പോകാനൊരുങ്ങുകയാണ് പാർവതി. കൗമാര യൗവനങ്ങളെ മലയാളത്തിലലിയിച്ച വംഗദേശഗായിക. ബാവൂൽ സംഗീതത്തിലൂടെ വിശ്വപ്രണയിനിയായ പാർവതി ബാവൂൽ എന്ന മൗഷ്മി പര്യാൽ. വൃശ്ചിക കുളിരും ശബരീനാദവും ആവോളം നുണഞ്ഞ്, ബാല്യത്തിൽ പ്രണയിച്ച തീവണ്ടി താളത്തിനൊപ്പം ബാവൂൽ സംഗീതചൂളം വീട്ടി ധനുമാസ നാളിൽ പുലർകാല യാത്ര... പിറവി ഗ്രാമമായ ബംഗാളിലേക്ക് അവർ മടങ്ങുകയാണ്.
നെടുമങ്ങാട്ടെ ആശ്രമ തുല്യമായ ചിറ്റൂർ ഹൗസിലെ 'ഏകതാര " ധ്യാന കളരിയിലിരുന്ന് ഭാണ്ഡം മുറുക്കവെ പാർവതി പറഞ്ഞു: ''കേരളം എനിക്കെല്ലാം തന്നു. കളരി, ധ്യാനം, യോഗ, നൃത്തം എന്നുവേണ്ട, എല്ലാമെല്ലാം. എന്റെ അസുഖം പോയതും ഇൗ നാട്ടിൽ വന്നശേഷമാണ്. കേരളത്തിലെത്തിയിട്ട് ഇപ്പോൾ 22 വർഷം പിന്നിട്ടിരിക്കുന്നു. ഞാൻ ബംഗാളിയും മലയാളിയും മാത്രമല്ല, ഇന്ത്യാക്കാരിയുമാണ്."" നുണക്കുഴികൾ തെളിയെ പാർവതി ചിരിക്കും. തിടുക്കത്തിലുള്ള യാത്രയെക്കുറിച്ച് ആരായും മുമ്പേ പാർവതി പറഞ്ഞു.
''നേരത്തെ പോകേണ്ടിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടിയിരുന്നതിനാൽ യാത്ര നീണ്ടു. അവിടെ ആശ്രമം, അല്പം കൃഷിഭൂമി ഒക്കെ എന്തായെന്നറിയില്ല. പോയിട്ടുവേണം അക്കാര്യങ്ങൾ ശരിയാക്കാൻ. അവിടെ താമസിച്ച് സാധകം ചെയ്യണം. ശക്തി കൂട്ടണം. ചുറ്റും നിറയെ ബാവൂൽ ഉത്സവകാലം. പലദേശങ്ങളിൽ നിന്ന് ബാവൂൽ സംഘങ്ങളെത്തും. ഉത്സവത്തിലാറാടുന്ന ആശ്രമങ്ങളിൽ മാറിമാറി പോകണം. പരിചയം പുതുക്കൽ. പുതിയ അറിവുകൾ, പുതിയ സംഗീതം, രാഗങ്ങൾ, പുതിയ ബാവൂലുകളെ കണ്ടെത്തൽ, ഗുരുക്കന്മാരുടെ ദർശനം, എല്ലാത്തിനും സുവർണ കാലമാണിത്. മുസ്ളിം, സൂഫി ആശ്രമങ്ങളുടെയും നാടാണത്. അവർക്ക് അവരുടെ സമ്പ്രദായങ്ങളും എണ്ണമറ്റ സങ്കേതങ്ങളുമുണ്ട്. അവരുടെ ഉത്സവകാലവുമിതുതന്നെ. ബാവൂലുകളും സൂഫികളും പരസ്പരം ഉത്സവങ്ങളിൽ പങ്കുചേരും. അവിടെ ജാതി - മതങ്ങളില്ല.""
