''എനിക്കിനി ബസ് കിട്ടില്ല. കിട്ടിയാൽ തന്നെ നാട്ടിലെത്തുമ്പോൾ പാതിരാകഴിയും. വീട്ടിലെത്താൻ കുറേ നടക്കണം.""
അരുത്, സുന്ദരിയായ ഈ പെൺകുട്ടിയെ രാവിന്റെ അപകടങ്ങളിലേക്ക് തള്ളിവിടരുത്. പശ്ചാത്തപിക്കേണ്ടിവരും. ആരോ ഉള്ളിലിരുന്ന് ഉപദേശിച്ചു.
''ഒറ്റ രാത്രി ""
സുമി അനുവദിച്ചു.
''മതി "" അവൾ കണ്ണുതുടച്ചു. നനവ് മാറിയ കവിൾത്തടങ്ങളിൽ വീണ്ടും കണ്ണുനീരൊഴുകി.
''കരയണ്ട""
സുമി ആശ്വസിപ്പിച്ചു.
വിശ്വനാഥൻ വരുമ്പോൾ എങ്ങനെയാവും പ്രതികരിക്കുകയെന്ന് അറിയില്ല. ക്ഷോഭിക്കാനാണ് സാദ്ധ്യത. അറിയാത്ത ഒരു പെണ്ണിനെ വീട്ടിൽ പാർപ്പിക്കുന്നതിനോട് അയാൾ യോജിക്കുകയില്ല. എതിർത്താൽ ഒരു മാർഗം മാത്രം. രാത്രിതന്നെ കാറിൽ ഇവളുടെ വീട്ടിൽ എത്തിക്കണം. എത്ര അകലത്താണെന്നോ എവിടെയാണെന്നോ ഊഹമില്ല. എങ്കിലും വേണ്ടിവന്നാൽ...
ക്ഷണിക്കാതെ വന്ന വിരുന്നുകാരി. ഭാര്യയും ഭർത്താവും മാത്രമുള്ള വീട്ടിലേക്ക് ഒരു മുള്ളുപോലെ ഇവൾ. ഏതോ അദൃശ്യ ശക്തിയുടെ പിൻബലം. ശ്യാമള അടുക്കളക്കോണിൽ തളർന്നിരുന്നു. സുമി അവളെ മുറിവേല്പിച്ചില്ല. ശാസിക്കുകയും നിരാകരിക്കുകയും ചെയ്തില്ല. വിശ്വനാഥൻ വന്നതിനു ശേഷം ഒരു തീരുമാനത്തിലെത്താം. ഈ പ്രശ്നത്തിലേക്ക് കവിതയെ കൂട്ടിക്കൊണ്ടുവരാനും തുനിഞ്ഞില്ല. സംശയിക്കുന്നത് ശബരിയെയാണ്. സ്വാഭാവികമായും അയാൾക്ക് ഭാര്യയുടെ പിന്തുണയുണ്ടാവും. രാവിലെയുണ്ടായ അനിഷ്ടസംഭവം അയാളെ മാത്രമല്ല, അവളേയും നീരസപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ സുപർണയുടെ കോൾ വന്നു. സുമി കോൾ എടുത്തില്ല. ഈ വിഷമസന്ധിയിൽ കുശലം പറയാൻ വയ്യ. ശ്യാമളയെന്ന വേലക്കാരിയെക്കുറിച്ചുള്ള രഹസ്യം അറിയിക്കാനും വയ്യ. എല്ലാത്തിനും ഹേതു അവളും സജീവുമാണ്. ആളെ ചൂഴ്ന്ന് നോക്കാതെ വീട് വാടകയ്ക്ക് നൽകിയതിന്റെ ശിക്ഷയനുഭവിക്കുന്നത് താൻ. വിശ്വനാഥനെത്താൻ വൈകി. അയാൾ വേഷം മാറുമ്പോൾ തന്നെ സുമി അറിയിച്ചു. വിരുന്നുകാരി പോയിട്ടില്ല. രാത്രി തനിച്ച് ഇറക്കിവിടാൻ പറ്റുകയില്ല.
''നമുക്ക് കൊണ്ടാക്കിയാലോ? ""
അവളുടെ ചോദ്യം അയാൾ തടുത്തു.
