horn

തിരുവനന്തപുരം: രൂപമാറ്റം വരുത്തിയ വാഹനങ്ങളിൽ കാതടിപ്പിക്കുന്ന ശബ്ദമുള്ള ഹോണുകൾ ഉപയോഗിക്കുന്നവർ ജാഗ്രതൈ. നിങ്ങളെത്തേടി ഇനി ചിലപ്പോൾ എത്തുക ജയിൽ ശിക്ഷ ആയിരിക്കും. സാധാരണ മോട്ടോർ വാഹന വകുപ്പിന്റെ പിഴയിൽ കാര്യങ്ങൾ അവസാനിക്കുമായിരുന്നു. എന്നാൽ,​ ഇനിമുതൽ അതായിരിക്കില്ല.2000ലെ ശബ്ദമലീനീകരണം നിയന്ത്രിക്കുന്നതിനുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ജയിൽ ശിക്ഷ അടക്കമുള്ളവ ലഭിക്കുക.

എയർ ഹോണുകൾ ഉപയോഗിച്ചാൽ 1000 രൂപവരെയും നിരോധിത മേഖലകളിൽ ഹോൺ മുഴക്കുന്നവർക്ക് 500 രൂപ വരെയുമാണ് നിലവിൽ പിഴ ഈടാക്കുന്നത്. ചില സ്വകാര്യ ബസുകളിലും ലക്ഷ്വറി ബസുകളിലും 125 ഡെസിബൽ വരെ ശബ്ദം പുറപ്പെടുവിക്കുന്ന എയർഹോണുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. വാഹനങ്ങൾ ടെസ്റ്റിനു പോകുമ്പോൾ സാധാരണ ഹോണുകൾ ആയിരിക്കും അവയിൽ സ്ഥാപിച്ചിട്ടുണ്ടായിരിക്കുക. ടെസ്റ്റ് കഴിഞ്ഞു വന്നാൽ അവ അഴിച്ചുമാറ്റി വൻ ശബ്ദം പുറപ്പെടുവിക്കുന്ന തരം ഹോണുകൾ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ദൂരയാത്ര ചെയ്യുന്ന സ്വകാര്യ ബസുകളിലെ യാത്രക്കാരാണ് ശബ്ദമലിനീകരണത്തിന്റ ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നത്.

നഗരത്തിലെ തിരക്കുള്ള ജംഗ്ഷനുകളിലെ ശരാശരി ശബ്ദ കോലാഹലം 80 ഡെസിബലിന് മുകളിലാണ്. ഗതാഗത കുരുക്കുണ്ടാകുമ്പോൾ ഒരു വാഹനം ഒരു മിനിറ്റിൽ ശരാശരി അഞ്ചു മുതൽ 10വരെ തവണ ഹോൺ മുഴക്കും. 70 ഡെസിബലിൽ കൂടുതലുള്ള ശബ്ദം കേൾവിക്ക് തകരാർ ഉണ്ടാക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞത്. 120 ഡെസിബലിന് മുകളിലാണ് ശബ്ദമെങ്കിൽ താൽക്കാലികമായി ചെവി കേൾക്കാതെയാകും. ഉയർന്ന ഡെസിബൽ ശബ്ദം നിരന്തരം കേട്ടാൽ കേൾവിശക്തി പൂർണമായും നഷ്ടപ്പെടാം.

ശബ്ദമലിനീകരണം കൂടിയതോടെ ദേശീയ ഗ്രീൻ ‌ട്രൈബ്യൂണൽ,​ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും നിർദ്ദേശം നൽകിയിരുന്നു. ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെയും ഇതിനായി ട്രൈബ്യൂണൽ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി പൊലീസിന് പരിശീലനം നൽകുന്നതിനായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടപടികൾ സ്വീകരിച്ച് വരികയാണ്. ഇതിന്റെ ആദ്യഘട്ട പരിശീലനം ഗാന്ധിനഗറിലെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ റീജിയണൽ ഓഫീസിൽ നടന്നു. തിരുവനന്തപുരം,​ കോഴിക്കോട് മേഖലകളിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം അടുത്ത രണ്ട് ദിവസമായി നടക്കും.

അനുവദനീയമായ ശബ്ദപരിധി

 ഇരുചക്ര വാഹനങ്ങൾ 80 ഡെസിബെൽ (ഡിബി)

 പാസഞ്ചർ കാറുകൾ, പെട്രോളിൽ പ്രവർത്തിക്കുന്ന മുച്ചക്ര വാഹനം 82 ഡിബി

 4000 കിലോയിൽ താഴെ ഭാരമുള്ള ഡീസൽ പാസഞ്ചർ അല്ലെങ്കിൽ ലഘു വ്യാവസായിക വാഹനങ്ങൾ 85 ഡിബി

 4000 കലോയ്ക്കും 12,​000 കലോയ്ക്കും ഇടയിൽ ഭാരമുള്ള പാസഞ്ചർ അല്ലെങ്കിൽ വ്യാവസായിക വാഹനങ്ങൾ 89 ഡിബി