ബാവൂൽ എനിക്ക് ഭ്രാന്താണ്
ബാവൂൽ എന്നാൽ വേരുകളില്ലാത്തത് എന്നാണർത്ഥം. ഭ്രാന്ത് എന്നും വിശേഷിപ്പിക്കാം. അതെ, ഇതൊരു തരം ഭ്രാന്താണ്. ബാവൂൽ പൈതൃകമോ, പാരമ്പര്യമോ, കുലത്തൊഴിലോ അല്ല. വന്നുഭവിക്കുന്നതാണ്... പാർവതി സ്വന്തം കഥയിലേക്ക് തിരിഞ്ഞു. ''എന്റെ കുടുംബത്തിലെ പൂർവികരിലോ ബന്ധുക്കളിലോ ബാവൂലുകളില്ല. പിതാവ് ബീരേന്ദ്രനാഥ് പര്യാൽ റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു. ബംഗ്ളാദേശിൽ പിറന്ന് കൊൽക്കത്തയിൽ വളർന്ന സന്ധ്യാചക്രബർത്തിയാണ് അമ്മ. ഭക്തഗായികയും ശ്രീരാമകൃഷ്ണാശ്രമം ഭജനസംഘത്തിലെ സ്ഥിരാംഗവുമായിരുന്നു. പിതാവ് അസമിലെ നോർത്ത് ലക്ഷ്മിൻപൂരിൽ ഉദ്യോഗസ്ഥനായിരിക്കെ അവരുടെ നാലാമത്തേയും ഇളയോളുമായി ഞാൻ പിറന്നു. റെയിൽവേ ക്വാർട്ടേഴ്സിലായിരുന്നു ജനനം. മൂത്തത് രണ്ട് ചേച്ചിമാരും ഒരു ജ്യേഷ്ഠനും. ജനിച്ചുവീണത് തന്നെ ട്രെയിനിന്റെ ചഞ്ചലനാദവും കൂക്കുവിളിയും കേട്ടാണ്. അത് പിന്നെ മനസിലെ താളമായി. തുരുതുരാ പായുന്ന കൽക്കരി വണ്ടികൾ ഉൗതിവിടുന്ന പുകച്ചുരുളുകളാൽ കരിവാളിച്ച ക്വാർട്ടേഴ്സുകൾ, എപ്പോഴും ദേഹമാസകലം കരിപുരണ്ടും നിറുത്തിയിട്ടിരിക്കുന്നതുമായ ട്രെയിനുകളാണ് ഞങ്ങൾ കുട്ടികളുടെ കളിത്തട്ടുകൾ. മൂന്നാംവയസിൽ ഒരുപാട് കൂട്ടുകാരികൾ. അവർക്കൊപ്പം നൃത്തം ചെയ്യും. റെയിൽവേക്കാരുടെ ആഘോഷങ്ങളിലെന്നും കുഞ്ഞ് നർത്തകിയായി. വീട്ടിൽ അമ്മൂമ്മയായിരുന്നു കൂട്ട്. അമ്മൂമ്മയുടെ സഹോദരനും വീട്ടിലുണ്ടായിരുന്നു.""
അഞ്ചാംവയസിൽ അച്ഛന്റെ സ്ഥലംമാറ്റത്തെ തുടർന്ന് കുടുംബം പശ്ചിമബംഗാളിലെ കൊച്ചുബീഹാറിലേക്ക് മാറി. ബേലൂർ മഠം അടുത്തായിരുന്നു. ഇടയ്ക്കിടെ കുടുംബമായി അവിടെ പോകും. കൃഷ്ണഭക്തനായ പിതാവ് ബീരേന്ദ്രപര്യാൽ ഭക്തി ഗീതങ്ങളെഴുതി ചിട്ടപ്പെടുത്തി കൃഷ്ണലീലകൾ പാടി അവതരിപ്പിക്കും. അദ്ദേഹം രചിച്ച് ചിട്ടപ്പെടുത്തിയ ഗീതങ്ങൾ ഭാര്യ സന്ധ്യാചക്രബർത്തി ആശ്രമ ഭജനകളിൽ ആലപിക്കും. പാരമ്പര്യ നൃത്തവും സംഗീതവും ബാല്യത്തിലെ അഭ്യസിച്ച മൗഷ്മി ബംഗാൾ, അസം അതിരുകളിലെ പരമ്പരാഗത ഭവയ്യ, ഗോൽപാരിയ ഗീതങ്ങളിൽ കൂടുതൽ ആകൃഷ്ടയായി.