''എത്ര ദൂരമെന്നുവച്ചാ. എനിക്ക് വയ്യ.""
''എങ്കിൽ രാവിലെ? ""
''നേരം വെളുത്തിട്ട് അവൾ തനിച്ചുപോട്ടെ. വന്നതുപോല, കാശ് കൊടുത്തേക്ക്.""
ആ വിഷയത്തിൽ അതിലേറെ ഗൗരവം നൽകാൻ അയാളാഗ്രഹിച്ചില്ല. അത്താഴമുണ്ടാക്കാൻ ശ്യാമള സഹായിച്ചു. വേണ്ടെന്ന് പറഞ്ഞിട്ടും. ഇത്ര വൃത്തിയായി ജോലിചെയ്യുന്ന ഒരു പെണ്ണിനെ കണ്ടെത്തുക പ്രയാസമാണെന്ന് സുമി മനസിലാക്കി. അടുക്കളച്ചട്ടങ്ങൾ എല്ലാം അറിയാം. സിങ്കും സ്ലാബും നിലവും തുടച്ചുമിനുക്കിയിട്ടാണ് അവൾ അടുക്കളയിലെ വിളക്ക് കെടുത്തിയത്. നിലത്ത് വിരിച്ച് കിടക്കാൻ നൽകാൻ ഇവിടെ പായയില്ല. ഒരു പായയുടെ ആവശ്യം ഇതുവരെയുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഒരെണ്ണം വാങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. രണ്ടാമത്തെ ബെഡ് റൂമിൽ ഒറ്റക്കട്ടിലുണ്ട്. മെത്തവിരിച്ചിട്ടുണ്ട്. അവളെ അവിടെ കിടത്തിയാലോ? ബന്ധുക്കളോ അതിഥികളോ എത്തിയാൽ ഉറങ്ങാൻ കരുതിവച്ചയിടമാണ്. അവിടെയൊരു ജോലിക്കാരിക്ക് സ്ഥലം നൽകുന്നത് ശരിയാണോ എന്ന് ചിന്തിച്ചു. വിശ്വനാഥിനോട് അഭിപ്രായം ചോദിച്ചിട്ട് കാര്യമില്ല. അയാൾ ലാപ് ടോപിനുമുന്നിലാണ്. ഒരു മൂളൽ മാത്രമാവും മറുപടി.
''നീയിവിടെ വാ ""
സുമിയുടെ വിളികേട്ട ശ്യാമള പിന്നാലെചെന്നു.
''ഈ കട്ടിലിൽ കിടന്നോ""
അവൾക്ക് വിശ്വസിക്കാനായില്ല. അങ്ങനെയൊരു വലിയ സൗകര്യം സ്വീകരിക്കാൻ എളിമ അനുവദിച്ചതുമില്ല.
''വേണ്ട ""
അവൾ പരിഭ്രമത്തോടെ പറഞ്ഞു.
''നിനക്ക് കിടക്കണ്ടേ, ഉറക്കം വരുന്നില്ലേ? ""
''കിടക്കണം.ഉറങ്ങണം. പക്ഷേ ഈ ആധുനിക കിടപ്പറയിൽ വേണ്ട.""
''ഞാൻ അടുക്കളയിൽ കിടന്നോളാം""
''നിലത്തോ? ""
അതേയെന്ന അർത്ഥത്തിൽ അവൾ മൂളി.
