വിഷ്‌ണുഭക്തനായിരുന്നു ഇക്ഷ്വാകുവിന്റെ പുത്രനായിരുന്ന നിമി ചക്രവർത്തി. വളരെ ധർമ്മിഷ്ഠനും നീതിമാനും ജനസമ്മതനും ആയിരുന്നു നിമി ഒരു യാഗം ചെയ്യുന്നതിനായി ആഗ്രഹിച്ചു. അഞ്ഞുറൂ വർഷത്തോളം നീണ്ടു നിൽക്കുന്ന യാഗത്തെക്കുറിച്ച് കുലഗുരുവായ വസിഷ്ഠനുമായി ചർച്ചചെയ്‌തു. എന്നാൽ വസിഷ്ഠ മഹർഷിക്ക് ഇതേ സമയം ദേവേന്ദ്രനു വേണ്ടി ഇതേപോലുള്ള ഒരുയാഗം ചെയ്യാമെന്നേറ്റു പോയിരുന്നതിനാൽ അത് കഴിഞ്ഞ് തിരികെ വന്നതിനുശേഷം നിമിയുടെ യാഗം ചെയ്യാമെന്നറിയിച്ചിട്ട് മഹർഷി ദേവലോകത്തേക്ക് യാത്രയായി.
അഞ്ഞുറ് വർഷം, വസിഷ്ഠൻ തിരികെ എത്തുന്നതുവരെ കാത്തിരിക്കാൻ നിമിക്ക് ക്ഷമയുണ്ടായില്ല. കുറേ ആലോചിച്ചശേഷം ഗൗതമ മഹർഷിയെ യാഗാചാര്യനായി നിയമിച്ച് യാഗം തുടങ്ങാൻ ചക്രവർത്തി തീരുമാനിച്ചു. യാഗം തുടങ്ങി അവസാനിക്കാറായപ്പോൾ ദേവേന്ദ്രനുവേണ്ടിയുളള യാഗം പൂർത്തിയാക്കി വസിഷ്ഠൻ തിരികെ എത്തി. വസിഷ്ഠൻ നിമിയുടെ കൊട്ടാരത്തിൽ എത്തിയപ്പോൾ നിമി ഉറങ്ങുകയായിരുന്നതുകാരണം നിമിയെ കാണാൻ വളരെ നേരമെടുത്തു. ചക്രവർത്തിയെ കാണാനായി കാത്തിരുന്ന വസിഷ്ഠൻ ഇവിടെ യാഗം ആരംഭിച്ചതും അവസാനിക്കാറായതും ഒക്കെ മനസിലാക്കി. രാജഗുരുവിന്റെ ഉപദേശം നിരാകരിച്ചതിലും തന്നെ ഒഴിവാക്കി യാഗം ചെയ്തതിലും വസിഷ്ഠന് അതിയായ കോപം ഉണ്ടായി. രണ്ടു കാരണങ്ങൾ കൊണ്ട് കോപാന്ധനായ വസിഷ്ഠൻ 'നിമിയുടെ ആത്മാവ് ശരീരത്തിൽ നിന്ന് വേർപെടട്ടെ" എന്നും തിരിച്ചും ശപിച്ചു. നിമിയുടെ ശാപം വസിഷ്ഠൻ പുച്ഛിച്ചു തള്ളിയശേഷം കമണ്ഡലുവിൽ നിന്നും ജലം എടുത്ത് നിമിയുടെ ശരീരത്തിൽ വീഴ്ത്തേണ്ട താമസം നിമിയുടെ ആത്മാവ് ശരീരത്തിൽ നിന്നും വേർപെട്ടു. ഒപ്പം വസിഷ്ഠന്റേയും.
ഇരുവരുടെയും ശാപം പരസ്പരം ഫലിക്കുമ്പോൾ നിമിയുടെ യാഗം പൂർത്തിയാകാൻ ഏതാനും ദിവസങ്ങൾകൂടി വേണമായിരുന്നു. യാഗം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ യാഗം ചെയ്തിരുന്ന മുനിമാർ ആശയക്കുഴപ്പത്തിലായി. വളരെ നേരത്തെ ആലോചനകൾക്കു ശേഷം ദിവസങ്ങളോളം ശരീരം കേടുവരാതെ ഔഷധ കൂട്ടുകളിൽ സൂക്ഷിക്കാൻ ഏർപ്പാട് ചെയ്തിട്ട് അവർ യാഗം പൂർത്തിയാക്കി. യാഗം കഴിഞ്ഞ് നിമിയുടെ ശരീരം അന്ത്യകർമ്മങ്ങൾക്കായി ഒരുങ്ങിയ മുനിമാർക്ക് ശവശരീരത്തിന് അസാധാരണമായ പ്രസരിപ്പും ഐശ്വര്യലക്ഷണങ്ങളും ദർശിക്കാനായി. കൂടി ആലോചനകൾക്കുശേഷം നിമിയുടെ ശരീരം വിധിപ്രകാരം മഥനം ചെയ്യാൻ അവർ തീരുമാനിച്ചു. മഥനം ചെയ്ത ശരീരത്തിൽ നിന്നും മഹർഷിമാർ പ്രതീക്ഷിച്ചപോലെ ഒരു ദിവ്യപുരുഷൻ ഉയർന്നെഴുന്നേറ്റു. മഥനത്തിലൂടെ ഉയർന്നവനാകയാൽ ആ ദിവ്യപുരുഷനെ 'മിഥി" എന്നവർ നാമകരണം ചെയ്തു. നിമിയുടെ സാമ്രാജ്യം മിഥി തുടർന്നു ഭരിക്കുകയും ചെയ്തു. മിഥി ഭരിച്ചതിനാൽ സാമ്രാജ്യം 'മിഥില" എന്നറിയാൻ തുടങ്ങി. ആത്മാവ് വിട്ടുപോയ ദേഹ (വിദേഹം) ത്തും നിന്നും ജനിച്ചവനാകയാൽ മിഥിക്ക് 'വിദേഹി" എന്നും രാജ്യം 'വിദേഹരാജ്യം" എന്നും അറിയാൻ തുടങ്ങി. ഇതിനൊക്കെ പുറമേ മൃതദേഹത്തിൽ നിന്നും ജനിച്ചതിനാൽ മിഥിക്ക് 'ജനകൻ" എന്നും പേരുണ്ടായി. തുടർന്ന് മിഥിക്ക് ശേഷം മിഥില ഭരിച്ച രാജാക്കന്മാരെയെല്ലാം ജനകൻ എന്നറിയപ്പെട്ടു. സീതയുടെ പിതാവായിരുന്ന ജനകനും സീതയെ ലഭിച്ചത് ഈ മിഥിലയിൽ നിന്നുമായതിനാൽ സീതയ്ക്ക് 'മൈഥിലി" എന്നും പേരുണ്ടായി.