മോഹിച്ചത് ചിത്രകാരിയാകാൻ
മൗഷ്മിയെ ഡോക്ടറാക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. പക്ഷേ ബാല്യത്തിൽ ചിത്രരചനയിൽ മികവ് നേടിയ മൗഷ്മിക്ക് ശാന്തിനികേതനിൽ ചേർന്ന് ചിത്രരചന പഠിക്കാനായിരുന്നു താത്പര്യം. പ്രവേശന പരീക്ഷയിൽ ഒന്നാം സ്ഥാനം നേടി. ശാന്തിനികേതനിൽ ചേർന്ന മൗഷ്മി പ്രശസ്ത ചിത്രകാരൻ ജോഗൻ ചൗധരിയിൽനിന്ന് ചിത്രകലയുടെ നാനാവശങ്ങൾ സ്വായത്തമാക്കി. എന്നാൽ, ചില അപസ്വരങ്ങളെ തുടർന്ന് പഠനം വഴിയിലുപേക്ഷിച്ചു.
ശാന്തിനികേതനിലെ പഠനകാലത്ത് ഒരു ട്രെയിൻ യാത്രയിൽ കേട്ട ബാവൂൽ സംഗീതം ആ കൗമാരക്കാരിയെ അതിരുകളില്ലാത്ത ആത്മ സംഗീത വിസ്മയത്തിലേയ്ക്കാനയിച്ചു. പ്രകാശത്തെപ്പറ്റി പാടുന്ന ആ വൃദ്ധൻബാവൂൽ അന്ധനാണെന്ന തിരിച്ചറിവ് അവളെ ആത്മസംഘർഷത്തിലാഴ്ത്തി. മനസ് മുഴുവൻ ബാവൂൽ സംഗീതവും അന്ധഗായകനും നിറഞ്ഞ മൗഷ്മി വീട്ടിലെത്തിയ ഉടൻ അമ്മയോട് അക്കാര്യം പറഞ്ഞു. അമ്മ ബാവൂലുകളെക്കുറിച്ച് അവരുടെ സംഗീതത്തെ, ജീവിതത്തെ ദിനചര്യകളെക്കുറിച്ച് അവളോട് വിശദീകരിച്ചു. അതോടെ മൗഷ്മി തികഞ്ഞ മൗനിയായി. വിഷാദയായി, മനസ് നിറയെ ബാവൂൽ സംഗീതമായി.
ഒരുനാൾ ശാന്തിനികേതനിലെത്തിയ ഫുൽമാല ഭാഷി എന്ന ബാവൂൽ ഗായികയുടെ സംഗീതവും നൃത്തവും ആസ്വദിച്ച മൗഷ്മി അവർക്ക് പിന്നാലെ കൂടി. അവരിൽ നിന്ന് ഒരു വർഷക്കാലം ബാവൂൽ സംഗീതവും നൃത്തവും ഏകതാരാശ്രുതിയും പഠിച്ചു. അതോടെ ചിത്രകലാപഠനത്തിൽ അവർ വിരക്തയായി. ഫുൽമാലഭാഷി പലപ്പോഴായി പറഞ്ഞുകേട്ട സനാതൻദാസ് ബാവൂളിനെ പരിചയപ്പെട്ട മൗഷ്മി അദ്ദേഹത്തിന്റെ ശിഷ്യത്വം നേടാനാഗ്രഹിച്ചു. വീട്ടുകാരോടുപോലും അനുവാദം ചോദിക്കാതെ സനാതൻ ബാവയുടെ ആശ്രമത്തിലെത്തിയ മൗഷ്മിക്ക് ശിഷ്യത്വം നൽകാൻ ബാവ കൂട്ടാക്കിയില്ല. നിന്നെ യാതൊരു കാരണവശാലും ശിഷ്യയാക്കില്ലന്ന് ബാവ തറപ്പിച്ചു പറഞ്ഞെങ്കിലും ആശ്രമം വിട്ടുപോകാൻ കൂട്ടാക്കാത്ത ആ കൗമാരക്കാരി ബാവയെ പിന്തുടർന്നു. തന്നെ ശിഷ്യയാക്കാത്തതെന്തുകൊണ്ടെന്ന് അറിഞ്ഞേ പോകൂവെന്ന് വാശികൂട്ടിയ മൗഷ്മിയോട് ബാവ പറഞ്ഞു. 'കുറച്ചുകാലം പിറകെ കൂടി സംഗീതം പഠിക്കുന്ന പെൺകുട്ടികൾ വിവാഹം കഴിഞ്ഞ് കുട്ടികളായാൽ സംഗീതം വഴിയിലുപേക്ഷിക്കും. " അത്തരക്കാർക്കായി സമയം കളയാനില്ലെന്ന ബാവയുടെ ഉറച്ച തീരുമാനത്തിനുമുന്നിൽ പതറാതിരുന്ന മൗഷ്മി, ബാവയുടെ കരങ്ങളിൽ സ്വന്തം കരങ്ങളർപ്പിച്ച് 'താനൊരിക്കലും ഒരു അമ്മയാകില്ലെന്ന് " തറപ്പിച്ചു പറഞ്ഞു. ആ നിമിഷം മുതൽ മൗഷ്മിയെ ബാവ സ്വന്തം ശിഷ്യയാക്കി ബാവൂൽ ലോകത്തേക്കാനയിച്ചു.
