വാസ്തുശാസ്ത്ര വിജ്ഞാനത്തിൽ പൊതുവെ ആളുകൾ ശ്രദ്ധിക്കാതെ പോകുന്ന ഏറ്റവും മർമ്മ പ്രധാനമായ ചിലകാര്യങ്ങളുണ്ട്. അപ്രധാനമെന്ന് തോന്നാവുന്ന അത് ഏറ്റവും പ്രധാനമുളളതാണെന്ന് വാസ്തുഗവേഷണങ്ങൾ പറയുന്നു. അതിലൊന്നാണ് മതിലിലും വീടിന്റെ മൂലകളിലും 90 ഡിഗ്രി ഉറപ്പാക്കൽ. സാധാരണ ഗതിയിൽ കണക്കെന്ന് പറഞ്ഞ് കന്നിമൂലയിൽ മാത്രം നോക്കി വിടുന്ന ഇത് എല്ലാ മുറികളുടെയും മൂലകളിൽ വരേണ്ടതുണ്ട്. മതിലിലെ കന്നി മൂലയിൽ മാത്രം 90 ഡിഗ്രി കൊണ്ടുവന്നാൽ മതി. പക്ഷേ വീടിനുള്ളിൽ ഓരോ മുറിയിലും ഇത് ഉറപ്പാക്കണം. ഭൂമി വൃത്താകൃതിയിലായതിനാൽ ശാസ്ത്രം പറയുന്ന അളവ് 360 ഡിഗ്രിയാണ്. അതിനെ നാലു മൂലകൾക്കായി വിഭജിക്കുമ്പോൾ ഒരു മൂലയിൽ 90 ഡിഗ്രി വരണം. രണ്ട് വശങ്ങൾ ചേരുന്നതാണല്ലോ ഒരു മൂല. അപ്പോൾ ഒരു മൂലയിലെ ഒരു വശം 45 ഡിഗ്രിയാവും. ഊർജ കേന്ദ്രീകരണവും വികേന്ദ്രീകരണവും പിരിയൻ രൂപത്തിലാണ് കൃത്യമായി പുലരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ പിരിയൻ രൂപത്തിലേയ്ക്ക് വീടിനെ മാറ്റിയെടുക്കണമെങ്കിൽ ചെയ്യേണ്ട പ്രധാനപ്പെട്ട ഒന്നാണ് 90 ഡിഗ്രി ഉറപ്പാക്കൽ.
ചിലപ്പോൾ വീടുകളുടെ നാലുമൂലകളിലും ഉള്ളിലും 90 ഡിഗ്രി കിട്ടണമെന്നില്ല. അത് വീടിന്റെ ചുറ്റളവിന് അനുസരിച്ച് മാറാം. കന്നിയിലും അഗ്നിമൂലയിലും വീടിന് 90 ഡിഗ്രി ഉറപ്പിച്ച് വായു, ഈശാന ഭാഗങ്ങളിൽ 80 നും 85 നുമിടയ്ക്ക് സജ്ജമാക്കിയാലും മതി. ഇനി മുറികൾക്കുള്ളിലെ ഡിഗ്രി ക്രമപ്പെടുത്തൽ എങ്ങനെയെന്ന് നോക്കാം. ഓരോ മുറിയ്ക്കും നാലു മൂല ഉറപ്പാക്കുകയെന്നതാണ് ഇത്. മൊത്ത ഊർജമേഖല അളക്കുമ്പോൾ നാലു മുറികൾക്കു കൂടി 90 ഡിഗ്രി കിട്ടിയാലും മതി. അതായത് കട്ടിളയും ജനാലകളും വയ്ക്കുമ്പോൾ മുറികളുടെ മൂല തിരിച്ച് കല്ലോ കട്ടയോ വച്ചതിന് ശേഷമേ അവ വയ്ക്കാവൂ. എന്നാൽ കെട്ടിനുള്ള സൗകര്യമോ ഫാഷനോ ഒക്കെ നോക്കി മൂലകൾ വരുന്ന ഭാഗത്തോട് ചേർത്ത് കട്ടിളവയ്ക്കുന്നത് വ്യാപകമായി കാണാറുണ്ട്. ഇത് അത്ര നല്ലതല്ല. കന്നിയിൽ 90 ഡിഗ്രി കുറഞ്ഞാൽ തുടർച്ചയായ അസ്ഥിരത ഉണ്ടാവാറുണ്ട്.ജോലിയെയും സാമ്പത്തിക സ്ഥിതിയെയും ഇത് ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അകാരണമായ വഴക്കുകൾ, അപ്രതീക്ഷിതമായ അപകടങ്ങൾ, പുരോഗതിയില്ലായ്മ എന്നിവയും കണ്ടുവരാറുണ്ട്.
അഗ്നിയിൽ 90 ഡിഗ്രി കുറയുന്നത് വീടിന്റെ മൊത്തത്തിലുളള വളർച്ചയെ തടസപ്പെടുത്തും. വിവാഹം, ജോലി. കുട്ടികൾ എന്നിവ പുതുതായി ഉണ്ടാകുന്നതാണ്. ഈ മൂന്ന് കാര്യങ്ങൾക്കും കാലതാമസം ഉണ്ടാവുകയോ അതൊക്കെ നടക്കാതെ പോകുകയോ ചെയ്യാറുണ്ട്. വസ്തുവിന്റെ തെക്ക് കിഴക്ക് ഉയരുകയും 90 ഡിഗ്രി കുറയുകയും ചെയ്താൽ ദോഷങ്ങളുണ്ടാകും. ചിലയിടത്തെ വസ്തു തെക്കുപടിഞ്ഞാറേയ്ക്ക് ദൃഷ്ടി വരുകയും അഗ്നിയിൽ ഡിഗ്രി കുറഞ്ഞിരിക്കുകയും ചെയ്തു കാണാറുണ്ട്.
സംശയങ്ങളും മറുപടിയും
കന്നിമൂല വഴി പൈപ്പുകൾ കൊണ്ടുപോകുന്നത് വാസ്തു ദോഷമാണോ. പ്രതിവിധിയുണ്ടോ?
ഷീല ഗംഗാധരൻ
പോങ്ങുമ്മൂട്
തിരുവനന്തപുരം
കന്നിമൂല വഴി പൈപ്പുകൾ കൊണ്ടുപോകാം. ഭൂമിക്കടിയിലോ മുകളിലോ ഇങ്ങനെ ചെയ്യാം. പക്ഷേ കന്നിമൂല വഴി പൈപ്പുകൾ വിടുമ്പോൾ കൂടുതൽ കട്ടിയും ശക്തിയുമുള്ളവ തിരഞ്ഞെടുക്കണം. പൈപ്പുകൾ പൊട്ടാതിരിക്കാനാണിത്. പൊട്ടിയാൽ അത് വിപരീത ഊർജത്തെ സൃഷ്ടിക്കും.