ചില്ലി കോൺ ഫ്രൈ
ചേരുവകൾ
കോൺഫ്ളോർ : 1 കപ്പ്
ചീസ് ഗ്രേറ്റ് ചെയ്തത് : അര കപ്പ്
ബട്ടർ : കാൽ കപ്പ്
വെള്ളം : മൂന്ന് കപ്പ്
ഉണക്കമുളക്
ചെറുതായരിഞ്ഞത് : 1 ടീ സ്പൂൺ
ഒലിവെണ്ണ: 2 ടേ. സ്പൂൺ
ഉപ്പ് : പാകത്തിന്
തയ്യാറാക്കുന്ന വിധം
സോസ് പാനിൽ വെള്ളമൊഴിച്ച് തിളപ്പിക്കുക. കോൺഫ്ളോർ തെള്ളി ഇതിൽ ചേർക്കുക. ഉപ്പും കുരുമുളകു പൊടിയും ഉണക്കമുളക് ചെറുതായരിഞ്ഞതും ചേർക്കുക. കട്ട കെട്ടാതിളക്കുക. 15-20 മിനിട്ട് അടുപ്പത്ത് വച്ചിളക്കുക. കുറുക്കുക. പാത്രത്തിന്റെ വശങ്ങളിൽ നിന്നും മിശ്രിതം വിട്ടുവരുന്ന പാകമാകുമ്പോൾ വാങ്ങുക. ബട്ടറും ചീസും ചേർക്കുക. ഇതൊരു ബേക്കിംഗ് ടിന്നിലേക്ക് പകരുക. ഒരു സ്പാറ്റുല കൊണ്ടിത് അമർത്തി വയ്ക്കുക. ഇത് ഫ്രിഡ്ജിൽ രണ്ടു മണിക്കൂർ വയ്ക്കുക. സെറ്റാക്കി എടുക്കുക. ഓവന്റെ താപനില 180 ഡിഗ്രിയിൽ ക്രമീകരിച്ച് പ്രീഹീറ്റ് ചെയ്യുക. ബേക്കിംഗ് ട്രേയിൽ ഒരു മെഴുകു കടലാസിട്ട് അതിൽ ഒലീവെണ്ണ കൊണ്ട് തടവുക. ഫ്രിഡ്ജിൽ വച്ച് സെറ്റാക്കിയത് ചോപ്പിംഗ് ബോർഡിലേക്ക് കമഴ്ത്തുക. സ്റ്റീക്കുകളായി മുറിച്ചെടുക്കുക. ഇവ ബേക്കിംഗ് ട്രേയിലെ മെഴുകു കടലാസിൽ നിരത്തി മീതെ ഒലീവെണ്ണ കൊണ്ട് ബ്രഷ് ചെയ്യുക. പതിനഞ്ചു മിനിട്ട് ഒരു വശം ബേക്ക് ചെയ്യുക. മറിച്ചിട്ടും 15 മിനിട്ട് ബേക്ക് ചെയ്യുക. കരുകരുപ്പാക്കി എടുക്കുക.
താമര വിത്ത് കട്ലറ്റ്
ചേരുവകൾ
താമരവിത്ത് : ഒരു കപ്പ്
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് : 1 എണ്ണം, തൊലികളഞ്ഞ് ഉടച്ചത്
പനീർ ചെറുകഷണങ്ങൾ: ഒരു കപ്പ്
കൂവപ്പൊടി : മൂന്നു ടേബിൾ സ്പൂൺ
ഗ്രീൻപീസ് വേവിച്ചത് : അരക്കപ്പ്
പച്ചമുളക്
ചെറുതായരിഞ്ഞത് : രണ്ട് എണ്ണം,
മല്ലിയില
പൊടിയായരിഞ്ഞത് : രണ്ടു ടേ. സ്പൂൺ
ഉപ്പ് : പാകത്തിന്
എണ്ണ : വറുക്കാൻ
തയ്യാറാക്കുന്ന വിധം
താമരവിത്ത് എണ്ണ ചേർക്കാതെ വറുത്ത് പൊടിക്കുക. മറ്റ് ചേരുവകൾ (എണ്ണ ഒഴികെ) ഒരു ബൗളിലേക്ക് എടുത്ത് നന്നായി കുഴച്ച് ഒരേ വലുപ്പമുള്ള ഉരുളകളാക്കി ഒന്നമർത്തി ചൂടെണ്ണയിലിട്ട് വറുത്ത് ബ്രൗൺനിറമാക്കി കോരുക.
ഉഴുന്ന് - തേങ്ങാ ലഡ്ഡു
ചേരുവകൾ
ഉഴുന്ന് പൊടിച്ചത് : മുക്കാൽ കപ്പ്
നെയ്യ് : മുക്കാൽ കപ്പ്
പഞ്ചസാര : ഒരു കപ്പ്
തേങ്ങാഉണക്കി
പൊടിച്ചത് : അര കപ്പ്
അണ്ടിപ്പരിപ്പ് : 3 ടേ. സ്പൂൺ
തയ്യാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള ഒരു പാൻ അടുപ്പത്തുവച്ച് ചൂടാക്കി നെയ്യൊഴിച്ച് ചൂടാക്കുക. ഉഴുന്ന് പൊടിയിടുക. വശങ്ങളിൽ നിന്നും മിശ്രിതം വിട്ടുവരുംവരെ വറുക്കുക. വാങ്ങിവച്ച് തേങ്ങാപ്പൊടിയും അണ്ടിപ്പരിപ്പ് പൊടിച്ചതും പഞ്ചസാര പൊടിച്ചതും ചേർത്ത് ഉരുളകളാക്കി വിളമ്പുക.