ഭിക്ഷ യാചിച്ചും
ഊരു ചുറ്റിയുമാണ് ജീവിതം
പിറ്റേന്ന് ആശ്രമത്തിൽ നിന്നിറങ്ങിയ ഒരു ബാവൂൽ ഗായികയ്ക്കൊപ്പം ഉൗരു ചുറ്റാനിറങ്ങാൻ ബാവ മൗഷ്മിക്കും അനുവാദം നൽകി. ആ ഗായികയെ അനുഗമിക്കാനും അനുകരിക്കാനുമായിരുന്നു നിർദ്ദേശം. റെയിൽവേ സ്റ്റേഷനിലെത്തിയ ബാവൂൽ ഗായികയും മൗഷ്മി ബാവൂലും അവിടെ നിറുത്തിയിട്ടിരുന്ന ട്രെയിനിൽ കയറി ബാവൂൽ ഗാനമാലപിച്ച് നൃത്തം ചെയ്തു. യാത്രക്കാർക്ക് നേരെ കൈനീട്ടുന്ന ഗായികയെ അനുകരിച്ച് മൗഷ്മിയും ഭിക്ഷാപാത്രം നീട്ടി. പക്ഷേ അത് മൗഷ്മിയിൽ വല്ലാത്ത സംഘർഷമുണ്ടാക്കി. തിരികെ ആശ്രമത്തിലെത്തിയ മൗഷ്മി ഗുരുവിനെക്കണ്ട് ബാവൂൽ നൃത്ത സംഗീതം നടത്താൻ തയ്യാറാണെന്നും എന്നാൽ ഭിക്ഷ യാചിക്കാനാകില്ലെന്നും തുറന്നുപറഞ്ഞു.
'പിന്നെ നിനക്കെങ്ങനെ ബാവൂൽ ഗായികയാകാനാകു"മെന്ന ഗുരുവിന്റെ മറുചോദ്യത്തിൽ നിന്ന് ഞാനെന്ന ഭാവം കളയാതെ ഒരിക്കലുമൊരു ബാവൂലാകാനാകില്ലെന്ന സത്യം മൗഷ്മി തിരിച്ചറിഞ്ഞു. അന്നുമുതൽ മൗഷ്മി എന്ന ബാവൂൽ പൂർണതയിലെത്തുകയായിരുന്നു.
ബന്ധങ്ങളുടെ ബന്ധനങ്ങളൊഴിഞ്ഞ മൗഷ്മിയിലെ ബാവൂൽ മനസ് ത്രിലോകങ്ങളിലും പറന്നുല്ലസിച്ചു. വടക്കുകിഴക്കൻ ഭാരതഭൂവിലെ സപ്തസുന്ദര പ്രവിശ്യകളിലലഞ്ഞ് ഭഗവത് സംഗീത ലഹരിയിൽ ആടിപാടി നടന്നു. എത്രയെത്ര ഗുരുക്കന്മാർ. എത്രയെത്ര സമ്പ്രദായങ്ങൾ. എത്രയെത്ര ബാവൂൽ ഗ്രാമങ്ങൾ.. മൗഷ്മി ബാവൂലിന് മുന്നിൽ വിസ്മയ ലോകങ്ങളായിരുന്നു ആ ദിനങ്ങൾ തുറന്നിട്ടത്.
