കൗമാരം കമ്മ്യൂണിസത്തിൽ ആവേശം കൊള്ളിച്ച കാലം. വാടകവീട്ടിലെ അരണ്ട വെളിച്ചത്തിൽ അവൾ വായിച്ചതൊക്കെയും നല്ല നാളെകളുടെ ശുഭപ്രതീക്ഷകളെ കുറിച്ചായിരുന്നു. യൗവനത്തിലും അവൾ ആ ആദർശങ്ങൾക്കൊപ്പം സഞ്ചരിച്ചു. കളി പറഞ്ഞും കൂട്ടുകൂടിയും ഒട്ടും നേരം കളഞ്ഞില്ല. നാടും നഗരവും പഠിച്ചു. പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും മനസറിഞ്ഞു. കമ്യൂണിസം ജീവിതതത്വവും പൊതുപ്രവർത്തനം ജീവിതത്തിന്റെ ഭാഗവുമാക്കി മാറ്റി. മുന്നിലെത്തിയ പ്രതിസന്ധികളെ ഒരു പുഞ്ചിരിയുടെ പക്വതയോടെ നേരിട്ടു. ആ നേരു കൊണ്ടാകാം കാലം അവളെ തിരുവനന്തപുരം മേയറായി വളർത്തിയത്. ഇരുപത്തിയൊന്നു വയസുകാരിയുടെ പക്വതയ്ക്കപ്പുറം അവൾ നിലകൊള്ളുന്നത് സ്വന്തം അനുഭവങ്ങൾക്കൊണ്ടും ആദർശങ്ങൾകൊണ്ടുമാണ്. ആര്യയിലേക്ക് മലയാളിയെ ഇന്ന് ആകർഷിക്കുന്നത് പ്രായത്തേക്കാൾ മുന്നിട്ടു നിൽക്കുന്ന ആ പക്വത തന്നെ.തിരുവനന്തപുരം ആൾസെന്റ്സ് കോളജിലെ രണ്ടാം വർഷ ഗണിതശാസ്ത്ര ബിരുദ വിദ്യാർത്ഥിനിയായ ആര്യാ രാജേന്ദ്രന്റെ സിവിൽ സർവീസ് സ്വപ്നങ്ങളിലേക്ക് അപ്രതീക്ഷിതമായുണ്ടായ വഴിത്തിരിവ് തന്നെയാണ് പുതിയ സ്ഥാനം. ജനിച്ചു വളർന്ന നാടിനെ സേവിക്കാനുള്ള അവസരത്തെ ഫലപ്രദമായി എങ്ങനെ വിനിയോഗിക്കാം എന്ന ചിന്തകളിലും പഠനങ്ങളിലുമാണ് ഇപ്പോൾ തിരുവനന്തപുരം മേയർ. ആര്യയുടെ വരവ് ഭരണസിരാകേന്ദ്രങ്ങളിലേക്കുള്ള നേതൃസ്ഥാനത്തേക്ക് കൂടുതൽ ചെറുപ്പക്കാരുടെ പങ്കാളിത്വത്തിനും കാരണമായി. ചരിത്രത്തിൽ ആര്യ അങ്ങനെയും ഇടം നേടി.
ആര്യ രാജേന്ദ്രൻ എന്ന ഞാൻ...
ഇലക്ട്രീഷ്യനായ അച്ഛൻ രാജേന്ദ്രന്റെ കമ്യൂണിസ്റ്റ് ചിന്തകൾ കേട്ടു വളർന്നതുകൊണ്ടാകാം ആര്യയുടെ മനസിലും പതിയെ അത് നാമ്പിട്ടത്. വായനയിലൂടെ വളർന്ന തന്റെ കാഴ്ചപ്പാടുകളോടൊപ്പം ചേർന്നു നിൽക്കുന്നത് കമ്യൂണിസമെന്ന് തോന്നിയതോടെ ആ വഴിയെ സഞ്ചരിക്കാനുള്ള തീരുമാനം പിന്നെ വൈകിയില്ല. വഴുതക്കാട് കാർമൽ സ്കൂളിലെ പഠനകാലത്തും കോട്ടൺഹിൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു പഠനകാലയളവിലും വിദ്യാർത്ഥികളെ അടുത്തറിയാനും അവരുടെ പ്രശ്നങ്ങളിൽ ഇടപെടാനും മുന്നിട്ടിറങ്ങി. തുടർന്ന് ബാലസംഘവും എസ്.എഫ്.ഐയും കേന്ദ്രീകരിച്ചായി ആര്യയുടെ പ്രവർത്തനങ്ങൾ. ഒടുവിൽ ആര്യയുടെ സംഘാടനമേന്മ, ബാലസംഘം സംസ്ഥാന അധ്യക്ഷസ്ഥാനവും അലങ്കരിച്ചു. സ്കൂൾ പഠനകാലയളവിൽ നടി എന്ന നിലയിലും ആര്യ തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. സ്കൂൾ കലോത്സവത്തിനോട് അനുബന്ധിച്ചു നടക്കുന്ന നാടകങ്ങളിൽ എല്ലാ വർഷവും പങ്കെടുത്തിരുന്നു. ഇതേ സമയം സ്കൂൾ ബാൻഡിനെ മുന്നിൽ നിന്നു നയിച്ചതും ആര്യ തന്നെ.
