ഇത് പണ്ടെങ്ങോ വായിച്ച കഥയാണ്. പക്ഷേ അതിലൊരു ജീവിതമൂല്യമുണ്ട്. കരുതലിന്റെയും നിശബ്‌ദമായ സ്നേഹത്തിന്റെയും പാഠമുണ്ട്. സ്നേഹം എപ്പോഴും പ്രകടനപരമാകണമെന്നില്ല എന്നും ഈ കഥ നമ്മെ പഠിപ്പിക്കുന്നു. ഒരു സാധാരണക്കാരനായ മനുഷ്യന്റെ ജീവിതത്തിൽ സംഭവിച്ച കാര്യമാണതി. വലിയ സൂപ്പർ മാർക്കറ്റുകൾ ഉണ്ടെങ്കിലും ഡിസ്‌ക്കൗണ്ടിന്റെ മനം മയക്കുന്ന പരസ്യങ്ങൾ ഏറെ കാണുന്നുണ്ടെങ്കിലും അയാൾ വീടിനടുത്തുള്ള ഒരു ചെറിയ കടയിൽ നിന്നാണ് വീട്ടിലേക്ക് ആവശ്യമുള്ള പഴങ്ങൾ വാങ്ങിയിരുന്നത്. വൃദ്ധയായ ഒരു കടക്കാരിയുടെ കൈയിൽ നിന്നാണ് അയാൾ പഴങ്ങൾ വാങ്ങിയിരുന്നത്. അന്ന് അയാൾ വാങ്ങിയത് കുറേ ഓറഞ്ചായിരുന്നു.
എപ്പോൾ ഓറഞ്ചു വാങ്ങിയാലും അയാൾക്ക് ഒരു ശീലമുണ്ടായിരുന്നു. ഓറഞ്ച് തൂക്കി കഴിഞ്ഞ് അയാളുടെ സഞ്ചിയിലിട്ടശേഷം അതിൽ നിന്ന് ഓരു ഓറഞ്ച് പുറത്തെടുത്ത് പൊളിക്കും. ഒരല്ലി എടുത്ത് വായിലിട്ട് നുണയും. എന്നിട്ട് കടയുടമയായ വൃദ്ധയോട് പറയും:
''എന്തൊരു പുളിയാണിതിന്. ഒട്ടും മധുരമില്ല.""
അവർ തർക്കിക്കും.
''ഹേയ്, അതിന് സാദ്ധ്യതയില്ല. നല്ലയിനം ഓറഞ്ച് ഞാൻ പ്രത്യേകം തിരഞ്ഞെടുത്തതാണ്.""
''എങ്കിൽ നിങ്ങൾ ഇതൊന്ന് കഴിച്ചുനോക്കൂ.""
അയാൾ മറ്റൊരു അല്ലിയെടുത്ത് അവർക്ക് നൽകും. അവർ അത് രുചിച്ചുനോക്കിയിട്ട് പറയും.
''ഇതിന് അല്പം പോലും പുളിയില്ലല്ലോ? നല്ല മധുരവും നല്ല സ്വാദും.""
അയാൾ മറുപടി ഒന്നും പറയാതെ ബാക്കിയുള്ള ഓറഞ്ചുമായി പോകും. ഈ ഓറഞ്ചു വാങ്ങലും പൊളിക്കലും രുചിച്ചുനോക്കലും കുറ്റപറയലും പലപ്പോഴും ആവർത്തിച്ചു. ഒരു ദിവസം അയാളുടെ ഭാര്യ പറഞ്ഞു:
''നിങ്ങൾ എന്തിനാണ് ഈ നാടകം കളിക്കുന്നത്. ആ അമ്മച്ചിയുടെ കടയിൽ നിന്നും വാങ്ങുന്ന ഓറഞ്ചിന് നല്ല മധുരമുണ്ടല്ലോ? വെറുതെ അവരെ കുറ്റം പറയുന്നത് എന്തിനാണ്?""
അയാൾ അതുകേട്ട് പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു.
''എനിക്കറിയാം. പക്ഷേ ഓറഞ്ചു വിൽക്കുന്ന ആ പാവം സ്ത്രീ ഒരിക്കലും അത് രുചിച്ചുനോക്കില്ല. അതിൽ നിന്നും ഒരെണ്ണം എടുത്ത് കഴിക്കാൻ അവരുടെ ദാരിദ്ര്യം അവരെ അനുവദിക്കുന്നില്ല. അതുകൊണ്ടാണ് അവർക്ക് പണം നഷ്‌ടപ്പെടാതെ ഞാൻ വാങ്ങിയ ഓറഞ്ചിൽ നിന്നും ഒരെണ്ണം എടുത്ത് പൊളിച്ച് അവർക്ക് നൽകുന്നത്. ഞാൻ അത് സൗജന്യമായി കൊടുക്കുമ്പോൾ അവരുടെ അഭിമാനം നഷ്‌ടപ്പെടാതിരിക്കാനാണ് ഈ ഒരു നാടകം വേണ്ടിവരുന്നത്.""