ശശാങ്കോ ഗോശായ് ബാബ, പ്രതിമ ബാറു, സലാവത് മഹാതോ തുടങ്ങിയ ഗുരുക്കന്മാരുടെ സവിധത്തിലഞ്ഞതോടെ ബാവൂലിന്റെ അഗാധതലങ്ങൾ മൗഷ്മിക്ക് ദൃശ്യമായി തുടങ്ങി. ഇക്കാലത്താണ് മൗഷ്മിക്ക് ഗുരുവരുളുണ്ടായത്. 'നിനക്ക് തണലാകാൻ ഭാരതാംബ ചിലങ്ക ചാർത്തിയിരിക്കുന്ന കണങ്കാൽ ഭൂമിയിൽ ഒരാൾ കാത്തിരിക്കുന്നു." ഗുരുക്കന്മാരിൽനിന്നും അശരീരിയായും മൗഷ്മി ബാവൂലിന്റെ കർണ്ണങ്ങളിൽ ആ ദേവധ്വനി പതിച്ചുകൊണ്ടേയിരുന്നു. ശാന്തിനികേതനിൽ പരിചയപ്പെട്ട, നൃത്തനാടകങ്ങളിൽ വിഡ്ഢിവേഷം കെട്ടി ഫലിതരംഗങ്ങൾ അവതരിപ്പിക്കുന്ന ഏറെ പ്രശസ്തനായ ഖാലിദ് തയ്യാബ്ജിയും അതാവർത്തിച്ചു. എത്രയും വേഗം കേരളത്തിലെത്തി ഇരിങ്ങാലക്കുട നടന കൈരളിയിലെ രവിഗോപാലിനെ കാണാൻ നിർദ്ദേശിച്ച ഖാലിദ് തയ്യാബ്ജി, മൗഷ്മിക്ക് രവിയുടെ വിലാസവും നൽകി.
രവിഗോപാൽ എന്ന സ്നേഹസാമീപ്യം
ഗുരുകാരണവന്മാരുടെ അനുഗ്രഹം വാങ്ങി ദക്ഷിണേശ്വരത്തേക്ക് പുറപ്പെട്ട മൗഷ്മി ബാവൂൽ വിന്ധ്യൻ കടന്ന് കർണാടകയിലെ ഹംബി മലനിരകളിലെത്തി. അവിടെ സിദ്ധാശ്രമങ്ങളും ദിവ്യക്ഷേത്രങ്ങളും സന്ദർശിച്ചുനടന്ന മൗഷ്മിക്കും ചില സന്യാസിശ്രേഷ്ഠന്മാരിൽ നിന്നും 'ഉടൻ കേരളത്തിലേക്ക് പുറപ്പെട്ടു" കൊള്ളാൻ സൂചന ലഭിച്ചു. വൈകാതെ കേരളത്തിൽ ഇരിങ്ങാലക്കുടയിലെ നടന കൈരളിയിലെത്തിയ മൗഷ്മിയെ കാത്ത് അവധൂതാവസ്ഥയിലൊരാൾ ഇരിപ്പുണ്ടായിരുന്നു. രവിഗോപാൽ. പാവക്കഥകളിക്ക് മുഖാവരണമൊരുക്കുന്നവനും കൂത്തിനും കൂടിയാട്ടത്തിനും മുഖച്ചാർത്തൊരുക്കുന്നവനും തെയ്യം, തിറ, പടയണി ഗവേഷകനുമായ ലോകമറിയുന്ന ശില്പി. നാടൻ കലകളുടെ ഉപാസകൻ.