''ഏയ്. അതുപറ്റില്ല""
സുമി അവളെ നിർബന്ധപൂർവ്വം കിടക്കയിൽ കിടത്തി. വന്നപ്പോൾ ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് അവൾക്കപ്പോഴുമുണ്ടായിരുന്നത്. ബാഗിനുള്ളിൽ വേറെയുണ്ടാവും. സ്ഥിരവാസത്തിന് വന്നതായതുകൊണ്ട് എന്തെങ്കിലും കരുതിയിരിക്കാം. പക്ഷേ, അതൊന്നും സുമി അന്വേഷിച്ചില്ല. മറു വസ്ത്രമില്ലാതെയാണ് വന്നിരിക്കുന്നതെങ്കിൽ പകരം നൽകാൻ ഇവിടെ പാകമായ വസ്ത്രമില്ല. തന്റെ ചുരിദാർ ഈ മെലിഞ്ഞ പെൺകുട്ടിക്ക് ഇണങ്ങുകയില്ല. അർഹതയില്ലാത്ത ഒരിടത്തെന്ന പോലെയാണ് ശ്യാമള ആ കട്ടിലിൽ കിടന്നത്. പൂക്കൾ തുന്നിയ തലയണയിൽ മുഖമമർത്താൻ പോലും അവൾ മടിച്ചു. സുമി മുറിയിലെ ലൈറ്റ് അണച്ചു. പാവം സമാധാനമായി ഉറങ്ങട്ടെ. പ്രതീക്ഷയോടെയാണ് വന്നു കയറിയത്. ഇപ്പോൾ അവളുടെയുള്ളിൽ നിരാശ മാത്രം. അഭയം ഒരു രാത്രിയിലേക്ക് മാത്രം. വീണ്ടും കഷ്ടപ്പാടുകൾ നിറഞ്ഞ സ്വന്തം പുരയിലേക്ക്. സുമിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മനസ് നിറയെ ശ്യാമളയുടെ ചിത്രമായിരുന്നു. ആരോ വരച്ച് സമ്മാനിച്ച ചിത്രം. അവളെ സ്ഥിരമായി ഇവിടെ പാർപ്പിച്ചാലോ? സഹായിയായി. ആലോചിക്കണം. വെളുക്കുന്നതിന് മുൻപ് ഒരു തീരുമാനത്തിലെത്തണം. ഇവൾ ഒരു മാന്ത്രികപ്പെണ്ണാണെങ്കിൽ...വഴിതെറ്റിവന്നവളാണെങ്കിൽ...
മയക്കത്തിന്റെ കുമ്പിൾ, ഈ രാത്രി തനിക്കായി വിരിയുകയില്ലെന്ന് സുമിയറിഞ്ഞു. വിശ്വനാഥനാകട്ടെ പുറംതിരിഞ്ഞ് സുഖനിദ്ര. തലേരാത്രികളിൽ മുളപൊട്ടിയ ശൃംഗാരവും കാമവും ദാഹവും ഇന്ന് അയാളിൽ അന്യമായിരിക്കുന്നു. താൻ അരികത്ത് കിടക്കുകയാണെന്ന് ശ്രദ്ധിക്കാതെയാണ് അയാൾ ഉറക്കത്തിലേക്ക് വീണത്. തൊട്ടില്ല, തലോടിയില്ല. മുടിയിഴകളുടെ സുഗന്ധം ആസ്വദിച്ചില്ല. പഴയ ദിനങ്ങളിലേക്ക്. ശൈത്യമുറയുന്ന മഞ്ഞുകട്ടകളിലേക്ക്. പക്ഷേ അവഗണനയും നിരാകരണവും ഇന്നവളെ വ്യസനിപ്പിച്ചില്ല. പഴകിയ ശീലങ്ങളിലേക്കുള്ള തിരിച്ചുപോക്കിൽ നൊമ്പരപ്പെട്ടതുമില്ല. അയാൾ ചുറ്റിപ്പിടിച്ചിരുന്നെങ്കിൽ താൻ കുതറിമാറുമായിരുന്നെന്ന് പോലും തോന്നി. ഇന്ന് ശരീരത്തിന്റെ തൃഷ്ണയല്ല വിഷയം. അടുത്ത മുറിയിൽ, വേലക്കാരിയുടെ വേഷം കെട്ടിയ വിരുന്നുകാരി. അകലെ നിന്നു പറന്നുവന്ന തൂവൽ. അവളെക്കുറിച്ചുള്ള ഒരു