vv

ശ്രീരാമന്റെ ശക്തിയും മാഹാത്മ്യവും മാരീചനിൽ നിന്ന് കേട്ടതുകൊണ്ടാണ് രാവണൻ സീതയെ അപഹരിക്കുക എന്ന സാഹസയത്നത്തിൽ നിന്ന് പിന്തിരിഞ്ഞത്. പ്രകൃതിയിൽ സംഭവിക്കേണ്ടത് സംഭവിക്കുകതന്നെ ചെയ്യും. അതിനെ തടയാൻ ഒരു ശക്തിയും കഴിയുകയില്ല. ശ്രീരാമന്റെ യുദ്ധസാമർത്ഥ്യം ശൂർപ്പണഖ നേരിൽ കണ്ടതാണ്. അതിശക്തരായ ഖരദൂഷണ ത്രിശിരസുകളെയും പതിനാലായിരും രാക്ഷസപ്പടയേയും മൂന്നരനാഴികകൊണ്ടാണ് ശ്രീരാമൻ നിഗ്രഹിച്ചത്. അത്കണ്ട് ശൂർപ്പണഖ ഇടിനാദം പോലെ അലമുറയിട്ടു. ഭയന്ന് വിറച്ച് അവൾ ശ്രീരാമസന്നിധിയിൽ നിൽക്കാൻ പോലും ധൈര്യമില്ലാതെ രാവണൻ വാഴുന്ന ലങ്കയിലേക്ക് പലായനം ചെയ്തു. രാമരാവണ യുദ്ധത്തിലേക്ക് സംഭവങ്ങൾ വഴിതിരിയണമെങ്കിൽ ശൂർപ്പണഖ രാവണസന്നിധിയിലെത്തുകയും സഹോദരചിത്തം ഇളക്കുകയും വേണമല്ലോ.

ലങ്കയിൽ അരമനയിൽ മന്ത്രിമാർക്കും ഉപദേശകന്മാർക്കുമൊപ്പം രാജസദസിലിരിക്കുന്ന രാവണന്റെ മുന്നിലെത്തി ശൂർപ്പണഖ. സ്വർണപ്രഭ വിതറുന്ന സിംഹാസത്തിൽ ദേവേന്ദ്രനെപ്പോലെ ശോഭിക്കുന്ന രാവണൻ. നെയ്യൊഴിച്ച അഗ്നിജ്വാലയുടെ കാന്തി. ദേവന്മാർക്കും ഗന്ധർവന്മാർക്കും മഹർഷിമാർക്കും അജയ്യനായി വാഴുകയാണ് രാവണൻ.

സിംഹാസനത്തിൽ രാവണൻ അമർന്നിരിക്കുന്ന കാഴ്‌ച കാണേണ്ടതുതന്നെ. എത്രയോ യുദ്ധരംഗങ്ങളിൽ വീറോടെ പൊരുതിയ രാക്ഷസേന്ദ്രൻ. ദേവാസുരയുദ്ധത്തിൽ വജ്രായുധപ്രഹരമേറ്റവനാണ്. ഐരാവതത്തിന്റെ കൊമ്പുകൾകൊണ്ട് തഴമ്പാർന്ന മാറിടത്തോട് കൂടിയവൻ. ഇരുപത് കൈകൾ. പത്തുതലകൾ. വിശിഷ്ടഭോജ്യങ്ങൾ ആസ്വദിക്കുന്നവൻ. ശരീരകാന്തിക്കനുയോജ്യമായ ഉത്തമാഭരണങ്ങൾ. ദേവാസുരയുദ്ധവേളയിൽ പലതവണ വിഷ്‌ണുവിന്റെ സുദർശന ചക്രം ഏറ്റിട്ടു ജീവഹാനിയുണ്ടാകാത്തവൻ. തേജസാർന്ന പത്തുമുഖങ്ങൾ,​ നീണ്ട കൈകൾ,​ വെളുത്ത പല്ലുകൾ,​ ദേവന്മാരുടെ ദിവ്യാസ്ത്രങ്ങളെല്ലാം സ്വന്തം ശരീരം കൊണ്ട് പ്രതിരോധിച്ചവൻ. ആയുധപ്രയോഗങ്ങളെല്ലാം സഹിച്ചവൻ. മഹാസാഗരങ്ങളെ കലക്കിമറിക്കുവാൻ പ്രാപ്തിയുള്ളവൻ. പർവതങ്ങളെ പിഴുതെടുത്തെറിയാൻ കെല്പിള്ളവൻ. ദേവന്മാരെ പീഡിപ്പിക്കുന്നവൻ. ധർമ്മവൃക്ഷത്തിന്റെ തായ് വേരറുക്കുവാൻ കഠിന ശ്രമം നടത്തുന്നവൻ. അന്യസ്ത്രീകളിൽ പ്രിയം കാട്ടുന്നവൻ, പുണ്യയാഗങ്ങളെ മുടക്കുന്നവൻ, മൂന്നുലോകങ്ങൾക്കും ഭീഷണിയായവൻ. ഒന്നിലും കൂസാതെ കുലുങ്ങാതെ ലങ്കാപുരിവാണരുളുന്നവൻ.