ഓട്സ് പനീർ പാൻ കേക്ക്
ചേരുവകൾ
ഓട്സ് : അര കപ്പ്
പഴം : 1 പകുതി
വാനിലാ എസൻസ് : അര ടീ സ്പൂൺ
പട്ട പൊടിച്ചത് : അര ടീ സ്പൂൺ
പനീർ : കാൽ കപ്പ്
പാൽ : 1-2 ടേ. സ്പൂൺ
പഞ്ചസാര : 1 ടേ. സ്പൂൺ
ബട്ടർ : 2 ടേ. സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ബ്ളെന്ററിൽ എല്ലാചേരുവകളും (ബട്ടർ ഒഴികെ) എടുത്ത് 30 സെക്കൻഡ് നന്നായടിച്ച് എടുക്കുക. ഒരു നോൺസ്റ്റിക്ക് പാനിൽ ബട്ടർ തേയ്ക്കുക. ചൂടാക്കുക.ബാറ്റർ ഇതിൽ ഒഴിച്ച് വട്ടത്തിൽ വ്യാപിപ്പിക്കുക. മീതെ ചോക്ളേറ്റ് ചിപ്സിടാം. ബ്രൗൺ നിറമാക്കി വാങ്ങുക. ചോക്ളേറ്റ് സോസും ചേർത്ത് വിളമ്പുക.
കോളിഫ്ളവർ - ഗോതമ്പുനുറുക്ക് ബാൾസ്
ചേരുവകൾ
കോളിഫ്ളവർ ഗ്രേറ്റ് ചെയ്തത് : ഒരു കപ്പ്
ഗോതമ്പു നുറുക്ക് വേവിച്ചത് : ഒരു കപ്പ്
പനീർ : അര കപ്പ്
ഗ്രീൻപീസ് വേവിച്ചത് : അര കപ്പ്
ഉരുളക്കിഴങ്ങ് (ചുരണ്ടിയത്) : ഒരെണ്ണം
പച്ചമുളക് : രണ്ടെണ്ണം
ഇഞ്ചി പൊടിയായരിഞ്ഞത് : 1 ടീ.സ്പൂൺ
ഉപ്പ് : പാകത്തിന്
എണ്ണ : വറുക്കാൻ
നാരങ്ങാനീര് : 1 ടീ. സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ എണ്ണ ഒഴികെയുള്ള ചേരുവകൾ എടുത്ത് നന്നായി തിരുമ്മിപ്പിടിപ്പിക്കുക. ഒരേ വലുപ്പമുള്ള ഉരുളകളാക്കി മാറ്റുക. ചൂടെണ്ണയിൽ ഇവയിട്ട് വറുത്ത് ബ്രൗൺ നിറമാക്കി കോരുക.
റൈസ് ടിക്കി
ചേരുവകൾ
ബസുമതിയരി : അര കപ്പ്
ഗ്രീൻപീസ് വേവിച്ചത് : അര കപ്പ്
ഉരളക്കിഴങ്ങ് : 2 എണ്ണം വേവിച്ച് തൊലി കളഞ്ഞത്.
സവാള, തക്കാളി : ഒരെണ്ണംവീതം
മല്ലിയില ചെറുതായരിഞ്ഞത് : ഒരു ടേ. സ്പൂൺ
പച്ചമുളക് : ഒരെണ്ണം, ചെറുതായരിഞ്ഞത്
ഉപ്പ് : പാകത്തിന്
എണ്ണ : വറുക്കാൻ
തയ്യാറാക്കുന്ന വിധം
ഒരു പ്രഷർകുക്കറിൽ കഴുകി, താരിച്ചുവാരിയ അരിയും പാകത്തിന് വെള്ളവും എടുത്ത് അടച്ച് ഒരു വിസിൽ കേൾക്കുംവരെ വേവിച്ച് വാങ്ങുക. ഉരുളക്കിഴങ്ങ് ഒരു വലിയ ബൗളിൽ ഇട്ട് നന്നായി ഉടയ്ക്കുക. വേവിച്ച ചോറും മറ്റ് ചേരുവകളും (എണ്ണ ഒഴികെ) ഓരോന്നായി ചേർക്കുക. എല്ലാം തമ്മിൽ നന്നായി യോജിപ്പിക്കുക. ചെറുഉരുളകളാക്കി ടിക്കികൾക്ക് രൂപം നൽകുക. ചൂടെണ്ണയിലിട്ട് ഇവ വറുത്ത് ബ്രൗൺ നിറമാക്കി കോരുക.