തീരുമാനത്തിലെത്തിച്ചേരുന്നതാണ് പ്രധാനം. അവൾ കിടക്കയിൽ നിന്നെഴുന്നേറ്റു. ശബ്ദമുണ്ടാക്കാതെ നടന്നു. അടുത്തമുറിയുടെ വാതിൽപ്പടിയിൽ ചെന്നുനോക്കി. ശ്യാമള ഉറങ്ങുകയാണ്. ജാലകത്തിലൂടെ കടന്നുവരുന്ന ഇത്തിരിവെളിച്ചത്തിൽ വലത്തോട്ടുതിരിഞ്ഞു കിടക്കുകയാണ് അവൾ. പുതിയ അന്തരീക്ഷത്തിൽ, സാഹചര്യത്തിൽ പൊരുത്തപ്പെട്ടതുകൊണ്ടാവാം അവൾക്ക് ഉറങ്ങാൻ കഴിഞ്ഞിരിക്കുന്നു. നന്നായി. വേവലാതിയില്ലാതെ, ദുഃസ്വപ്നങ്ങളില്ലാതെ. ആ രൂപം നോക്കി നിന്നപ്പോൾ അവൾ തീരുമാനത്തിലെത്തി. ഇവളെ തത്ക്കാലം പറഞ്ഞയയ്ക്കേണ്ട. ഇവൾ ഒരു ശല്യമല്ല. താനും വിശ്വനും മാത്രമുള്ള ലോകത്ത് അവളുടെ സാന്നിദ്ധ്യം ബുദ്ധിമുട്ടുണ്ടാക്കില്ല. പകൽ നേരങ്ങളിൽ കൂട്ടായി, പണിക്ക് തുണയായി ഇവൾ. വിശ്വനാഥന്റെ സമ്മതം നേടുകയെന്നതാണ് പ്രശ്നം. ഒരു വേലക്കാരിയെന്ന ആശയത്തോട് എതിർപ്പുണ്ടാവാൻ വഴിയില്ല. പാചകത്തിനും വൃത്തിയാക്കലിനും ഒരാൾ സഹായിക്കുന്നത് നല്ലതാണെന്നു തന്നെയാണ് അയാളുടെ പക്ഷം. വേലക്കാരിയുടെ ആവശ്യമില്ലെന്ന് നിശ്ചയിച്ചത് താനാണ്, ഇവിടെ ഭാരിച്ച പണിയൊന്നും ഇല്ല. ഒരുപാട് വിശ്രമസമയം ലഭിക്കുന്നുണ്ട്. രാവിലെ ഇവളെ പറഞ്ഞയയ്ക്കാമെന്ന തീരുമാനം മാറ്റിയാലും അയാൾ അസ്വസ്ഥനാവുകയില്ല. വേലക്കാരിയും അടുക്കളയും ഒരിക്കലും അയാളുടെ വിഷയമല്ല. ഒരിക്കൽകൂടി അവൾ ശ്യാമളയെ നോക്കി.
താമരപ്പൂവുപോലെ...
നിലാവിന്റെ പാരിതോഷികം പോലെ...
അവൾ വീണ്ടും കിടക്കയിലേക്ക് ചെന്നു. സമീപത്തിരുന്ന കുപ്പിയിൽ നിന്ന് വെള്ളം കുടിച്ചു. ഫാനിന്റെ വേഗത അല്പം വർദ്ധിപ്പിച്ചു. രാവിലെ വിശ്വനാഥൻ കണ്ണുതുറക്കുമ്പോൾ മയങ്ങാൻ ശ്രമിച്ച് തോറ്റ സുമി അരികത്തുതന്നെയുണ്ടായിരുന്നു. ആ മുഖമില്ലാതെ അവളറിയിച്ചു.
''രാത്രി മുഴുവൻ ഞാനാലോചിച്ചു. ""
''എന്ത്? ""
''ആ കുട്ടി ഇവിടെ നിൽക്കട്ടെ. ജോലി ചെയ്ത് ഞാൻ മടുത്തു. തൂത്തും തുടച്ചും. ""
''നിൽക്കട്ടെ.""
പ്രത്യേകിച്ച് ശ്രദ്ധ നൽകാതെ അയാൾ സമ്മതംനൽകി.പെട്ടെന്ന് വീണ്ടുവിചാരത്തിൽതിരുത്തി.
''ഇവൾ തന്നെ വേണോ? ""
''ഇവൾ നല്ല മര്യാദക്കാരി... ""
''പക്ഷേ എവിടെനിന്ന് എങ്ങനെ വന്നതാണെന്ന് അറിയില്ലല്ലോ. ഇവിടേയ്ക്ക് വന്നതുമല്ല, എങ്ങനെയോ എത്തിയതല്ലേ""
അവൾ മൂളി.
''എന്തെങ്കിലും കുരുക്ക്...""