തന്റെ ഭർത്താവിന്റെ ഉദാരശീലവും മറ്റുള്ളവരെക്കുറിച്ചുള്ള കരുതലും അവരെ അഭിമാനപുളകിതയാക്കി. സഹായങ്ങൾ ചെയ്യുമ്പോഴും അത് സ്വീകരിക്കുന്നവരുടെ ആത്മാഭിമാനം മുറിപ്പെടാതിരിക്കാൻ വേണ്ടിയുള്ള ശ്രദ്ധി. അത് അമൂല്യമായ ഒരു സ്വഭാവസവിശേഷത തന്നെയാണ്.
ഒരുദിവസം അടുത്ത കടയിലെ പച്ചക്കറി വില്പനക്കാരി ഓറഞ്ചു വില്പനക്കാരിയുടെ അടുത്ത ചെന്നു ചോദിച്ചു.
''നിങ്ങളുടെ അടുത്തുനിന്നു ഓറഞ്ച് വാങ്ങിക്കുന്ന അയാൾ അതേക്കുറിച്ച് എന്നും കുറ്റം പറയുന്നത് ഞാൻ കേൾക്കാറുണ്ട്. പക്ഷേ നിങ്ങൾ അയാൾക്ക് തൂക്കത്തിൽ കൂടുതലാണല്ലോ എന്നും കൊടുക്കുന്നത്. ഇങ്ങനെ കുറ്റപ്പെടുത്തുന്ന മനുഷ്യന് എന്തിനാണ് കൂടുതൽ കൊടുക്കുന്നത്?"
ആ വൃദ്ധ പുഞ്ചിരിച്ചുകൊണ്ടുപറഞ്ഞു.
''അദ്ദേഹം എന്തിനാണങ്ങനെ പറയുന്നതെന്ന് എനിക്കറിയാം. ഞാൻ ഓറഞ്ച് കഴിക്കട്ടെ എന്ന നല്ല ഉദ്ദേശമാണ് ഉള്ളതെന്ന് ഞാൻ മനസിലാക്കിയിട്ടുണ്ട്. അദ്ദേഹം വാങ്ങിയ ഓറഞ്ചിൽ നിന്നാണ് പൊളിച്ച് എനിക്ക് സ്വാദ് നോക്കാൻ തരുന്നത്. സ്വാദ് നോക്കിയിട്ട് കുറ്റം പറഞ്ഞ് വാങ്ങാതെ പോവുകയല്ല ചെയ്യുന്നത്. ഞാൻ മനഃപൂർവം അദ്ദേഹത്തിന് കൂടുതൽ കൊടുക്കുന്നതല്ല. അദ്ദേഹത്തിന്റെ സ്നേഹത്തിന്റെയും കരുതലിന്റെയും ശക്തികൊണ്ട് ത്രാസ് ഒരുവശത്തേക്ക് നീങ്ങുന്നതാണ്.""
ഇതാണ് അലങ്കാരങ്ങൾ ഒന്നുമില്ലാത്ത നിർവ്യാജമായ സ്നേഹവും കരുതലും. മറ്റൊരാളുടെ തലത്തിൽ നിന്നുകൊണ്ട് ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുക എന്നത് എളുപ്പമല്ല. സാധാരണ മനുഷ്യരെ കൊണ്ട് വലിയ പ്രയാസമുള്ള കാര്യമാണത്. പക്ഷേ, ഇങ്ങനെ ആത്മാർത്ഥമായ കാരുണ്യത്തിന്റെ ആൾരൂപങ്ങളും നമ്മുടെയിടയിൽ ഉള്ളതുകൊണ്ടാണ് ഈ ലോകം ഇങ്ങനെയെങ്കിലും നിലനിൽക്കുന്നത്. സഹജീവികളോടുള്ള സ്‌നേഹവും അവരെക്കുറിച്ചുള്ള കരുതലും എപ്പോഴും ശബ്‌ദായമാനമാകണമെന്നില്ല. നിശബ്‌ദതയുടെ ആവരണമുള്ള വലിയ മനസുകൾ നമുക്കിടയിലും സ്നേഹവും കാരുണ്യവും കരുതലും പ്രസരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. വലിയ ബഹളങ്ങൾക്കിടയിലെ സൗമ്യഗീതമാണത്.