car

'ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ് ഇതുവരെ നേരിടേണ്ടിവന്നിട്ടില്ല. എല്ലാ പ്രതിലോമശക്തികളും ഒന്നിച്ചുവന്നിരിക്കയാണ്. ഞങ്ങളെ ഉലയ്‌ക്കാനും ക്ഷീണിപ്പിക്കാനും പറ്റുമോ എന്നാണ് നോക്കുന്നത്. അതിനാവശ്യമായ ഒത്താശകൾ കേന്ദ്ര അന്വേഷണ ഏജൻസികൾ ചെയ്‌തുകൊടുത്തിരിക്കുന്നു. പക്ഷേ, എൽ.ഡി.എഫ്. ഐതിഹാസികവിജയം നേടും. ഞങ്ങൾക്ക് ഒരു ക്ഷീണവും വരില്ല. അതോടെ കേന്ദ്ര ഏജൻസികൾ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കുമായിരിക്കും. കടക്കട്ടെ. അപ്പോൾ നോക്കാം.'

തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാദ്ധ്യമങ്ങളോട് പറഞ്ഞതാണ് ഈ വാക്കുകൾ. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പ് സമയത്ത് സോളാർ, ബാർ കോഴ കേസുകളിൽ പെട്ട് പ്രതിസന്ധിയിലായ യു.ഡി.എഫിന്റെ സ്ഥാനത്തായിരുന്നു തദ്ദേശതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടതുമുന്നണി. സർക്കാരിലേക്കും പാർട്ടിയിലേക്കും എത്തുന്ന കേന്ദ്രഏജൻസികളുടെ അന്വേഷണം സമാനതകളില്ലാത്ത പ്രതിസന്ധിയായിരുന്നു ഇടതുമുന്നണിക്ക് സൃഷ്‌ടിച്ചിരുന്നത്.

നിലവിൽ തദ്ദേശ തിരഞ്ഞെടുപ്പുകളിലുള്ള മേധാവിത്വം വിവാദങ്ങളിൽ തട്ടി നഷ്‌ടമാകാതെ നോക്കുകയെന്ന വെല്ലുവിളിയായിരുന്നു ഇടതുമുന്നണിയെ കാത്തിരുന്നത്. സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ, ബിനീഷ് കോടിയേരി കേസുകൾ പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്ന സാഹചര്യം.സർക്കാരിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാണിച്ചുള്ള പ്രചാരണം പരാജയപ്പെട്ടാൽ അത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാകും എന്നതായിരുന്നു പ്രധാന വെല്ലുവിളി.