''അവളൊരു കള്ളിയല്ല. ഞാനൊന്നുകൂടി ശ്രദ്ധിക്കാം. കുഴപ്പമില്ലെന്ന് കണ്ടാൽ നിറുത്തിക്കോട്ടെ. ""
അയാൾ എതിർത്തില്ല. അനുകൂലമായി പ്രതികരിച്ചതുമില്ല. ആ മൗനം സമ്മതമായി അവൾ സ്വീകരിച്ചു. സുമി അടുക്കളയിലെത്തുമ്പോൾ ചായ തയ്യാറായി കഴിഞ്ഞിരുന്നു.കുളിച്ച് വേഷം മാറി വൃത്തിയായി നിൽക്കുന്ന ശ്യാമള. അവൾ ചായക്കപ്പ് സുമിക്ക് നീട്ടി. വിശ്വനുള്ള ചായ മറ്റൊരു കപ്പിൽ അടച്ചുവച്ചിരിക്കുന്നു.
''നീ കുടിച്ചോ? ""
ഇല്ലെന്നവൾ തലയാട്ടി.
''അതെന്താ? ""
''ചേച്ചി പറയാതെ...""
ആ വിനയവും മര്യാദയും സുമിയെ കൂടുതൽ ആകർഷിച്ചു. ചായപ്പാത്രത്തിൽ അവശേഷിച്ചത് അവൾ ഗ്ലാസിൽ പകർന്നു. ഗ്ലാസിന്റെ പകുതിമാത്രമേയുണ്ടായിരുന്നുള്ളൂ അത്.
'' അയ്യോ ഇത് തീരെ കുറവാ. ഞാനിത്തിരികൂടി ഇട്ടുതരാം.""
''വേണ്ട ചേച്ചീ. എനിക്ക് ചായയൊന്നും പതിവില്ല.""
അവൾ പാതിച്ചായ കുടിച്ചു. കപ്പുമായി സുമി വിശ്വന്റെ അരികിലേക്ക് ചെന്നു.
''അവളുണ്ടാക്കിയ ചായയാണ്. ""
കിടക്കയിലിരുന്നുതന്നെ ചായ കുടിക്കുന്നതാണ് അയാളുടെ ശീലം. കപ്പ് ചുണ്ടോട് ചേർത്ത് ഒരിറക്കത്തിന് ശേഷം അയാൾ പറഞ്ഞു.
''നല്ല ചായ ""
'' നല്ല തുടക്കം""
അവൾ കൂട്ടിച്ചേർത്തു.
ഇനിയൊന്നും ആലോചിക്കാനില്ല. ശ്യാമള സ്വയം ആവശ്യപ്പെടുകയോ ആരെങ്കിലും തേടി വരികയോ ചെയ്യുന്നതുവരെ അവളിവിടെ നിൽക്കും. ആ തീരുമാനം അവളെയറിയിക്കാൻ ധൃതിയായി. വീണ്ടും അടുക്കളയിലെത്തിയ അവൾ ശ്യാമളയോട് ചോദിച്ചു.
''നിനക്കിവിടെ നിൽക്കാൻ സമ്മതമാണോ? ""
ആ ചോദ്യം പകർന്ന പ്രതീക്ഷ അവളെ ആനന്ദിപ്പിച്ചു, ഉത്സാഹവതിയാക്കി.
''ചേച്ചീ...""
അവളുടെമിഴികൾ വിടർന്നു.ഒരു രാത്രിയിലെ ഇത്തിരിനേരത്തിൽ അവൾ സുമിയെ വല്ലാതെ ഇഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു.സ്വീകരിക്കാൻ തയ്യാറാവാത്ത വിമുഖതയും സ്നേഹത്തിന്റെ അലിവ് കണ്ടു. ഇപ്പോൾ സ്വീകരിക്കാൻ തയ്യാറുമായിരിക്കുന്നു.
''ഞാനിവിടെ നിൽക്കാം ചേച്ചീ.""
ഉറപ്പുകിട്ടാനെന്നോണം അവളപേക്ഷിച്ചു.
''എനിക്കൊരു സഹായിയെ ആവശ്യമില്ല.""
പെട്ടെന്ന് വാക്കുമാറുകയാണോ എന്ന് ഭയപ്പെടുത്തിയ വാക്കുകൾ. തൊട്ടപ്പുറം ആശ്വാസത്തിന്റെ അരുവി.
''പക്ഷേ, എനിക്ക് നിന്നെ ഇഷ്ടമായി. അതുകൊണ്ട് പറഞ്ഞുവിടുന്നില്ല.""
