കൊവിഡ് പ്രതിസന്ധിയിൽ ലോകമുലഞ്ഞതുപോലെ സിനിമാമേഖലയ്ക്കും തിരിച്ചടിയായി. തീയേറ്ററുകൾ അടഞ്ഞു, ഒ.ടി.ടി റിലീസിന് പ്രാധാന്യമേറി. ഇതായിരുന്നു പോയവർഷം സിനിമാലോകത്തുണ്ടായ മാറ്റം. പത്തുമാസത്തോളമായി അടഞ്ഞുകിടക്കുന്ന കേരളത്തിലെ തിയേറ്ററുകൾ എന്ന് തുറക്കാനാകുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.
തിയേറ്ററുകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കും (ഫിലിം എക്സിബിറ്റേഴ്സ് ഓർഗനൈസേഷൻ ഒഫ് കേരള), ഫിലിം ചേംബറും മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹം ഇതുവരെ മറുപടി നൽകിയിട്ടില്ല. ജനുവരി ആദ്യവാരത്തോടെ അനുകൂലമായ ഒരു തീരുമാനമുണ്ടാകുമെന്നാണ് തിയേറ്ററുടമകളുടെ പ്രതീക്ഷ.
2020 പടിയിറങ്ങുമ്പോൾ ആകെ 46 ചിത്രങ്ങൾ
2019 -ൽ 194 മലയാള ചിത്രങ്ങൾ റിലീസ് ചെയ്തിടത്ത് കഴിഞ്ഞവർഷം 45 ചിത്രങ്ങൾ മാത്രമാണ് റിലീസ് ചെയ്യാൻ കഴിഞ്ഞത്. ഇതിൽ നാല് ചിത്രങ്ങൾ ഒ.ടി.ടി പ്ളാറ്റ്ഫോമിലാണ് റിലീസ് ചെയ്തത്. 2019 ൽ സാമ്പത്തിക വിജയം നേടിയത് 16 ചിത്രങ്ങളായിരുന്നുവെങ്കിൽ 2020ൽ അത് ആറായി കുറഞ്ഞു. ലോക്ക് ഡൗൺ പിൻവലിച്ചതോടെ മലയാള സിനിമകളുടെയും ചിത്രീകരണം പുനരാരംഭിക്കുകയും പുതിയ ചിത്രങ്ങൾ തുടങ്ങുകയും ചെയ്തുകഴിഞ്ഞു. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 18ന് എറണാകുളത്ത് തുടങ്ങും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന ബി. ഉണ്ണിക്കൃഷ്ണന്റെ മോഹൻലാൽ ചിത്രമായ ആറാട്ട് ജനുവരി ആദ്യവാരം ഒറ്റപ്പാലത്തേക്ക് ഷിഫ്ട് ചെയ്യും. ഒരാഴ്ച എറണാകുളത്തും ആറാട്ടിന്റെ ചിത്രീകരണമുണ്ടാകും.മോഹൻലാൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജിത്തു ജോസഫിന്റെ ദൃശ്യം 2 ചിത്രീകരണം പൂർത്തിയാക്കി. പൃഥ്വിരാജ് നായകനാകുന്ന കുരുതി, ആസിഫ് അലി നായകനാകുന്ന എല്ലാം ശരിയാകും, കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഭീമന്റെ വഴി, ഫഹദ് ഫാസിൽ നായകനാകുന്ന ജോജി, ടൊവിനോ തോമസ് നായകനാകുന്ന സനൽകുമാർ ശശിധരൻ ചിത്രം എന്നിവയാണ് ചിത്രീകരണം പുരോഗമിക്കുന്ന മറ്റ് പ്രധാന ചിത്രങ്ങൾ. ബോബി - സഞ്ജയിന്റെ രചനയിൽ ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടിന്റെ ചിത്രീകരണം ജനുവരി മൂന്നാംവാരം തിരുവനന്തപുരത്ത് തുടങ്ങും
ഒ.ടി.ടി റിലീസ് തുടരും
തിയേറ്റർ റിലീസിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ചിത്രീകരണം പുരോഗമിക്കുന്ന പല സിനിമകളുടെയും നിർമ്മാതാക്കൾ ഒ.ടി.ടി റിലീസ് ചെയ്യാമെന്നാണ് കണക്ക് കൂട്ടുന്നത്. എന്നാൽ ഒ.ടി.ടി റിലീസുകളിൽ ഭൂരിഭാഗവും സാമ്പത്തിക നേട്ടമുണ്ടാക്കാത്തതിനാൽ ഒ.ടി.ടി പ്ളാറ്റ് ഫോമുകൾ വളരെ സൂക്ഷിച്ചേ പുതിയ സിനിമകൾ വാങ്ങുന്നുള്ളു.
