ മൂലയിൽ ഞാൻ കിടന്നോളാം. അല്ലെങ്കിൽ അതാ അവിടെ""

അവൾ ബാൽക്കണി ചൂണ്ടിക്കാണിച്ചു.

സുമിക്ക് അലിവുണ്ടായില്ല.

''വേണ്ട.""

കൂടുതൽ കനത്തസ്വരം.

(തുടരും)