ശ്യാമള കൈകൂപ്പി. നന്ദിയോടെ.
അവളുടെ ഹൃദയം നിറഞ്ഞുതുളുമ്പി.
''എനിക്ക് നിന്നെക്കുറിച്ച് ഒന്നുമറിയില്ല."
'' ഞാൻ പറയാം ചേച്ചീ...""
''എനിക്ക് കേൾക്കണ്ട.""
അവളുടെ ജീവിതകഥയും ഭൂതകാലവും അറിയാൻ സുമി ആഗ്രഹിച്ചില്ല. അസ്വസ്ഥപ്പെടുത്തുന്ന, സംശയം ജനിപ്പിക്കുന്ന കാര്യങ്ങളാണ് കേൾക്കുന്നതെങ്കിൽ ഇവളോട് തോന്നിയ മമത നഷ്ടമാവും. ഈ ലോകത്തിന്റെ സമാധാനം നഷ്ടമാവും. വേണ്ട, ഒന്നിനും ചെവികൊടുക്കുന്നില്ല. അതാണ് ബുദ്ധി.
''നിനക്ക് ഡ്രസ് ഉണ്ടോ? ""
അവൾ മൂളി.
''ഇത്. പിന്നെ ഇന്നലെ ഇട്ടിരുന്നത്. ബാഗിൽ ഒരെണ്ണം കൂടിയുണ്ട്. ""
''വാങ്ങിക്കാം.""
സുമി ആത്മഗതം നടത്തി.
''വേണ്ട ചേച്ചീ. ഞാൻ അന്നന്ന് നനച്ചിട്ടോളാം.""
ആഗ്രഹങ്ങളില്ലാത്ത, ആവശ്യങ്ങളില്ലാത്ത കുട്ടി. ആർത്തിയെന്ന വാക്കുപോലും അവൾക്കറിയില്ലെന്ന് തോന്നി. ദോശയുണ്ടാക്കിയതും ചമ്മന്തി തയ്യാറാക്കിയതും ശ്യാമളയാണ്. സുമിയെ ഒന്നും ചെയ്യാൻ അനുവദിച്ചില്ല. അടുക്കളഭാരം ഒട്ടും മടിയില്ലാതെ അവൾ ഏറ്റെടുത്തുകഴിഞ്ഞിരുന്നു. ഭക്ഷണമേശയിലെത്തിയപ്പോൾ വിശ്വനാഥ് അവളെ ശ്രദ്ധിച്ചു. അടുക്കളകോണിൽ നിൽക്കുകയായിരുന്നു അവൾ. അടക്കവും ഒതുക്കവുമുള്ള അവളോട് അയാൾക്കിഷ്ടം തോന്നി. ഇവിടെ കഴിഞ്ഞോട്ടെ. സുമിക്ക് സഹായമാവും. വീട്ടിലെ പണി എന്നും തനിച്ച് ചെയ്ത് മുടിഞ്ഞിട്ടുണ്ടാവും, അവൾ അനിയത്തിയെ പോലെ പരിഗണിക്കാവുന്ന ഒരു പെണ്ണിനെ കിട്ടിയത് ഭാഗ്യം. ഇക്കാലത്ത് അന്വേഷിച്ച് നടന്നാൽ നല്ല വേലക്കാരിയെ കിട്ടാൻ പ്രയാസമാണ്. ഓഫീസിലേക്ക് ഇറങ്ങാൻ നേരം അയാൾ ഓർമ്മിപ്പിച്ചു.