തരംഗമായ അയ്യപ്പനുംകോശിയും
പോയവർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന് മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനം നിർവഹിച്ച അഞ്ചാം പാതിരയാണെങ്കിലും തരംഗം സൃഷ്ടിച്ചത് സച്ചിയുടെ 'അയ്യപ്പനും കോശി"യുമായിരുന്നു. യശഃശരീരനായ സച്ചി രചനയും സംവിധാനവും നിർവഹിച്ച ഈ പൃഥ്വിരാജ് -ബിജു മേനോൻ ചിത്രം ഇന്ത്യൻ സിനിമയിലെ ഇതരഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെടുകയാണ്.
അനൂപിന്റെ വമ്പൻ തുടക്കം
സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത സുരേഷ് ഗോപിയും ശോഭനയും ഉർവശിയും ദുൽഖർ സൽമാനും കല്യാണിയും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച വരനെ ആവശ്യമുണ്ട് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരമായി. ഇടവേളയ്ക്കു ശേഷം സുരേഷ്ഗോപിയും ശോഭനയും ജോടിയായി വന്നത് പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പ്രിയദർശന്റെ മകൾ കല്യാണിയുടെ അരങ്ങേറ്റം അവിസ്മരണീയമായിരുന്നു. അഖിൽ പോളും അനസ് ഖാനും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ടൊവിനോ തോമസ്- മംമ്ത മോഹൻദാസ് ചിത്രമായ ഫോറൻസിക്, അജയ് വാസുദേവ് സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം ഷൈലോക്ക് എന്നിവയാണ് പോയവർഷം തിയേറ്ററുകളിലെത്തിയവയിൽ ലാഭം കൊയ്ത ചിത്രങ്ങൾ. അല്ലു അർജ്ജുനും ജയറാമും പൂജാ ഹെഗ്ഡേയും തബുവും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച അല വൈകുണ്ഠ പുരമുലോ എന്ന മെഗാഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ മലയാളം ഡബ്ബിംഗ് പതിപ്പായ അങ്ങ് വൈകുണ്ഡപുരത്ത് സാമാന്യ വിജയം നേടി.
ഒ.ടി.ടിയിലെ ഹിറ്റുകൾ
സി യൂ സൂൺ, സൂഫിയും സുജാതയും മണിയറയിലെ അശോകൻ, ഹലാൽ ലവ് സ്റ്റോറി എന്നീ നാല് മലയാള ചിത്രങ്ങളാണ് പോയവർഷം ഒ.ടി.ടി പ്ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്തത്. ഇതിൽ സീ യൂ സൂൺ, സൂഫിയും സുജാതയും എന്നിവ വൻ വിജയമായി. മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിച്ച സീ യൂ സൂണിൽ ഫഹദ് ഫാസിലും റോഷൻമാത്യുവും ദർശന രാജേന്ദ്രനുമാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. യശഃശ്ശരീരനായ ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്ത സൂഫിയും സുജാതയിൽ ജയസൂര്യ, അദിതി റാവു, ദേവ് മോഹൻ എന്നിവരാണ് പ്രധാന താരങ്ങൾ.
മാസ്റ്റർ വരുന്നു
വിജയ്യും വിജയ് സേതുപതിയും ഒന്നിക്കുന്ന ലോകേഷ് കനകരാജിന്റെ മാസ്റ്റർ പൊങ്കലിന് രാജ്യവ്യാപകമായി റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ കേരള റൈറ്റ് ഐ.എം.പി ഫിലിംസും മാജിക്ക് ഫ്രെയിംസും ചേർന്ന് എട്ട് കോടി രൂപയ്ക്കാണ് വാങ്ങിയിരിക്കുന്നത്. മാസ്റ്ററിന്റെ റിലീസിന് മുൻപേ കേരളത്തിലെ തിയേറ്ററുകൾ തുറക്കാനായില്ലെങ്കിൽ വിതരണക്കാർക്കും തിയേറ്ററുടമകൾക്കും അത് വലിയ തിരിച്ചടിയാകും. കേരളത്തിലും വലിയ ആരാധകവൃന്ദമുള്ള രണ്ട് വൻ താരങ്ങൾ ആദ്യമായി ഒന്നിക്കുന്ന മാസ്റ്റർ തമിഴിന് പുറമെ ഹിന്ദി, തെലുങ്ക് ഭാഷകളിലെല്ലാം ഡബ് ചെയ്യുന്നുണ്ട്.