bada

കുറച്ചധികം സമസ്യകളുള്ളൊരു നാട്. ഉത്തരമില്ലാത്ത ഈ നാട് ഇന്തോനേഷ്യയിലെ ഒരു താഴ്വരയിലാണ്. ബാഡ താഴ്വരയെയും ഇവിടുത്തെ അജ്ഞാത ശില്പങ്ങളെയും കുറിച്ചാണ് പറഞ്ഞു വരുന്നത്. ലോകത്തിൽ ഏ​റ്റവുമധികം പുരാവസ്‌തു ഗവേഷകരെ അമ്പരപ്പിച്ച ഇടമാണ് ബാഡ താഴ്വരയും ഇവിടത്തെ ശില്പങ്ങളും. ഇന്തോനേഷ്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏ​റ്റവും വ്യത്യസ്തമായ ജൈവവൈവിദ്ധ്യം കാത്തുസംരക്ഷിക്കുന്ന സുലവെസിയിലാണ് ബാഡ താഴ്വര സ്ഥിതി ചെയ്യുന്നത്.

അത്യപൂർവ്വമായ ജൈവ വൈവിദ്ധ്യം എന്നാണതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. ഈ ജൈവവൈവിദ്ധ്യത്തോളം തന്നെ വ്യത്യസ്തമാണ് ബാഡയിലെ ശില്പങ്ങളും. ലോർ ലിന്റു ദേശീയോദ്യാനത്തിന്റെ ഭാഗമായ ബാഡ വ്യത്യസ്തങ്ങളായ അനേകം ശില്പങ്ങളാൽ സമ്പന്നമാണ്. കൽപ്രതിമകളാണ് ഇവിടെയുള്ളത്. മനുഷ്യരുടെയും മൃഗങ്ങളുടെയും വിവിധ രൂപങ്ങളിൽ നിരവധി ശില്പങ്ങൾ താഴ്വരയുടെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു. കല്ലിൽ നിർമ്മിച്ചിരിക്കുന്ന ഈ ശില്പങ്ങളിൽ ചിലതിന് ഏതാനും ഇഞ്ചുകൾ മാത്രമേ ഉയരമുള്ളൂ. എന്നാൽ ചില ശില്പങ്ങൾക്കാകട്ടെ രണ്ടാളുടെയത്രയും ഉയരം കാണാം. മെഗാലിത്തുകൾ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

1908 ആണ് ബാഡാ താഴ്വരയിലെ അത്ഭുത ലോകം ശാസ്ത്രം കണ്ടെത്തുന്നത്. ശില്പങ്ങളിലെ വ്യത്യസ്തത ഇവിടെ എടുത്തു പറയേണ്ടതാണ്. പാറകളിൽ അത്ഭുതകരമായ രീതികളിലാണ് ഇവ കൊത്തിയിരിക്കുന്നത്. ആയിരം മുതൽ അയ്യായിരം വർഷം വരെ പഴക്കമുണ്ട് ഇവിടുത്തെ കൽശില്പങ്ങൾക്ക് എന്നാണ് ശാസ്ത്രീയ പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയിട്ട് ഒരു നൂ​റ്റാണ്ടു കഴിഞ്ഞെങ്കിലും ഇതിനു പിന്നിലെ രഹസ്യങ്ങൾ ഇനിയും കണ്ടെത്തുവാനായിട്ടില്ല. മ​റ്റൊരിടത്തും കണ്ടിട്ടില്ലാത്ത തരത്തിൽ ഉള്ള ശില്പങ്ങളാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്. വലിയ തലയും ഒരുടലുമാണ് ഇവിടുത്തെ മനുഷ്യരൂപങ്ങൾക്കുള്ളത്. ഇവിടുത്തെ മനുഷ്യ രൂപങ്ങളൾക്ക് കാലുകളില്ല. കലാപരമായ വലിയ പരീക്ഷണങ്ങളൊന്നും മുഖത്തും ദേഹത്തും കാണുവാൻ കഴിയില്ല. ശരീരത്തേക്കാൾ വലിപ്പത്തിലാണ് മുഖം നിർമ്മിച്ചിട്ടുള്ളത്. കവിളും മൂക്കും വരകളിലൊതുക്കിയപ്പോൾ വൃത്താകൃതിയിലെ വലിയ കണ്ണുകളാണ് ഈ ശിൽപങ്ങൾക്കുള്ളത്. ഒ​റ്റയ്ക്ക് നിൽക്കുന്ന ശിൽപങ്ങളെയും അടുത്തടുത്തായി നിൽക്കുന്ന രൂപത്തിലുള്ള ശിൽപ്പങ്ങളെയുമെല്ലാം ഇവിടെ കാണാൻ കഴിയും.

എങ്ങനെ ഈ ശില്പങ്ങൾ ഇവിടെയെത്തിയെന്നോ ആരാണ് നിർമ്മിച്ചതെന്നോ,​ എന്താണ് ഇതിനു പിന്നിലെ വിഷയമെന്നോ ഒന്നും ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ ശിൽപങ്ങൾക്ക് പിന്നിലെ നിഗൂഢതയുടെ ചുരുളഴിക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ആ സത്യം ഇന്നും അജ്ഞാതമായി തന്നെ തുടരുകയാണ്.

ബാഡാ താഴ്വരയുടെ സമീപ പ്രദേശങ്ങളിലൊന്നും ലഭ്യമല്ലാതിരുന്ന തരത്തിലുള്ള കല്ലുകൾകൊണ്ടാണ് ഈ ശില്പങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഈ കാരണങ്ങൾ കൊണ്ടു തന്നെയാണ് ഈ പ്രദേശം ഇന്നും ഉത്തരം ലഭിക്കാത്ത സമസ്യയായ തുടരുന്നത്.