''ഇവളെ തേടി ആരെങ്കിലും വന്നാൽ ഒപ്പം വിടുന്നതിനുമുമ്പ് എന്നെ വിളിക്കണം. ആരാണെന്നറിയണം. ഇനി ഇവളുടെ ഉത്തരവാദിത്തം നമുക്കാണ്. ""
എന്തെങ്കിലും ആപത്ത് സംഭവിക്കുമോ എന്ന് സുമിക്ക് പേടിയുണ്ടായിരുന്നു. പക്ഷേ, ശ്യാമളയുടെ മുഖത്ത് നോക്കുമ്പോൾ ഭയത്തിന് സ്ഥാനമില്ല. ഇവളുടെ രക്ഷയും ക്ഷേമവും മാത്രമാണ് ലക്ഷ്യം. കവിത കടന്നുവരുമെന്ന് വിചാരിച്ചു. ഒരൊത്തുതീർപ്പിന്റെ മട്ടിൽ. ഇന്നലെ സംഭവിച്ചതിൽ ഖേദം രേഖപ്പെടുത്താൻ. മുറിഞ്ഞുപോയ ചങ്ങാത്തം കൂട്ടിയിണക്കാൻ സമയം വേണം. ശ്യാമളയ്ക്ക് ഈ ഫ്ലാറ്റിലേക്കുള്ള വഴി ചൂണ്ടിക്കാണിച്ചവർ അവളെക്കുറിച്ച് അന്വേഷിക്കാൻ എത്തുമെന്ന് തീർച്ചയായിരുന്നു. പക്ഷേ, കവിത വന്നില്ല. ഉച്ചയ്ക്ക് ശേഷം വെയിലാറുമ്പോൾ ശ്യാമളയേയും കൂട്ടി പുറത്തുപോവണമെന്നും അവൾക്ക് വസ്ത്രം വാങ്ങിക്കൊടുക്കണമെന്നും സുമി തീരുമാനിച്ചു. അവളിവിടെ തങ്ങുന്നതിനെക്കുറിച്ച് ആ വാസത്തിന്റെ ദൈർഘ്യത്തെക്കുറിച്ച് വ്യക്തതയില്ല. എങ്കിലും ഇന്നുതന്നെ അവൾക്ക് പോവേണ്ടിവന്നാലും വസ്ത്രം വാങ്ങി നൽകുക തന്നെ വേണം. എത്രകാലം കഴിഞ്ഞാലും വിടപറഞ്ഞാലും അവൾ തെളിഞ്ഞചിത്രമായി ഉള്ളിലുണ്ടാവും. ഒരു ദീപനാളമായി.
ഏത് മാന്ത്രികന്റെ വിസ്മയത്തൂവലായാലും ശരി. കാർ ഡ്രൈവിംഗ് അറിയാത്തതിൽ അവൾക്ക് വിഷമം തോന്നി. വിശ്വനാഥൻ പലവട്ടം ഉപദേശിച്ചതാണ് പഠിക്കാൻ. പഠിപ്പിക്കാൻ അയാൾക്ക് സമയമില്ലെങ്കിലും ഡ്രൈവിംഗ് സ്കൂളിൽ ഏർപ്പാടാക്കാമെന്ന് താൻ താത്പര്യം പ്രകടിപ്പിച്ചില്ല. തനിക്കായി ഒരു കാർ വാങ്ങിത്തരാനും വിശ്വന് സമ്മതമായിരുന്നു. എവിടെ പോവാൻ? ആരെ കാണാൻ? ഇവിടെ ചങ്ങാതികളില്ല, മനസ് തുറക്കാവുന്ന ബന്ധങ്ങളില്ല, അപാർട്ട്മെന്റ് കോംപ്ലക്സിനുള്ളിൽ പോലും സൗഹൃദങ്ങളില്ല. മാസത്തിലൊരിക്കലുള്ള വനിതാ കൂട്ടായ്മയിൽ പങ്കെടുക്കാറില്ല. തുണിയോ മറ്റെന്തെങ്കിലുമോ വാങ്ങാൻ പോവുന്നത് വിശ്വനൊപ്പമാണ്. അയാൾക്ക് ഒഴിവ് കിട്ടുന്ന സന്ദർഭം കാത്തിരിക്കും. വീട്ടുസാധനങ്ങൾ മിക്കവാറും ഹോം ഡെലിവറിയിലെത്തും. പിന്നെന്തിനാണ് ഒരു കാറും ഡ്രൈവിംഗ് പഠനവും. ഒരു സ്കൂട്ടർ സവാരിയെക്കുറിച്ച് സ്വപ്നം കണ്ടിരുന്നു. പണ്ട്. ഒറ്റയ്ക്ക് വണ്ടിയോടിച്ച് പോവുന്നതിനെക്കുറിച്ച്... വെയിൽ സൃഷ്ടിക്കുന്ന തലവേദന ശല്യപ്പെടുത്തി തുടങ്ങിയതോടെ ആ സ്വപ്നവും ഉപേക്ഷിച്ചു.