എന്തെല്ലാം സാഹസങ്ങളാണ് രാവണൻ മുമ്പ് കാട്ടികൂട്ടിയത്.ഭോഗവതീപുരിയിൽ പ്രവേശിച്ച് മഹാസർപ്പമായ തക്ഷകന്റെ ഭാര്യയെ അപഹരിച്ചു. നാഗരാജാവായ വാസുകിയെ പരാജയപ്പെടുത്തി. കൈലാസവാസിയും യക്ഷനാഥനുമായ കുബേരന്റെ പുഷ്പകവിമാനം തട്ടിയെടുത്തു. നന്ദനം, ചൈത്രരഥം തുടങ്ങിയ ദേവാരാമങ്ങളെ തകർത്തു. ഉദയസൂര്യനെയും ചന്ദ്രനെയും തടയാൻ കെല്പുള്ള രാവണൻ.

പതിനായിരം വർഷം നീണ്ട തപസ് ഒടുവിൽ തന്റെ ഓരോശിരസായി ബ്രഹ്മാവിന് സമർപ്പിച്ചു. സ്വന്തം ശിരസുകൾ ഓരോന്നായി ഹോമിക്കുന്നത് കണ്ട് ബ്രഹ്മാവ് സംപ്രീതനായി. ദേവന്മാർ,അസുരന്മാർ, സർപ്പങ്ങൾ, ഗന്ധർവന്മാർ, പക്ഷിമൃഗാദികൾ തുടങ്ങിയവയിൽ നിന്നും ഒരുകാലത്തും മരണമുണ്ടാകരുത്. യാഗവേളയിൽ പുരോഹിതന്മാർ യഥാവിധി പിഴിഞ്ഞുവച്ച സോമരസം ഒരു ഭയപ്പാടുമില്ലാതെ പാനം ചെയ്യുവാൻ രാവണന് ഒരു ഭയവുമില്ല. യജ്ഞങ്ങൾ ചെയ്യുന്നവരെ നിഗ്രഹിക്കാനും മടിയില്ലാത്തവനാണ്.

ശൂർപ്പണഖയ്‌ക്ക് തന്റെ സഹോദരനായ രാവണനെപ്പറ്റി ഏറെ അഭിമാനമാണ്. മനം നിറയെ പ്രജകൾക്ക് അഹിതമുണ്ടാക്കുന്നവൻ. ലോകഭയങ്കരൻ നിർദ്ദയമായി ശിക്ഷിക്കുന്നവൻ. ദിവ്യമാല്യങ്ങളണിഞ്ഞ് അലൗകികമായ വസ്ത്രാഭരണങ്ങളണിഞ്ഞ് ത്രിലോകചക്രവർത്തിയായി വാഴുകയാണ് രാവണൻ. എത്ര പ്രബലനെയും നശിപ്പിക്കാൻ പ്രാപ്‌തിയുള്ളവൻ. ചുറ്റിനും ഉപദേശകവൃന്ദങ്ങളും മന്ത്രിശ്രേഷ്ഠന്മാരും. ഇതുതന്നെ തന്റെ ദുരവസ്ഥപറയാൻ പറ്റിയനേരം. ശൂർപ്പണഖ വേദനയും നിസ്സഹായതയും അഭിനയിച്ചുകൊണ്ട് രാവണന്റെ മുന്നിലെത്തി. ലക്ഷ്‌മണൻ തന്നെ വിരൂപയാക്കിയതോർത്ത് അവർ ദുർബലയായെങ്കിലും ഒരു കൂസലുമില്ലാത്തമട്ടിൽ രാവണന്റെ മുന്നിൽ തന്റെ മനോദുഃഖം അവതരിപ്പിച്ചു.

(ഫോൺ: 9946108220)