ലീനയെ കണ്ടാൽ തന്നെ പകുതി അസുഖം കുറയും. കുറേനേരം സംസാരിച്ചിരുന്നാൽ മുക്കാൽ ഭാഗവും മാറും. അയൽവാസികളുടെ പൊതുവിശേഷണം അങ്ങനെയാണ്. ദുഃഖങ്ങളും വേദനകളും ഒപ്പിയെടുക്കാൻ വന്ന മാലാഖ എന്ന് ചിലർ സെലീനയുടെ മുഖത്തുനോക്കി പറയും. ഇല്ലാത്തത് പറയല്ലേ... ദൈവം കോപിക്കും. സെലീനയുടെ മറുപടി അത്തരത്തിലായിരിക്കും.മരുന്നു കഴിക്കേണ്ടവിധം, പനിയുണ്ടോ ലാബിലെ ടെസ്റ്റ് റിസൽട്ട് സംശയങ്ങൾ എന്നൊക്കെ ആരാഞ്ഞ് പലരും സമീപിക്കും. എത്ര തിരക്കുണ്ടായാലും അതൊക്കെ മറന്ന് അവരെ പരിഗണിക്കും. ചിലർ കീശയോ പേഴ്സോ തപ്പാൻ ശ്രമിക്കുമ്പോൾ സെലീന അവരെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് പറയും: എല്ലാർക്കുമായുള്ളത് ദൈവം തന്നു. ബാക്കിയും വാങ്ങി ഇപ്പോ അങ്ങോട്ടിറങ്ങിയതേയുള്ളൂ. കേൾക്കുന്നവരുടെ ചിരിയിലും സന്തോഷത്തിലും സെലീനയും പങ്കെടുക്കും.
വളരെക്കാലം സ്വിറ്റ്സർലണ്ടിൽ നഴ്സായിരുന്നു സെലീന. അവിടത്തെ ഒരു ഓൾഡ് ഏജ് ഹോമിൽ സേവനമനുഷ്ഠിക്കുമ്പോഴാണ് സ്നേഹത്തിന്റെ ഭൂപടം എത്ര വിപുലമാണെന്ന് മനസിലാക്കുന്നത്. ഇടപഴകുന്നവരെല്ലാം നല്ല പ്രായം ചെന്നവർ. ആരോഗ്യവും യൗവനവും ഓർമ്മകളും വറ്റിവരണ്ടു പോയവർ. ചുക്കിച്ചുളിഞ്ഞ കൈകൾ കൊണ്ട് ചിലർ തലോടുമ്പോൾ പണ്ട് വാത്സല്യത്തോടെ അമ്മ തലോടിയനാളുകൾ ഓർത്തുപോകും. സാഹചര്യങ്ങൾ അനാഥരാക്കിയവരാണ് അന്തേവാസികളിൽ പലരും. അവരുടെ മക്കൾക്ക് സ്നേഹമില്ലാഞ്ഞിട്ടല്ല. ജീവിതം എത്തിപ്പിടിക്കാനുള്ള തത്രപ്പാടിൽ പ്രിയപ്പെട്ടവരെ ഒറ്രയ്ക്കാക്കിയിട്ട് പോകാൻ വൈമനസ്യമുള്ളവർ. പലർക്കും പെൻഷനുണ്ട്. ഇൻഷുറൻസ് ഉണ്ട്. വിധി നേരത്തേകൂട്ടി കൊണ്ടുപോയ അമ്മയുടെ അഭാവം സെലീന അന്തേവാസികൾക്കൊപ്പം കഴിയുമ്പോൾ മറന്നു. ഒരുപാട് അമ്മമാരുള്ള ഒരു കൂട്ടുകുടുംബമാണ് ആ വൃദ്ധസദനമെന്ന് തോന്നിയിരുന്നു. അവധി ദിവസത്തിന്റെ തലേന്ന് പലരും പ്രിയപ്പെട്ടവരെ കൂട്ടിക്കൊണ്ടുപോകാൻ കാറുമായി വരും. ഏതോ സുഖവാസകേന്ദ്രത്തിലേക്ക് യാത്ര പോകുന്ന മട്ടായിരിക്കും പല അമ്മമാരുടേയും മുഖത്ത് . അവധികഴിഞ്ഞ് മടങ്ങുമ്പോൾ പലരും അഞ്ചുവയസ് കുറഞ്ഞമട്ടിലായിരിക്കും. സ്നേഹിക്കാൻ ആളുള്ള അവസ്ഥയാണ് ആരോഗ്യവും ശാന്തിയും. അത് നഷ്ടമാകുമ്പോൾ അനാരോഗ്യമായി വാർദ്ധക്യമായി. ഓൾഡ് ഏജ് ഹോമിലെ അനുഭവങ്ങൾ സെലീനയെ പഠിപ്പിച്ച പാഠം അതാണ്.
അയൽവാസിയായ ശാലിനി സെലീനയുടെ വീട്ടിലെത്തിയത് ഉപദേശം തേടിയാണ്. രണ്ടുജോലികിട്ടിയിരിക്കുന്നു. ഒന്ന് കൃത്യമായി സമയം നോക്കി ചെയ്തു തീർത്തുപോരാവുന്ന ക്ലാർക്ക് ജോലി. മറ്റൊന്ന് നഴ്സായും. ഏതുവേണമെന്ന് തീരുമാനിക്കാനാകുന്നില്ല. അതുകൊണ്ടാണ് സെലീന ആന്റിയെകാണാമെന്ന് നിശ്ചയിച്ചത്. സെലീന ഒരു ആൽബമെടുത്ത് ശാലിനിക്ക് നൽകി. സ്വിറ്റ്സർലണ്ടിലെ ഓൾഡ് ഏജ് ഹോമിൽ സേവനമനുഷ്ഠിച്ച നാളുകൾ. കൊച്ചുകുട്ടികളെപ്പോലെ പേൻ കൊല്ലാൻ ഇരുന്നുകൊടുക്കുന്നവർ, താരാട്ടുപാടി ഉറക്കുന്നവർ. ശാലിനി ഓരോ പേജായി മറിച്ചുനോക്കുമ്പോൾ സെലീന പറഞ്ഞു മറ്റുള്ളവരുടെ നൊമ്പരങ്ങൾ മാറ്റിക്കൊടുക്കുന്ന ജോലി ഒട്ടും മോശമല്ല. സമതലത്തിലെ കാറ്റും കഷ്ടപ്പെട്ട് മലകയറുമ്പോൾ തലോടുന്ന കാറ്റിന്റെ സുഖവും രണ്ടാണ്. ഏതുവേണമെന്ന് സ്വയം തിരഞ്ഞെടുക്കുക.
ഒരുമാസം കഴിഞ്ഞ് തൂവെള്ള യൂണിഫോമിൽ ശാലിനി മധുരവുമായി കാണാൻ വരുമ്പോൾ പഴയ ആൽബം നോക്കിയിരിക്കുകയായിരുന്നു സെലീന. മണ്ണിൽ വേദനകൊത്തിപ്പറക്കുന്ന വെള്ളരിപ്രാവുകളിലൊന്നായി ഞാൻ. സന്തോഷത്തോടെ അഭിമാനത്തോടെ സെലീന ശാലിനിയെ ചേർത്തുപിടിച്ചു.
(ഫോൺ: 9946108220)