'' ചേച്ചീ "" ശ്യാമള അരികിൽവന്നു.
സൂര്യനുദിച്ചതുപോലെയായിരുന്നു അവളുടെ മുഖം.
''വീടുമാറിയാണെങ്കിലും ഇവിടെ എത്തിയത് എന്റെ ഭാഗ്യം. ""
അവളുടെ വാക്കുകൾ സത്യസന്ധമായിരുന്നു.
സുമി പുഞ്ചിരിച്ചു.
'' ഇപ്പോൾ എനിക്ക് തോന്നുന്നു, വീട് മാറിയതല്ലെന്ന്...നിന്നെ ആരോ എനിക്ക് സമ്മാനിച്ചതാണെന്ന്...""
ആ പ്രശംസ ശ്യാമളയെ അത്ഭുതപ്പെടുത്തി. ചേച്ചിയുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നുവെന്ന അറിവ് അത്യാഹ്ലാദം പകർന്നു.
ഉച്ചയ്ക്ക് ശേഷമാണ് കവിത വന്നത്. തലേദിവസമുണ്ടായ രസക്കേട് പ്രകടിപ്പിച്ചില്ല അവൾ. ശ്യാമളയെ കണ്ടിട്ടും ആരാണെന്ന് തിരക്കിയില്ല. ഇന്നലെയെന്ന ഒരുദിവസം പൂർണമായി അവഗണിച്ചുകൊണ്ടുള്ള പെരുമാറ്റം. ചങ്ങാത്തതിന് പോറലേൽക്കാതെ. ഒരു വിശേഷമറിയിക്കാനാണ് അവൾ വന്നത്.
'' ശബരി ഒരു മാജിക് ഷോ നടത്തുന്നുണ്ട്. ഡർബാർ ഹോട്ടലിൽ ഞായറാഴ്ച.""
മാന്ത്രികന്റെ മായാജാലക്കാഴ്ചകൾക്ക് സാക്ഷിയാകണമെന്ന് ക്ഷണിച്ചു. അധികം പേരെയൊന്നും വിളിക്കുന്നില്ല. ഏറ്റവുമടുത്ത കുറച്ചുപേർ. ഷോ വിജയിക്കുകയാണെങ്കിൽ വിപുലമായ പ്രകടനങ്ങൾക്ക് പദ്ധതിയുണ്ട്.ആർക്കിടെക്ട് എന്നതിനേക്കാൾ പ്രൊഫഷണൽ മജിഷ്യനാകാനാണ് ഭ്രമം.
''മാജിക്കിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഒരുതരം ഭ്രാന്താണ്. ""
അഭിമാനത്തോടെയാണ് കവിത സംസാരിച്ചത്. ഭർത്താവിനെ ആരാധിക്കുന്ന, പിന്തുണനൽകുന്ന ഭാര്യ.കവിതയുമായി ഒറ്റദിവസം കൊണ്ട് വേഗത്തിൽ അടുപ്പമുണ്ടായതാണ്. ആ ബന്ധത്തിൽ ഇന്നലെ വിള്ളൽവീണു. വീണ്ടും പഴയപടി അടുക്കാൻ സുമിയുടെ മനസ് അനുവദിച്ചില്ല. അതുകൊണ്ടുതന്നെ മൂളികേൾക്കാനല്ലാതെ ആവേശം കൊള്ളാനോ വരാമെന്ന് ഏൽക്കാനോ കഴിഞ്ഞില്ല.
''ഞായറല്ലേ. വിശ്വനാഥ് ഫ്രീ ആയിരിക്കുമല്ലോ. ""
കവിത പറഞ്ഞു.
''ഫ്രീ ആയാലും മാജിക്കിനോടും സിനിമയോടുമൊന്നും കമ്പമില്ല.""
'' നിർബന്ധിച്ചുകൊണ്ടുവരണം. ശബരിയുടെ ഷോ കണ്ടുകഴിഞ്ഞാൽ മാജിക് ഇഷ്ടപ്പെട്ടുതുടങ്ങും.""
അവൾ ചിരിയോടെ കൂട്ടിച്ചേർത്തു.
''വേണമെങ്കിൽ ചില്ലറവിദ്യകൾ പഠിപ്പിച്ചുകൊടുക്കാം...""
(തുടരും)