തിരഞ്ഞെടുപ്പ് കളത്തിൽ
ചില ആവശ്യങ്ങൾക്കായി വന്നു പോയിട്ടുണ്ടെങ്കിലും തിരുവനന്തപുരം കോർപ്പറേഷനുമായി ആര്യയ്ക്ക് അത്ര വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. പ്രളയകാലത്ത് യുവജനങ്ങളുടെ നേതൃത്വത്തിലുള്ള കളക്ഷൻ കേന്ദ്രം അവിടെയായിരുന്നു. അന്ന് വോളന്റിയറായി പ്രവർത്തിച്ചപ്പോഴാണ് കോർപ്പറേഷനെ കൂടുതൽ അടുത്തറിയുന്നത് തന്നെ. തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ആ വഴി നടന്നു പോകുമ്പോഴും ആര്യ അറിഞ്ഞിരുന്നില്ല.
കാലം കാത്തുവച്ചിരുന്ന പദവി
പാർട്ടി എന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമ്പോൾ വിജയം മാത്രമായിരുന്നു എന്റെ മുന്നിൽ. തിരുവനന്തപുരത്ത് ചെറുപ്പക്കാരെ കൂടുതലായി മത്സരരംഗത്ത് ഇറക്കിയപ്പോൾ എന്നെയും പരിഗണിക്കുകയായിരുന്നു. പൊതു പ്രവർത്തന രംഗത്ത് സജീവമായിരുന്നതുകൊണ്ട് ഇവിടെയുള്ള എല്ലാവരുമായി നല്ല അടുപ്പമാണ്. ഔപചാരികതകൾ ഒന്നുമില്ലാതെ എല്ലാവരും സ്നേഹിച്ചു, സ്വീകരിച്ചു. ബാലസംഘത്തിന്റെ പ്രവർത്തകയായിരുന്നതിനാൽ കുട്ടികളോടൊക്കെ വലിയ അടുപ്പമാണ്. വോട്ടുതേടി വീടുകളിൽ പോകുമ്പോൾ ആദ്യം എന്നെ സ്വീകരിക്കുന്നതും അവരായിരുന്നു. കുട്ടികൾക്ക് വോട്ടവകാശം ഉണ്ടായിരുന്നെങ്കിൽ അവരുടെ ആര്യ ചേച്ചിയുടെ ഭൂരിപക്ഷം ഇതിലും വർദ്ധിച്ചേനെ എന്ന് ചിലരൊക്കെ തമാശയായി എങ്കിലും പറയാറുണ്ട്.
യുവാക്കൾ ഭരിക്കട്ടെ
യുവാക്കൾ ഭരണകർത്താക്കളാകുമ്പോൾ പലരും വിമർശനത്തോടെയാണ് കാണുന്നത്. കൃത്യമായ തീരുമാനങ്ങളെടുക്കാൻ അവർക്കും കഴിവുണ്ട്. അതിനെ കണ്ടില്ലെന്ന് നടിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. സ്വന്തമായി തീരുമാനം എടുക്കാൻ ഒരാളെ പ്രാപ്തയാക്കുന്ന പ്രസ്ഥാനമാണ് ഇടതുമുന്നണി. എന്നെ സംബന്ധിച്ച് സ്വന്തമായ തീരുമാനങ്ങൾ എടുക്കേണ്ട ഘട്ടമുണ്ടായാൽ എടുക്കുക തന്നെ ചെയ്യും. അതു തന്നെയാണ് എനിക്കുള്ള പാർട്ടി നിർദേശവും. കൂട്ടായ സമവായങ്ങളിലൂടെ ഒന്നിച്ചുള്ള ഭരണമാണ് ഞാൻ ആഗ്രഹിക്കുന്നത്. അപരിചിതമായ വിഷയങ്ങൾ കൂട്ടായ ചർച്ചകളിലൂടെ മാത്രമേ തീരുമാനിക്കുകയുള്ളു. അതിൽ മറ്റു രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തുക തന്നെ ചെയ്യും. വികസനത്തിനും, കാഴ്ചപ്പാടിനും പ്രായമല്ലല്ലോ പ്രധാനം. ചെയ്യുന്ന, നടപ്പാക്കുന്ന പ്രവർത്തിയിലല്ലേ കാര്യം. പ്രായം കൊണ്ട് എല്ലാ അനുഭവവും കിട്ടുമെന്നും കരുതാൻ ആവില്ലല്ലോ.