തന്റെ ഗുരുനാഥൻ അബ്ദുൽ സലാം എന്ന അവധൂത തങ്ങളദ്ദേഹം യൗവനാരംഭത്തിൽ തന്നോട് മന്ത്രിച്ച 'നിന്നെത്തേടി ഒരു വംഗദേശ സുന്ദരി എത്തുമെന്ന ധ്വനി കാതിൽ മുഴങ്ങുന്ന കാലത്തായിരുന്നു മൗഷ്മി മുന്നിലണഞ്ഞത്. രവിയുടെയും മൗഷ്മിയുടെയും ഗുരുക്കന്മാർ ഏതോ ദേശങ്ങളിലിരുന്ന് ഏതോ കാലങ്ങളിൽ പറഞ്ഞ ഗുരുവരുളുകൾ യാഥാർത്ഥ്യരൂപം പൂണ്ട ധന്യമുഹൂർത്തമായി നടന കൈരളിയുടെ ആ പുലർകാലം. ആദ്യദൃഷ്ടിയിൽ തന്നെ അവരുടെ ആത്മാക്കളറിഞ്ഞു... ദേവനിശ്ചയം ഇതുതന്നെയാണ്. ഒന്നായി ചേർന്ന ആ ഹൃദയങ്ങൾ ഇരുപത്തിയേഴാം നാൾ വിധി പ്രകാരം വിവാഹിതരായി. രവിയുടെ നാവിൽ നിന്നും തന്നെ മൗഷ്മി, പാർവതിയായി. കേരളത്തിന്റെ സ്വന്തം മരുമകൾ... പാർവതി ബാവൂൽ.
ഈ മടക്കം അനിവാര്യം
പാർവതിയുടെ കലയും രവിയുടെ കഴിവും ഒന്നായി ലോക രാജ്യങ്ങളിലേക്ക് പറന്നു. സ്വിറ്റ്സർലാന്റ്, ജർമ്മനി, ഒാസ്ട്രേലിയ, ഫ്രാൻസ്, അമേരിക്ക തുടങ്ങി കലയെ മനുഷ്യർ വരിക്കുന്നിടങ്ങളിലെല്ലാം ബാവൂൽ സംഗീതമെത്തി. ഏകതാരയുടെ സ്വരവും ചിലങ്കയുടെ താളവും ചെറുമദ്ദളത്തിന്റെ ധ്വനിയും ദേവസംഗീതത്തോടൊപ്പം ജഗത്തിലും വിശ്വത്തിനും നിറഞ്ഞ നാളുകൾ... രണ്ടിലേറെ ദശാബ്ദങ്ങൾ...! ബംഗാളിലെ സനാഥൻ ആശ്രമത്തെ ഒരു ലോകോത്തര ബാവൂൽ- നാടൻ കലാപഠന ഗവേഷണ ആത്മീയ ധ്യാനകേന്ദ്രമാക്കുകയെന്നതാണ് ഇപ്പോഴത്തെ ആഗ്രഹം. നിലവിൽ എഴുപതിലേറെ ബാവൂൽ ഗായകരും പഠിതാക്കളും ഗവേഷകരും അവിടെ അന്തേവാസികളായുണ്ട്. മുതിർന്ന കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കാനായി ഒരു കലാശാല, വയോജനങ്ങൾക്കായി ഒരു സ്ഥിരതാമസസൗകര്യം, ലോകമെമ്പാടുനിന്നുമെത്തുന്നവർക്കായി ഒരു ഏകാന്തധ്യാനകേന്ദ്രം ഇതൊക്കെയാണ് പാർവതിയുടെ ഇനിയുള്ള സ്വപ്നങ്ങൾ. ഏകതാരയിൽ യാത്രയുടെ ഗൃഹാതുരത്വത്തോടെ രവിക്ക് ചാരത്തിരിക്കുന്ന പാർവതിയെന്ന ശില്പത്തെ, രവിയെന്ന ശില്പി നിർന്നിമേഷനായി നോക്കി പുഞ്ചിരിക്കുന്നു. ചെറുശബ്ദത്തിലദ്ദേഹം പറഞ്ഞു..' പാർവതിക്കിനിയും പറക്കാനുണ്ട്. ഒരുപാടു പടവുകൾ താണ്ടേണ്ടതുണ്ട്. പാർവതിയെ തേടി ലോകം ബാക്കിനിൽക്കുന്നു." നിശ്ചലനായി നിർവികാരനായി നിർവാണസുഖത്തിൽ ലയിക്കുന്ന രവിയോട് പാർവതി മന്ത്രിക്കുന്നുണ്ട്.... 'ഞാൻ തിരികെ വരും രവി... ഇനിയെത്ര ജന്മമുണ്ടെങ്കിലും നമുക്ക് പിരിയാനാവില്ലല്ലോ..."