ജോൺ എബ്രഹാമുമായുള്ള കൂട്ടുക്കെട്ടിനെ കുറിച്ച് 'അഗ്രഹാരത്തിൽ കഴുതൈ"യുടെ നിർമ്മാതാവ്
ചാർളി ജോൺ പുത്തൂരാൻ പറയുന്നു
1960 കളുടെ ഒടുവിൽ ഞാൻ ബിസിനസ് ആവശ്യവുമായി പൂനെയിലായിരുന്നു താമസം. അന്ന് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന പ്രേംസാഗർ എന്നയാളിന്റെ ഡിപ്ളോമാ ഫിലിം ഷൂട്ട് ചെയ്തത് അവിടെ ഞങ്ങളുടെ വീട്ടിലായിരുന്നു. രഹ് നാ സുൽത്താനും നവീൻ നിശ്ചലുമായിരുന്നു അഭിനേതാക്കൾ. രാമാനന്ദസാഗറിന്റെ മകനാണ് പ്രേംസാഗർ. മലയാളിയുടെ വീട്ടിലാണ് ഷൂട്ടിംഗ് എന്നതിനാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന ജോണിനെയും അവർ കൂടെ കൂട്ടി. അങ്ങനെയാണ് ജോൺ എബ്രഹാമുമായി അടുത്തത്. പിന്നെ ജോൺ എന്റെ പതിവ് സന്ദർശകനായി. ഞാൻ അടുത്തിട പഴകിയപോലെ മറ്റാരും ജോണുമായി അത്രയും അടുത്തിട്ടുണ്ടെന്ന് കരുതുന്നില്ല. നല്ല മനുഷ്യനായിരുന്നു ജോൺ. അന്നേ നമ്മൾക്കൊരു സിനിമയെടുക്കാമെന്ന് ജോൺ പറയുമായിരുന്നു. പൂനെയിൽ നിന്ന് അഞ്ച് വർഷം കഴിഞ്ഞപ്പോൾ ഞാൻ തിരുവനന്തപുരത്തേക്ക് വന്നു. 1974 ലാണ് ഒരു ദിവസം ജോൺ എന്നെ അന്വേഷിച്ച് വീട്ടിൽ വരുന്നത്. കൂടെ വെങ്കിട്ട് സ്വാമിനാഥൻ എന്നൊരാളുമുണ്ടായിരുന്നു.സിനിമയെടുക്കുന്ന കാര്യം ചർച്ച ചെയ്യാനാണ് ജോണിന്റെ വരവ്.
വെങ്കിട്ടുമായി ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്. സിനിമയുടെ പേര് 'അഗ്രഹാരത്തിൽ കഴുതൈ". തമിഴിലാണ് ചിത്രം. പേരു കേട്ടപ്പോൾ വേറെ പേരിട്ടുകൂടെയെന്ന് ഞാൻ ചോദിച്ചു. പക്ഷേ മറ്റൊരു പേരും അതിന് ചേരില്ലെന്നായിരുന്നു ജോണിന്റെ മറുപടി. നിർമ്മാണ പങ്കാളിയാകാനാണ് എന്നോട് ആവശ്യപ്പെട്ടത്. ഫിലിം ഫൈനാൻസ് കോർപ്പറേഷനിൽ (എഫ്. എഫ്.സി) നിന്ന് മൂന്നുലക്ഷം രൂപ വായ്പയെടുക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും പറഞ്ഞു. ഞാൻ അമ്പതിനായിരം രൂപ മുടക്കിയാൽ മതി. ജോണായതിനാൽ ഞാൻ സമ്മതിച്ചു. ചെന്നൈയിലായിരുന്നു ഷൂട്ടിംഗ് നിശ്ചയിച്ചത്. എഫ്. എഫ്.സിയിൽ നിന്ന് വിചാരിച്ചതുപോലെ വായ്പ കിട്ടിയില്ല. ഒടുവിൽ മുഴുവൻ ചെലവും ഞാൻ വഹിക്കാമെന്നേറ്റു. ജോണുമായുള്ള സൗഹൃദം അദ്ദേഹം മരിക്കുന്നതുവരെ തുടർന്നു.