നഗരം ഇനിയും വളരണം
നഗരത്തിന്റെ വികസനം ഒരു ദിവസംകൊണ്ട് ചെയ്തു തീർക്കാൻ പറ്റുന്നതോ അല്ലെങ്കിൽ പെട്ടെന്ന് അവസാനിപ്പിക്കാൻ കഴിയുന്നതോ അല്ലല്ലോ. കാലഘട്ടത്തിനു അനുസരിച്ച കാഴ്ചപ്പാടുകളോടു കൂടിയ വികസനമാണ് ഇനി ആവശ്യം. മാലിന്യ സംസ്കരണം തന്നെയാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. അതുമായി ബന്ധപ്പെട്ട് വലിയ ക്യാമ്പെയിനുകൾ നമുക്ക് നടത്തേണ്ടതുണ്ട്. പൊതുജന പങ്കാളിത്തത്തോടെ നടത്തുന്ന അത്തരം മുന്നേറ്റങ്ങളിലൂടെ മാത്രമേ നമുക്ക് അതിന് പരിഹാരം കണ്ടെത്താൻ കഴിയൂ. സ്ത്രീ സുരക്ഷയിൽ നമ്മുടെ നഗരത്തെ മാതൃകയാക്കാൻ കഴിയുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്. വിദേശീയരടക്കം നിരവധി സത്രീകൾ വന്നു പോകുന്ന നഗരമാണ് നമ്മുടേത്. തുറിച്ചു നോട്ടങ്ങളില്ലാതെ നടക്കുവാൻ നമ്മുടെ സ്ത്രീകൾക്കു കഴിയണം. പൊതുജന പങ്കാളിത്തത്തോടെ അതിനു വേണ്ടി നൂതനമായ പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. ആരോഗ്യ കേന്ദ്രങ്ങളാണ് മറ്റൊരു ലക്ഷ്യം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നിലവാരം ഉയർത്തും. അതോടൊപ്പം പ്രകൃതി സംരക്ഷണത്തിന് പ്രത്യേക പരിഗണന നൽകും. ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ മരങ്ങൾ വച്ചു പിടിപ്പിക്കും. വീടുകളിലേക്ക് ഫല വൃക്ഷത്തൈകൾ എത്തിച്ചു നൽകും. ബാലസംഘത്തിന്റെ പ്രവർത്തന കാലയളവ് മുതൽ മനസിലുണ്ടായിരുന്ന നിരവധി പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്കു വേണ്ടി നടപ്പാക്കണം എന്നുണ്ട്. സ്കൂളുകളിലേക്ക് എത്തുന്ന കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും. കുട്ടികളെ മുഖ്യധാരയിലേക്ക് കൂടുതൽ എത്തിക്കുവാൻ നമുക്ക് കഴിയണം.
പഠനവും ഭരണവും
പഠനവും ഭരണവുമൊക്കെ ഒന്നിച്ചു കൊണ്ടു പോകണം എന്നു തന്നെയാണ് ആഗ്രഹം. കലാലയ ജീവിതവും സൗഹൃദങ്ങളുമൊക്കെ ചേർത്തു നിർത്തണം. എന്നെ സംബന്ധിച്ചിടത്തോളം എനിക്കിത് വലിയൊരു അവസരമാണ്. ഉത്തരവാദിത്തങ്ങൾക്കു വലിയ പ്രാധാന്യം കൊടുക്കുക തന്നെ ചെയ്യും. എൻജിനിയറിംഗ് പഠനം പാതി വഴിയിൽ ഉപേക്ഷിച്ചാണ് ബി.എസ് സി ഗണിത വിദ്യാർത്ഥിനി ആയത്. എല്ലാവരും ചാക്കോമാഷല്ല എന്ന് തെളിയിച്ച അദ്ധ്യാപകരാണ് തൃശൂർ സ്വദേശിയായ ബാലേഷ് സാറും സുരേഷ് സാറും. ഒന്നു ചിന്തിച്ചാൽ ഗണിതം എളുപ്പമാണെന്ന് പറഞ്ഞു തന്നവരാണ് ഇവർ. ഗണിതത്തിലേക്ക് തന്നെ അടുപ്പിച്ചതും ഇവർ തന്നെ. പബ്ലിക് അഡ്മിനിസ്ട്രേഷനിൽ എം.ബി.എ എടുക്കണം എന്ന് ആഗ്രഹവും ഉണ്ട്. അച്ഛൻ കെ. രാജേന്ദ്രൻ ഇലക്ട്രീഷ്യനാണ്. അമ്മ ശ്രീലത എൽ.ഐ.സി ഏജന്റ്, സഹോദരൻ അരവിന്ദ് വിദേശത്താണ്.