സർക്കാരും സി.പി.എമ്മും ചെന്നുപ്പെട്ട വിവാദങ്ങളും കേസുകളും തന്നെയായിരുന്നു പ്രതിപക്ഷത്തിന്റെ മുഖ്യ ആയുധം. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം അമ്പേപാളിയെന്നും അവർ പ്രചാരണവിഷയമാക്കി. മാദ്ധ്യമങ്ങളും വിവാദങ്ങൾ ഏറ്റുപിടിച്ചതോടെ നാലുവർഷത്തെ പ്രതിച്‌ഛായ നാലാഴ്‌ച കൊണ്ടു മങ്ങിയ നിലയിലായി സർക്കാർ. സ്‌കൂളുകളുടെയും ആശുപത്രികളുടെയും ഗുണനിലവാരം ഉയർത്തിയതും ന്യായവില ഹോട്ടലുകൾ തുറന്നതും ക്ഷേമപെൻഷനുകൾ ഉയർത്തിയതും കൊവിഡ് കാലത്ത് സൗജന്യ ഭക്ഷ്യകിറ്റുകൾ നൽകിയതുമടക്കമുള്ള ജനക്ഷേമപദ്ധതികൾ മുൻനിർത്തി വിവാദങ്ങളെ മറികടക്കാമെന്നായിരുന്നു ഇടതുമുന്നണിയുടെ വിശ്വാസം. സി.പി.എം നേതൃത്വത്തിൽ പ്രാദേശിക തലത്തിൽ നടത്തിയ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ മുൻനിരയിലുണ്ടായിരുന്നവരെ പലയിടത്തും സ്ഥാനാർത്ഥികളാക്കി. മടിയിൽ കനമില്ലെന്ന ആത്മവിശ്വാസവുമായി വികസനത്തിന്റെയും നേട്ടങ്ങളുടെയും പട്ടിക നിരത്തി അരയും തലയും മുറുക്കി സി.പി.എമ്മും ഇടതുമുന്നണിയും കളത്തിലിറങ്ങി. പോസ്റ്ററിൽ പടം പോലുമില്ലെങ്കിലും മുഖ്യമന്ത്രിയാണ് പടനായകനെന്ന് ഇടതുനേതാക്കൾ ആവർത്തിച്ചു.കൊവിഡ് കാലത്തും ആവേശം ചോരാതെ ജനങ്ങൾ വോട്ടിടാനെത്തി. കനത്ത പോളിങ്ങ് ആയിരുന്നു എല്ലാ ജില്ലകളിലും വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകൾ ഉദ്വേഗം നിറഞ്ഞതായിരുന്നു. എട്ടുമണിയുടെ ആദ്യമിനിട്ടുകളിൽ ചിലയിടങ്ങളിൽ ബി.ജെ.പി മുന്നേറിയതും മുനിസിപ്പാലിറ്റികളിൽ തപാൽ വോട്ടിൽ യു.ഡി.എഫ് മുന്നിലെത്തിയതും ഭരണവിരുദ്ധ വികാരത്തിന്റെ ലക്ഷണമാണെന്ന് പലരും ധരിച്ചെങ്കിലും മിനിട്ടുകൾക്കകം സകലതും മാറിമറിഞ്ഞു. വിവാദങ്ങളെല്ലാം ആത്മവിശ്വാസത്തോടെ മറികടന്ന ഇടതുമുന്നണി പിന്നൊരു കൊടുങ്കാറ്റായി. ആ ചെങ്കൊടിക്കാറ്റേറ്റ് വലതുകോട്ടകൾ നിലംപൊത്തി. ബി.ജെ.പിയുടെ പ്രതീക്ഷകളും കടപുഴകി.

വിവാദ കൊടുങ്കാറ്റിലും ഉലയാതെ മിന്നുന്ന പ്രകടനമാണ് ഇടതുമുന്നണി കാഴ്‌ചവച്ചത്. കേസുകളും വിവാദങ്ങളും ചർച്ചയായിട്ടും തദ്ദേശ തിരഞ്ഞെടുപ്പിലുള്ള മേൽക്കൈ നഷ്‌ടമാകാതിരുന്നത് മുന്നണിക്കും സർക്കാരിനും ആത്മവിശ്വാസമായി. തിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലാകുമെന്ന നിലപാടായിരുന്നു ഇടതുമുന്നണിക്കും യു.ഡി.എഫിനും. സർക്കാരിന്റെ വികസനത്തിനും ജനക്ഷേമപദ്ധതികൾക്കുമുള്ള അംഗീകാരമായാണ് ജനവിധിയെ ഇടതുമുന്നണി കാണുന്നത്. അതിനാൽ തന്നെ ഫലം സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതുമായി. ഇടതുമുന്നണിയുടെ ഇടിവെട്ട് വിജയം കാർട്ടൂണിൽ വിഷയമായി. ഇടിക്കൂട്ടിലെ എതിരാളികളേയും സാക്ഷാൽ ഇ.ഡിയേയും തറപറ്റിച്ച് നിൽക്കുന്ന മുഖ്യമന്ത്രിയായിരുന്നു ഫലപ്രഖ്യാപന ദിവസത്തെ കാർട്ടൂണിലും താരം.
കേസുകളിലും വിവാദങ്ങളിലും പെട്ട് മുൾമുനയിൽ നിൽക്കുമ്പോൾ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും കൊടുങ്കാറ്റിനെ അതിജീവിച്ച് നേടിയ ഈ വിജയം സർക്കാരിനും മുന്നണിക്കും നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല. യു.ഡി.എഫിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ വിള്ളൽവീഴ്‌ത്തിയാണ് ഈ മുന്നേറ്റം മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതൽ കരുത്തനായി. ഇടയ്‌ക്ക് മങ്ങിയ തുടർഭരണമെന്ന പ്രതീക്ഷ വീണ്ടും സജീവമായി. സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ തിരഞ്ഞെടുപ്പിന്റെ ഫലം മാസങ്ങൾക്കകം നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് കേരളം ഉറ്റുനോക്കുന്നത്.